13 May Thursday

രാഷ്ട്രീയ ക്രിമിനലുകള്‍ക്കൊപ്പം ചേര്‍ന്ന് മനോരമ വ്യാജവാര്‍ത്ത നല്‍കുന്നു: മന്ത്രി ജി സുധാകരന്‍

വെബ് ഡെസ്‌ക്‌Updated: Sunday Apr 11, 2021

ആലപ്പുഴ > രാഷ്ട്രീയ ക്രിമിനലുകള്‍ക്കൊപ്പം ചേര്‍ന്ന് മനോരമ പത്രം തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ നല്‍കുകയാണെന്ന് മന്ത്രി ജി സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അമ്പലപ്പുഴ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് അവസാന നിമിഷം വരെ വിട്ടുനിന്നുവെന്ന് വരെ തെറ്റായ വാര്‍ത്ത നല്‍കി. തന്റെ പ്രവര്‍ത്തനത്തെ, സേവനത്തെ ഇല്ലാതാക്കാന്‍ രാഷ്ട്രീയ ക്രിമിനലുകള്‍ ശ്രമിക്കുന്നു. അത്തരം ക്രിമനലുകള്‍ നാടിനെ അപകടത്തിലാക്കുകയാണ്. പരസ്യമായി രംഗത്തു വന്ന അവരുടെ പ്രവര്‍ത്തനം ആലപ്പുഴയില്‍ കൂടിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ  പോരാടും-- അദ്ദേഹം പറഞ്ഞു. 

രാഷ്ട്രീയ ക്രിമിനലുകളുടെ സഹായത്തോടെ സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് മനോരമ. ജില്ലാ ബ്യൂറോയാണ് അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ ചമയ്ക്കുന്നത്. മനോരമയിലെ ഉന്നതരെ ഇക്കാര്യം അറിയിച്ചിട്ടും സത്യവിരുദ്ധവും അപകീര്‍ത്തികരവുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നു. മനസാക്ഷിയില്ലാതെയാണ് വാര്‍ത്ത കൊടുക്കുന്നത്. പെയ്ഡ് റിപ്പോര്‍ട്ടുപോലെയാണ് ഇവ വരുന്നത്. ആറുമാസമായി ഈ പ്രവര്‍ത്തനം തുടങ്ങിയിട്ട്. അടുത്ത നാളിലാണ് വര്‍ധിച്ചത്.

തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഐ എമ്മില്‍ വിവാദം  എന്ന് പറഞ്ഞ് മനോരമ തെറ്റായ വാര്‍ത്ത നല്‍കി. സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ചില നേതാക്കള്‍ ഇടപെട്ടുവെന്ന്പാര്‍ടി ജില്ലാ സെക്രട്ടറിയറ്റില്‍ ആരോപണം  ഉയര്‍ന്നുവെന്നാണ് വാര്‍ത്ത. പാര്‍ടി അംഗത്വ പരിശോധന മാത്രമേ സെക്രട്ടറിയറ്റില്‍ നടന്നിട്ടുള്ളൂ. എന്നിട്ടും വ്യാജ വാര്‍ത്ത വരുന്നു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടാഴ്ചക്കകം നാലു വാര്‍ത്തയാണ് മനോരമ നല്‍കിയത്. എല്‍ഡിഎഫ് നേതാക്കള്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണമുണ്ടെന്ന് പറയുന്നു. ആരാണ് ആരോപണം ഉന്നതിച്ചതെന്ന് വെളിപ്പെടുത്തണം. ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ അപ്പോള്‍തന്നെ കിട്ടാന്‍  പാര്‍ടി ജില്ലാ സെക്രട്ടറിയറ്റില്‍നിന്ന് മൈക്ക് വച്ചിട്ടുണ്ടോ മനോരമയിലേക്ക്. സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍  കീറി ഒട്ടിച്ചുവെന്ന് വരുത്തിത്തീര്‍ക്കുന്നു.

