24 February Sunday

അടി, തിരിച്ചടി ; സീറ്റ‌് കൈക്കലാക്കിയതിന്റെ പേരിൽ തെറിവിളി കേട്ട‌ കെ എം മാണിയും തിരിച്ചടിയുമായി രംഗത്ത‌്

സ്വന്തം ലേഖകൻUpdated: Monday Jun 11, 2018


തിരുവനന്തപുരം
ആരോപണ, പ്രത്യാരോപണങ്ങളും സാമൂഹ്യമാധ്യമങ്ങളിലെ വിഴുപ്പലക്കലും രൂക്ഷമായതോടെ സംസ്ഥാനത്തെ യുഡിഎഫ‌് രാഷ്ട്രീയം അഞ്ചാം ദിവസവും കലങ്ങിമറിയുന്നു. അണികൾ പാർടിയെയും നേതാക്കളെയും തള്ളിപ്പറഞ്ഞ‌് തെരുവിലിറങ്ങുമ്പോൾ അടിക്ക‌്, തിരിച്ചടി എന്നരീതിയിൽ നേതാക്കൾ പരസ‌്പരം ആരോപണങ്ങൾ ചൊരിയുന്നു.

വീണ്ടും യുഡിഎഫിലേക്ക‌് കടന്നുവന്ന കെ എം മാണി വിശ്വസിക്കാൻ കൊള്ളാത്തയാളാണെന്ന‌് തൃക്കരിപ്പൂരിൽ വി എം സുധീരൻ  തുറന്നടിച്ചു.  മാണി  നാളെ ബിജെപിക്കൊപ്പം ചേരില്ലെന്ന് എന്താണ് ഉറപ്പെന്ന് ചോദിച്ച സുധീരൻ, ബിജെപിയുമായി ബന്ധമുണ്ടാക്കില്ലെന്ന് തുറന്നുപറയാൻ മാണി തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

കുഞ്ഞാലിക്കുട്ടിയുടെ നീക്കങ്ങളെയും പരോക്ഷമായി വിമർശിച്ച സുധീരൻ  ചതിപ്രയോഗങ്ങളാണ‌് മുന്നണിയിൽ നടക്കുന്നതെന്നും കടുത്ത ഭാഷയിൽ വിമർശിച്ചു.

വിലകുറഞ്ഞ ആരോപണങ്ങളാണ‌്  സുധീരന്റേതെന്ന‌് മാണി പാലായിൽ മാധ്യമങ്ങളോട്‌ പറഞ്ഞു. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ സാമുദായികധ്രുവീകരണം ആരോപിച്ച് പ്രസ്താവനകൾ നടത്താൻ സുധീരൻ കാണിക്കുന്ന അമിതാവേശം ശരിയല്ലെന്നും മാണി പറഞ്ഞു.

ഇതിനിടെ സീറ്റ‌് വിഷയത്തിൽ ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിക്കാൻ ഘടക കക്ഷികളെ ഉപയോഗിച്ചുവെന്ന പി ജെ കുര്യന്റെ ആരോപണത്തിന‌്‌ മറുപടിയുമായി ഉമ്മൻചാണ്ടിയും രംഗത്തെത്തി.  പരാതിയുണ്ടെങ്കിൽ ഹൈക്കമാൻഡിന് നൽകട്ടേയെന്നും അതോടെ കാര്യങ്ങൾ ബോധ്യപ്പെടുമെന്നും ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവ എംഎൽഎമാരെ തെറ്റിദ്ധരിപ്പിച്ചെന്ന കുര്യന്റെ പരാമർശത്തിന് അവരാണ് മറുപടി പറയേണ്ടതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

മുന്നണിക്കുപുറത്തുള്ള കക്ഷിക്ക് രാജ്യസഭാസീറ്റ് നൽകുന്നത് മൂന്നു നേതാക്കൾ സ്വകാര്യസ്വത്ത് കൈകാര്യംചെയ്യുന്നതുപോലെ തീരുമാനിക്കേണ്ടതല്ലെന്ന‌് പി ടി തോമസ് എംഎൽഎ പറഞ്ഞു. മൂന്നുനേതാക്കൾചേർന്ന് തീരുമാനമെടുക്കുന്നത് ജനാധിപത്യമര്യാദയ്ക്ക് ചേർന്നതല്ല. രഹസ്യമായി തീരുമാനമെടുക്കാൻ ഇത് യുദ്ധതന്ത്രമൊന്നുമല്ല. എന്തോ മൂടിവയ‌്ക്കാനുള്ളതുപോലെയായിരുന്നു നീക്കങ്ങൾ. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ അങ്ങനെയൊരു പാക്കേജ് ഉണ്ടായിരുന്നെങ്കിൽ അത് പാർടിയിലും മുന്നണിയിലും ചർച്ചചെയ്യണമായിരുന്നുവെന്നും പി ടി തോമസ‌് പറഞ്ഞു.  

രാജ്യസഭാസീറ്റ്‌ കേരള കോൺഗ്രസിനു നൽകിയതിൽ പ്രതിഷേധിക്കുന്നവർക്ക്‌ അതിന‌് അവകാശമുണ്ടെന്ന് കെ വി തോമസ്‌ എംപിയും പ്രതികരിച്ചു. അതിനിടെ, കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം തിങ്കളാഴ‌്ച തിരുവനന്തപുരത്ത‌് ചേരും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോൽവി ചർച്ച ചെയ്യാനാണ‌് യോഗം ചേരാൻ നേരത്തെ തീരുമാനിച്ചതെങ്കിലും രാജ്യസഭാ സീറ്റ‌് വിഷയത്തിൽ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു.അതിനിടെ, കേരളത്തിൽ രൂക്ഷമായ സംഘടനാ പ്രശ‌്നത്തെക്കുറിച്ച‌് ചർച്ച ചെയ്യാൻ നേതാക്കളെ ഡൽഹിയിലേക്ക‌് വിളിപ്പിച്ചേക്കും.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top