മനോരമ പ്രതിയാക്കി; നടൻ മണികണ്‌ഠൻ നിയമനടപടിക്ക്
കൊച്ചി
അനധികൃത സ്വത്തുസമ്പാദന കേസിലെ പ്രതിയാക്കി തന്റെ ചിത്രം തെറ്റായി പ്രസിദ്ധീകരിച്ചതിന് മലയാള മനോരമ പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടൻ മണികണ്‌ഠൻ ആചാരി. അനധികൃതമായി സ്വത്തുസമ്പാദിച്ചതിന് കാസർകോട് സ്വദേശിയും ഒറ്റപ്പാലം സബ് ആർടി ഓഫീസിലെ അസി. എംവിഐയുമായ കെ മണികണ്‌ഠൻ എന്ന നടൻ അറസ്‌റ്റിലായതിന്റെ വാർത്തയോടൊപ്പമാണ് മണികണ്‌ഠൻ ആചാരിയുടെ ചിത്രം തെറ്റായി നൽകിയത്.
ജീവിതത്തിൽ ഇതുവരെ ചീത്തപ്പേര് കേൾപ്പിച്ചിട്ടില്ലാത്ത തനിക്ക് മനോരമ വാർത്ത എളുപ്പത്തിൽ ചീത്തപ്പേരുണ്ടാക്കി തന്നെന്ന് മണികണ്‌ഠൻ ആചാരി ഫെയ്‌സ്‌ബുക് പേജിൽ വീഡിയോയിലൂടെ പ്രതികരിച്ചു. ചിത്രം തെറ്റായി നൽകിയതിന്റെ പേരിൽ സിനിമയിൽ എത്ര അവസരങ്ങൾ നഷ്ടപ്പെടുമെന്ന് അറിയില്ല. തമിഴ് സിനിമയുടെ പ്രൊഡക്‌ഷൻ കൺട്രോളർ ഫോണിൽ വിളിച്ചപ്പോഴാണ് മനോരമയിൽ വന്ന പിശകിനെക്കുറിച്ച് അറിഞ്ഞത്. അടുത്തമാസം തുടങ്ങേണ്ട സിനിമയുടെ പ്രൊഡക്‌ഷൻ കൺട്രോളറാണ് അദ്ദേഹം. നേരിട്ട് വിളിച്ചതിനാൽ അദ്ദേഹത്തിന് കാര്യം ബോധ്യപ്പെട്ടു. പലരും തെറ്റിദ്ധരിക്കപ്പെടുമെന്നതിനാലാണ് വീഡിയോസന്ദേശമെന്നും മണികണ്‌ഠൻ ആചാരി പറഞ്ഞു.
0 comments