02 June Tuesday
വിപണി ലക്ഷ്യമാക്കി ആധുനിക സംവിധാനം

മാംഗോസിറ്റിക്ക്‌ നല്ലകാലം വരുന്നു; ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട്‌ കച്ചവടം

എം ശ്രീനേഷ്‌Updated: Tuesday Oct 15, 2019

പാലക്കാട്‌ > മാവുകർഷകരുടെ നാടായ മുതലമടയിൽ മാവുകൃഷി വികസനം ലക്ഷ്യമിട്ടുള്ള പദ്ധതിക്ക്‌  തുടക്കം കുറിക്കുന്നു. കൊല്ലങ്കോട്‌ ബ്ലോക്കിലെ മുതലമട, കൊല്ലങ്കോട്‌, പട്ടഞ്ചേരി, എലവഞ്ചേരി പഞ്ചായത്തിലുള്ള 3,500 ഹെക്ടറിലാണ്‌ മാവു കൃഷി നടത്തുന്നത്‌. ഇത്‌ വികസിപ്പിക്കാനാണ്‌ എൽഡിഎഫ്‌ സർക്കാർ പദ്ധതി ആവിഷ്‌കരിച്ചത്‌.

സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ മാങ്ങയുൽപ്പാദിക്കുന്ന പ്രദേശമാണിത്‌. ഡൽഹി, മുംബൈ, ഇൻഡോർ, അഹമ്മദാബാദ്‌, ഹൈദരാബാദ്‌ എന്നിവിടങ്ങളിലേക്കും വിദേശത്തേക്കും ഇവിടെനിന്ന്‌ മാങ്ങ കയറ്റി അയക്കുന്നുണ്ട്‌. അൽഫോൻസ, സിന്ദൂരം, കിളിച്ചുണ്ടൻ, ഹിമാപസന്ത്, ബെങ്കനപ്പള്ളി തുടങ്ങി 38ലേറെ ഇനം മാങ്ങയുണ്ടിവിടെ. നവംബറിൽ പൂവിട്ട്‌ ജനുവരിയിൽ കായ്‌ക്കും. പിന്നെ മെയ്‌ വരെ മാങ്ങ വിപണി സജീവമാണ്‌. ഓരോ വർഷവും 300 മുതൽ 400 കോടിരൂപയുടെ കച്ചവടം നടക്കുന്നുണ്ട്‌. വർഷങ്ങളായി ഉത്തരേന്ത്യൻ വ്യാപാരികളുടെ നിയന്ത്രണത്തിലാണ്‌ ഇവിടത്തെ മാങ്ങാവിപണി. കർഷകരിൽനിന്ന്‌ മാങ്ങയെടുത്ത്‌ മറ്റുസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കയറ്റി അയക്കുന്നത്‌ ഇവരാണ്‌. വിലയുടെ ഭൂരിഭാഗവും എത്തുന്നത്‌ ഇടനിലക്കാരുടെ കൈകളിലാണ്‌. ഈ സാഹചര്യത്തിൽ കർഷകർക്ക്‌ പരമാവധി നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ  എൽഡിഎഫ്‌ സർക്കാർ നാലുപഞ്ചായത്തുകളെ ഉൾപ്പെടുത്തി ഏഴുകോടി ചെലവിൽ മാംഗോ പാക്കേജ്‌ നടപ്പാക്കുന്നു. സംസ്ഥാന ഹോർട്ടി കൾച്ചറൽ മിഷനെയാണ്‌ ഇതിനായി ചുമതലപ്പെടുത്തിയത്‌.

മിഷൻ ഫോർ ഇൻഡഗ്രേറ്റഡ്‌ ഡെവലപ്‌മെന്റ്‌ ഹോർട്ടികൾച്ചർ, രാഷ്‌ട്രീയ കൃഷി വികാസ്‌ യോജന, പ്രധാൻമന്ത്രി കൃഷി സഞ്ചയീ യോജന, പരമ്പരാഗത്‌ കൃഷി വികാസ്‌ യോജന എന്നീ പദ്ധതികളിൽനിന്നും സഹായം ലഭിക്കും.
 
