മംഗലപുരത്തെ വയോധികയുടെ കൊലപാതകം ബലാത്സംഗത്തിനു ശേഷം
തിരുവനന്തപുരം > പോത്തൻകോട് വയോധികയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിനു ശേഷമെന്ന് റിപ്പോർട്ട്. പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലാണ് വയോധിക ബലാത്സംഗത്തിനിരയായതായി തെളിഞ്ഞത്. പോത്തൻകോട് കൊയ്‌ത്തൂർകോണത്ത് തനിച്ചുതാമസിച്ചിരുന്ന ഭിന്നശേഷിക്കാരിയായ വയോധികയെ ചൊവ്വാഴ്‌ച രാവിലെയാണ് വീടിനോട് ചേർന്നുള്ള പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയായ പോത്തൻകോട് സ്വദേശിയായ തൗഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വയോധികയുടെ ശരീരത്ത് മുറിവേറ്റ നിരവധി പാടുകളുണ്ടായിരുന്നു. മേൽ വസ്‌ത്രങ്ങൾ കീറിയ നിലയിലായിരുന്നു. കമ്മലുകളും നഷ്‌ടപ്പെട്ടിരുന്നു. ചൊവ്വ പുലർച്ചെ നാലിനുശേഷമാണ് കൊലപാതകം നടന്നത്. വിളക്ക്‌കൊളുത്തുന്നതിന് പരിസരത്തുനിന്ന് പൂക്കൾ ശേഖരിക്കുന്നതിനായി ഇറങ്ങിയപ്പോഴായിരുന്നു കൊലപാതകം. പ്രതിയെന്ന് സംശയിക്കുന്നയാൾ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൗഫീഖിനെ തിരിച്ചറിഞ്ഞത്.
പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ തൗഫീഖ് പ്രതിയാണ്. തമ്പാനൂരിൽനിന്ന് നിന്ന് ബൈക്ക് മോഷ്ടിച്ചാണ് പ്രതി സംഭവ സ്ഥലത്ത് എത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബൈക്ക് മോഷ്ടിച്ചതിന് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
0 comments