06 October Sunday
നിപാ ഫലമറിയാം ; മഞ്ചേരിയിലും വൈറോളജി ലാബ്

മഞ്ചേരി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ് തുറന്നു ; ആശുപത്രിയിൽ നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024


മഞ്ചേരി
ജില്ലയിൽ നിപാബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് തുറന്നു. വെന്റിലേറ്റർ സൗകര്യത്തോടെ 30 കിടക്കകളും ഒരുക്കിയിട്ടുണ്ട്. നിപാ ബാധിച്ച് മരിച്ച യുവാവിന്റെ ബന്ധുക്കളായ 10 പേര്‍ ഇവിടെ നിരീക്ഷണത്തിലാണ്. പേവാർഡ് ബ്ലോക്കാണ് ഐസൊലേഷൻ വാർഡാക്കിയത്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന രോഗികളെ മാറ്റി. പുരുഷ വാർഡ് ഐസിയുവാക്കിയും ക്രമീകരിച്ചു. കൂടുതൽ രോഗികൾ എത്താനിടയായാൽ കൂടുതൽ കിടക്കകള്‍ ഒരുക്കാനും നിർദേശമുണ്ട്. ലക്ഷണങ്ങളുമായി ചികിത്സതേടുന്നവരെ നിരീക്ഷിക്കാനും സ്രവം പരിശോധിക്കാനും ട്രയേജ് സംവിധാനം ഒരുക്കി.

നിപാ സാന്നിധ്യമുണ്ടായ മേഖലയിൽനിന്ന് എത്തുന്നവരെയും മരിച്ച യുവാവുമായി രണ്ടാംസമ്പർക്കത്തിലുള്ളവരെയും പരിചരിക്കുന്നതിനാണ് ട്രയേജ് സംവിധാനം ഏർപ്പെടുത്തിയത്. രോഗിയുടെ ശരീര താപനില, ഓക്‌സിജൻ ലെവൽ, രക്തസമ്മർദം തുടങ്ങിയ വിവരങ്ങൾ ആദ്യം രേഖപ്പെടുത്തും. നഴ്‌സിങ് സൂപ്രണ്ടോ അത്യാഹിത വിഭാ​ഗം ഹെഡ് നഴ്‌സോ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്‌സിനോ ആയിരിക്കും ഇതിന്റെ ചുമതല. പ്രത്യേക മെഡിക്കൽ ബോർഡും രൂപീകരിച്ചു. ഡോ. നിഖിൽ വിനോദാണ്‌ നോഡൽ ഓഫീസർ. ജീവനക്കാർക്ക് പരിശീലനം നൽകി. ആശുപത്രിയിൽ നിയന്ത്രണങ്ങൾ കർശനമാക്കും. രോഗിക്കൊപ്പം ഒരു കൂട്ടിരിപ്പുകാരനേ അനുവദിക്കൂ. പാസ് മുഖേന ഒരുമണിക്കൂറാണ് സന്ദര്‍ശന സമയം.

നിപാ ഫലമറിയാം ; മഞ്ചേരിയിലും വൈറോളജി ലാബ്
മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടെ ബയോ സേഫ്റ്റി ലെവൽ- 2 വൈറോളജി ലാബ് (വിആർഡിഎൽ) പ്രവർത്തനസജ്ജമായി. നിപാ ബാധയേറ്റ് മരിച്ച വണ്ടൂർ നടുവത്ത് സ്വദേശിയായ യുവാവിന്റെ ബന്ധുക്കളായ 10 പേരുടെ സ്രവസാമ്പിളുകൾ പരിശോധിച്ചാണ് ലാബിന്റെ പ്രവർത്തനം തുടങ്ങിയത്. ഇവർ പ്രത്യേക വാർഡിൽ നിരീക്ഷണത്തിലാണ്. സാമ്പിളുകള്‍ മഞ്ചേരിയില്‍ തന്നെ പരിശോധിക്കുന്നത്
രോ​ഗം നേരത്തെ കണ്ടെത്താനും മൂർഛിക്കുന്നതിനുമുമ്പ് വിദ​ഗ്ധ ചികിത്സ നൽകാനും സഹായകമാകും. പ്രാഥമിക പരിശോധനയിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയാൽ സൂക്ഷ്മപരിശോധനയ്ക്കായി പുണെ വൈറോളജി ലാബിലേക്കയക്കാനാണ് നിർദേശം.