പദ്ധതിയിലൂടെ ഒരുക്കുന്നവ:
 
മാവുകൃഷിയുടെ വിസ്‌തൃതി വർധിപ്പിക്കുകയാണ്‌ പ്രധാനലക്ഷ്യം. നിലവിലുള്ള തോട്ടങ്ങൾ പുനരുദ്ധരിക്കും. കേടായ മാവുകൾ നീക്കി പുതിയ തൈ വച്ചുപിടിപ്പിക്കും. കളകളും കാടും കളഞ്ഞ്‌ തോട്ടം വൃത്തിയാക്കും. ജലസേചനത്തിനാവശ്യമായ കുളം നിർമിച്ച്‌ പമ്പ്‌സെറ്റും  ഒരുക്കും. വിപണി ആകർഷകമാക്കുന്നതിന്‌ പായ്‌ക്കിങ്‌ ഹൗസുകൾ നിർമിക്കും. മാങ്ങ പഴുപ്പിക്കുന്നതിന്‌ കൂൾ ചേംബർ നിർമിക്കും. ഫ്രീസർ വാനുമുണ്ടാകും.  റൂറൽ മാർക്കറ്റും ചില്ലറ വിപണനകേന്ദ്രവും ഒരുക്കും. ഇതിനുപുറമേ കാർഷിക യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രജ്ഞരുടെ സഹായത്തോടെ മാസത്തിൽ രണ്ടുതവണ തോട്ടങ്ങൾ നിരീക്ഷിക്കും.
 
പ്രത്യേക ഓഫീസ്‌ ഉടൻ
 
മാംഗോ പാക്കേജിന്റെ നടത്തിപ്പിനുള്ള ഓഫീസ്‌ മുതലമടയിൽ ഉടൻ തുടങ്ങും. സ്‌പെഷ്യൽ ഓഫീസറെ നിയമിക്കുന്നതിന്‌ തീരുമാനമായി. കൃഷിവകുപ്പും ഹോർട്ടികൾച്ചർ മിഷനും ചേർന്നാണ്‌ ഉദ്യോഗസ്ഥരെ നിയമിക്കുക. ഓഫീസ്‌ തുടങ്ങുന്നതോടെ പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാവുമെന്നാണ്‌ പ്രതീക്ഷ. അടുത്ത സീസൺ ആവുമ്പോഴേക്കും മാങ്ങാശേഖരണം തുടങ്ങാൻ കഴിയുമെന്നാണ്‌ കരുതുന്നത്‌.

അഗ്രോപാർക്ക്‌ മുതലമട സീഡ്‌ ഫാമിൽ
 
മാംഗോ പാക്കേജിന്‌ പുറമേ മുതലമട സീഡ്‌ ഫാമിൽ കൃഷിവകുപ്പ്‌ അഗ്രോപാർക്കും തുടങ്ങും. 15 കോടിയുടെ പദ്ധതിയാണ്‌ നടപ്പാക്കുന്നത്‌. ഇതിനായി അഞ്ചേക്കർ സ്ഥലം ഏറ്റെടുക്കും. കിഫ്‌ബിയിൽനിന്ന്‌ അനുവദിക്കുന്ന ഫണ്ടുപയോഗിച്ച്‌ ഭൗതിക സൗകര്യങ്ങളൊരുക്കുന്നതിന്‌ ഇൻഫ്രാസ്‌ട്രക്‌ചർ കേരള ലിമിറ്റഡിനെ (ഇൻകെൽ)ചുമതലപ്പെടുത്തി. ഇതിനായുള്ള പദ്ധതി തയ്യാറാക്കുകയാണ്‌ ഇൻകെൽ. ഇതിനുപുറമേ കൃഷിവകുപ്പിന്റെ ഫല–-പുഷ്‌പ വികസനപദ്ധതിയിൽ ഒന്നരക്കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്‌. മാങ്ങയുടെ ഗ്രേഡ്‌ തിരിച്ച്‌ പായ്‌ക്ക്‌ ചെയ്‌ത്‌ കയറ്റുമതി ചെയ്യും. വിലകുറയുന്ന സമയം മുതൽ ഇവിടെവച്ച്‌ മാംഗോ പൾപ്പ്‌, മാംഗോ പൗഡർ തുടങ്ങിയ മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കും. മാങ്ങാസീസൺ കഴിഞ്ഞാൽ കൊഴിഞ്ഞാമ്പാറയിൽനിന്ന്‌ തക്കാളി ശേഖരിച്ച്‌ കെച്ചപ്പ്‌ ഉണ്ടാക്കാനും പദ്ധതിയുണ്ട്‌.
 
നേട്ടം കർഷകർക്ക്‌
 
മാംഗോപാക്കേജും അഗ്രോപാർക്കും യാഥാർഥ്യമാകുന്നത്‌ കർഷകർക്ക്‌ വൻനേട്ടമാകും. ഇടനിലക്കാർ ഒഴിവാകുന്നതോടെ മികച്ച വില ലഭിക്കും. അതോടൊപ്പം പ്രദേശത്തുകാർക്ക്‌ വൻ തൊഴിലവസരവും സാധ്യമാകും.

പ്രധാന വാർത്തകൾ
 Top