14 August Friday

വിടവാങ്ങിയത്‌ കമ്യൂണിസത്തിന്റെ പടപ്പാട്ടുകാരൻ; എകെജിയും ഇഎംഎസും ആസ്വദിച്ച ഗായകൻ

സ്വന്തം ലേഖകൻUpdated: Monday Jul 6, 2020

1968 ൽ സിപിഐ എം എട്ടാം പാർട്ടി കോൺഗ്രസ്‌ വേദിയിൽ മണി പാടുന്നു. പാട്ട്‌ കേൾക്കാൻ കാത്‌ കൂർപ്പിക്കുന്ന ബിടിആർ. എകെജിയെയും ഇഎംഎസിനെയും കാണാം.

കൊച്ചി > കമ്യൂണിസ്റ്റ്‌ വേദികളിലെ പടപ്പാട്ടുകാരൻ മണീട് ചീരക്കാട്ടുപ്പാറ സ്വദേശി മണി എന്ന കുറുമ്പൻ വിടവാങ്ങി. ആയിരക്കണക്കിന് വേദികളെ വിപ്ലവഗാനങ്ങൾ കൊണ്ട് അഭിവാദ്യം ചെയ്‌തിട്ടുണ്ട് മണിച്ചേട്ടൻ. ആയിരമാണോ എന്ന് ചോദിച്ചാൽ അതിലേറെയുണ്ടെന്നല്ലാതെ കൃത്യമായ കണക്ക് മണിച്ചേട്ടനറിയില്ല. കാഴ്ച്ചകളെ ഇരുലടച്ചെങ്കിലും മരണത്തിന്റെ അവസാനനാളുകളിൽ പോലും കമ്യൂണിസം നെഞ്ചിലും വാക്കുകളിലും മണിച്ചേട്ടൻ സൂക്ഷിച്ചു.

1968ൽ എറണാകുളത്ത് ചേർന്ന പാർടി കോൺഗ്രസിന്റെ പൊതുസമ്മേളനത്തിൽ എകെജിയും ഇഎംഎസും ഉൾപ്പെടെയുള്ളവരുടെ വേദിയിൽ പാടാൻ മണിച്ചേട്ടന് അവസരം ലഭിച്ചിട്ടുണ്ട്. സിപിഐ എം നേതാവ്‌ ടി കെ രാമകൃഷ്ണനാണ് മണിച്ചേട്ടനെ പാർടിയിലേക്ക്‌ കൈപിടിച്ച് കയറ്റിയത്. തൃപ്പൂണിത്തുറയിലെ ആസാദ് മൈദാനിയിൽ ചേർന്ന തെരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് ആദ്യമായി ടി കെയുടെ ആവശ്യപ്രകാരം പാടുന്നത്. പിന്നീട് ഒട്ടനവധി വേദികളിൽ പാടി. ടികെയും എ പി വർക്കിയുമായിരുന്നു മണിച്ചേട്ടന്റെ പ്രിയപ്പെട്ട നേതാക്കൾ. ഇടുക്കി ഡാം നിർമിക്കുന്ന കാലത്ത് അവിടുത്തെ തൊഴിലാളികളുടെ യോഗത്തിൽ പാടി. അവിടെവെച്ചാണ് എകെജിയെ പരിചയപ്പെടുന്നത്. തുടർന്നങ്ങോട്ട് നിരവധി വേദികളിൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ പാടി.

ഇത്രയധികം പാട്ടുകൾ എങ്ങനെ പഠിച്ചുവെന്ന് മണിച്ചേട്ടന് അറിയില്ലായിരുന്നു. എങ്കിലും ഇന്നും മണീടുകാരുടെ മനസുകളിൽ മണിച്ചേട്ടന്റെ പാട്ടുകളുണ്ട്. പാർടി തന്നെയാണ് മണിച്ചേട്ടന്റെ വിവാഹം നടത്തിയതും. മണീട് പഞ്ചായത്തിലെ തുറമുകൾ കോളനിയിലെ കൊച്ചുവീട്ടിലായിരുന്നു താമസം. 2019ൽ പുരോഗമന കലാ സാഹിത്യ സംഘം തിരുവാണിയൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ ആദരിച്ചിരുന്നു. ആ വേദിയിലാണ് മണിച്ചേട്ടൻ അവസാനമായി പാടിയത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top