ജില്ലയിൽ വൈറസ്ബാധ മൂലമുള്ള രോഗങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ലാബ് നിർമാണത്തിന്‌ സംസ്ഥാന സർക്കാർ 1.96 കോടി രൂപ അനുവദിച്ചിരുന്നു. അവസാനഘട്ട നിർമാണം അടിയന്തരമായി പൂർത്തിയാക്കാനും നിർദേശമുണ്ട്. അക്കാദമിക് കെട്ടിടത്തിലെ ആർടിപിസിആർ ലാബിനോടുചേർന്നാണ് പുതിയ ലാബ് സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) അംഗീകാരവുമുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരും ആധുനിക ഉപകരണങ്ങളും കണ്ടെയ്ൻമെന്റ് സൗകര്യവുമുണ്ട്. സയന്റിസ്റ്റ്, നോൺ മെഡിക്കൽ സയന്റിസ്റ്റ്, റിസർച്ച് അസിസ്റ്റന്റ്, ലാബ് ടെക്‌നീഷ്യൻ എന്നിവരുൾപ്പെടെ ഏഴ് ജീവനക്കാരെയാണ്‌ നിയമിച്ചത്‌. രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാലുവരെ സാമ്പിളുകള്‍ സ്വീകരിക്കും. അടിയന്തര പ്രാധാന്യമുള്ളവ ഉടൻ പരിശോധിച്ച് നൽകും.

തിരുവാലിയിൽ 
പ്രാദേശിക നിയന്ത്രണം
തിരുവാലി പഞ്ചായത്തിൽ നടുവത്ത് ശാന്തിഗ്രാമത്തിൽ നിപാ ബാധിച്ച് യുവാവ് മരിച്ച പശ്ചാത്തലത്തില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കലക്ടര്‍ വി ആര്‍ വിനോദ് ഉത്തരവിറക്കി. തിരുവാലി പഞ്ചായത്തിലെ പടകളിപ്പറമ്പ്, നടുവത്ത്,  എ കെ ജി നഗർ, കണ്ടമംഗലം വാര്‍ഡുകളും മമ്പാട് പഞ്ചായത്തിലെ കാട്ടുമുണ്ട വാർഡുകളിലുമാണ് നിയന്ത്രണം. ഇവിടെ പൊതുജനങ്ങൾ കൂട്ടംകൂടുന്നത് ഒഴിവാക്കണം. കടകളുടെ പ്രവർത്തനം രാവിലെ 10മുതൽ രാത്രി ഏഴുവരെമാത്രം. പാൽ, പത്രം, പച്ചക്കറി എന്നിവയ്ക്ക് രാവിലെ ആറുമുതൽ പ്രവർത്തിക്കാം. മെഡിക്കൽ സ്റ്റോറുകൾക്ക് നിയന്ത്രണം ബാധകമല്ല. സ്കൂളുകൾ, കോളേജുകൾ, മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവ പ്രവർത്തിക്കരുത്. ജനങ്ങള്‍ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. വിവാഹം, മരണം, ആഘോഷങ്ങൾ എന്നിവയിൽ പരമാവധി ആളുകളെ കുറയ്ക്കണം. പനി, ഛർദി, മറ്റ് അസ്വസ്ഥതകൾ എന്നിവയുണ്ടായാൽ സ്വയംചികിത്സ നടത്താതെ ഡോക്ടറുടെ ഉപദേശം സ്വീകരിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top