20 September Friday

മായാതെ മാഞ്ഞാലിയുടെ മധുരം

ശ്രീരാജ് ഓണക്കൂർUpdated: Wednesday Sep 11, 2019


കൊച്ചി
അരി, ഏത്തപ്പഴം, പൈനാപ്പിൾ, അത്തിപ്പഴം മുതൽ പച്ചമുളക് കൊണ്ടുള്ള ഹൽവവരെ ഇവിടെ ഏതു കടകളിലും കിട്ടും. സ്ഥലത്തിന്റെ പേര് മാഞ്ഞാലി. കഴിഞ്ഞ മഹാപ്രളയത്തിൽ ഇവിടത്തെ ഹൽവ കടകളിൽ വെള്ളം കയറിയില്ല. പക്ഷേ ചുറ്റുമുള്ള സ്ഥലങ്ങൾ എല്ലാം വെള്ളത്തിൽ. ഹൽവ വിൽക്കാനാകാത്ത അവസ്ഥ. പല വ്യാപാരികൾക്കും 2-3 ലക്ഷം രൂപയുടെ നഷ്ടം. ഉടൻ വ്യാപാരികൾ ആലോചിച്ച്‌ തീരുമാനമെടുത്തു. ഹൽവയും മധുര പലഹാരങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യുക. 

പ്രളയത്തിന്റെ നടുക്കുന്ന ഓർമകൾക്ക് വിട പറഞ്ഞു മാഞ്ഞാലിയിലെ ഹൽവ വിപണി ഇത്തവണ വീണ്ടും ഉണർന്നു. 50 വർഷം മുമ്പ്‌ അബ്ദുൽ ഖാദർ എന്ന മാഞ്ഞാലിക്കാരൻ  തമിഴ്‌നാട്ടിൽ പോയി ഹൽവ നിർമാണം പഠിച്ചു തിരിച്ചെത്തി. ഇദ്ദേഹത്തിൽനിന്ന്‌ ഹൽവയുടെ മധുരക്കൂട്ട്‌ പഠിച്ചവരാണ്‌ പിന്നീട് മാഞ്ഞാലിയിൽ  കടകൾ ആരംഭിച്ചത്. കിലോയ്ക്ക് 100 രൂപ മുതൽ 240 വരെയുള്ള ഹൽവകൾ ഇത്തവണ ഒരുക്കിയിട്ടുണ്ടെന്ന് ഷംസൂസ് മാഞ്ഞാലി ഹൽവ സ്റ്റാളിലെ എം എസ് ഷിയാസ് പറയുന്നു. സൂചി ഗോതമ്പും അത്തിപ്പഴവുമാണ് ഇത്തവണത്തെ സ്പെഷ്യലുകൾ.

അത്തിപ്പഴത്തിന്റെ ഹൽവയ്ക്കു കിലോയ്ക്ക് 160 രൂപ. സൂചി ഗോതമ്പ് ഹൽവയ്ക്കു  240 രൂപയും. സമീപ ജില്ലകൾ മുതൽ ആൻഡമാൻ ദ്വീപിലേക്കുവരെ മാഞ്ഞാലി ഹൽവകൾ എത്തിയിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top