ഇത്തരം തെറ്റായ വിവരങ്ങള്‍ ആര് നല്‍കിയെന്ന് മനോരമ വെളിപ്പെടുത്തണം. എഴുതിയ ലേഖകനെതിരെ  മനോരമ നടപടി സ്വീകരിക്കണം. മറ്റ് പത്രങ്ങള്‍ എന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനത്തെക്കുറിച്ച് വാര്‍ത്ത കൊടുത്തിട്ടുണ്ട്. ഞാന്‍ അഴിമതി വല്ലതും കാണിച്ചിട്ടാണോ എന്നെ അപകീര്‍ത്തിപ്പെടുത്താന്‍  ശ്രമിക്കുന്നത്. രാഷ്ട്രീയ ക്രിമിനലുകള്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ കൂട്ടുനില്‍ക്കരുത്- സുധാകരന്‍ പറഞ്ഞു.

അമ്പലപ്പുഴയില്‍ മാത്രം പ്രസംഗിച്ചത് 65 യോഗങ്ങളില്‍

ആലപ്പുഴ > തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താന്‍ സജീവമല്ലെന്ന് കാണിച്ച് പിണറായി വിജയന് മൂന്ന് തവണ പരാതി പോയെന്ന് മനോരമ കള്ളവാര്‍ത്ത നല്‍കിയെന്ന്  മന്ത്രി ജി സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ. വി മോഹന്‍ദാസിനും സെക്രട്ടറി അഡ്വ.  കെ പ്രസാദിനും ഈ പരാതികളെക്കുറിച്ച് അറിയില്ല. സംസ്ഥാന നേതാവ് പ്രചാരണത്തിന്റെ അവസാനം വരെ വിട്ടുനിന്നുവെന്ന് വാര്‍ത്ത കൊടുത്തു. സുധാകരന്‍ വേണ്ടത്ര പ്രവര്‍ത്തിക്കുന്നില്ല, വിശ്രമിക്കുകയാണ് എന്നുവരെ വ്യാജ വാര്‍ത്ത നല്‍കി. എന്നാല്‍ 65 യോഗങ്ങളിലാണ് അമ്പലപ്പുഴയില്‍ മാത്രം താന്‍ പ്രസംഗിച്ചതെന്ന് അറിയാമോയെന്നും അദ്ദേഹം ചോദിച്ചു. 

'ഒരാഴ്ച മറ്റ് സ്ഥലങ്ങളില്‍ പ്രചാരണത്തിന് പോകാനാണ് പാര്‍ടി സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ചത്. അഞ്ചു ദിവസമേ ഞാന്‍ പോയുള്ളൂ. 14 യോഗങ്ങളില്‍ സംസാരിച്ചു. അമ്പലപ്പുഴയില്‍ 19 മേഖലാ യോഗങ്ങള്‍ ചേര്‍ന്നു. 38 മണിക്കൂറാണ് യോഗങ്ങള്‍ക്കായി വിനിയോഗിച്ചത്. പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി യോഗം രണ്ടുതവണ ചേര്‍ന്നു. എന്നിട്ടും താന്‍ പ്രവര്‍ത്തിച്ചില്ലെന്ന് വാര്‍ത്ത കൊടുക്കുന്നു. പ്രചാരണത്തില്‍ അവസാനം വരെ പ്രവര്‍ത്തിച്ച തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരം വാര്‍ത്തകള്‍ നല്‍കിയത്. പോസ്റ്റര്‍ അടിച്ചതിനെക്കുറിച്ചു വരെ ദുരുദ്ദേശത്തോടെ വാര്‍ത്ത നല്‍കുന്നു.സിപിഐ എമ്മില്‍ കുഴപ്പമുണ്ടെന്ന് വരുത്താന്‍ മനപ്പൂര്‍വമായ ശ്രമമാണ് രാഷ്ട്രീയ ക്രിമിനലുകള്‍ നടത്തിയത്- സുധാകരന്‍  പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top