04 December Saturday

70,000 രൂപയുടെ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് സോപ്പും അഞ്ച്‌ രൂപയും

വെബ് ഡെസ്‌ക്‌Updated: Friday Oct 15, 2021

കൊച്ചി > ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണില്‍ നിന്ന് ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് വാഷിങ് സോപ്പും അഞ്ചുരൂപാ തുട്ടും. ആലുവ തോട്ടുംമുഖം സ്വദേശിയായ നൂറുല്‍ അമീനാണ് 70,900 രൂപയുടെ ആപ്പിള്‍ ഐഫോണ്‍ 12 ഓര്‍ഡര്‍ ചെയ്തത്. കിട്ടിയ പാഴ്‌സലില്‍ സംശയം തോന്നിയതിനാല്‍ ഡെലിവറി ബോയിയുടെ മുന്നില്‍ വെച്ചുതന്നെ ഫോണ്‍ തുറന്നുനോക്കുകയായിരുന്നു.

ഒക്ടോബര്‍ 12നാണ് നൂറുല്‍ അമീന്‍ ഐഫോണ്‍ 12 ക്രെഡിറ്റ് കാര്‍ഡ് വഴി ഇ.എം.ഐ. ആയി ആമസോണില്‍ ഓര്‍ഡര്‍ ചെയ്യുന്നത്. ആമസോണിന്റെ അംഗീകൃത സെല്ലറായ അപ്പാരിയോയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയത്. ഹൈദരാബാദില്‍ നിന്നും അയച്ച ഫോണ്‍ പിന്നീട് സേലത്തും ഒരു ദിവസം തങ്ങി. ഇതില്‍ സംശയം തോന്നിയതിനാലാണ് ഫോണ്‍ ഡെലിവറി ബോയിയുടെ മുന്നില്‍ വെച്ചുതന്നെ പെട്ടി തുറന്നതെന്ന് നൂറുല്‍ അമീന്‍ പറയുന്നു.

'ആമസോണില്‍ നിന്ന് സ്ഥിരമായി സാധനങ്ങള്‍ വാങ്ങുന്നയാളാണ് ഞാന്‍. സാധാരണ ഗതിയില്‍ തെലങ്കാനയില്‍ നിന്നും ഡെസ്പാച്ച് ചെയ്യുന്ന സാധനങ്ങള്‍ രണ്ടു ദിവസത്തിനകം കൊച്ചിയില്‍ എത്തേണ്ടതാണ്. എന്നാല്‍, മൂന്നു ദിവസത്തിനു ശേഷമാണ് ഫോണ്‍ കൊച്ചിയില്‍ എത്തിയത്. അടുത്തിടെ ഐഫോണിന് പകരം സോപ്പ് എത്തിയ വാര്‍ത്തയും കേട്ടിരുന്നു. വില കൂടിയ ഐറ്റം കൂടി ആയതിനാലാണ് ചതി പറ്റില്ലെന്ന് ഉറപ്പിക്കാന്‍ ഡെലിവറി ബോയുടെ മുന്നില്‍ വെച്ചുതന്നെ വീഡിയോ എടുത്തത്. ഐഫോണിന്റെ പെട്ടിയുടെ പുറത്തുള്ള പ്ലാസ്റ്റിക് കോട്ടിങ് പൊട്ടിച്ച്  തുറന്നപ്പോള്‍ പൊട്ടിക്കാത്ത ഒരു വിം ബാറും പാതി കഷ്ണവും അഞ്ചു രൂപ തുട്ടുമാണ് അകത്തുണ്ടായിരുന്നത്. ഏകദേശം ഫോണിന്റെ തൂക്കത്തിനൊപ്പം വരുന്ന സാധനങ്ങള്‍ കുലുങ്ങാത്ത രീതിയിലായിരുന്നു അടുക്കിവെച്ചിരുന്നത്' -നൂറുല്‍ അമീന്‍ പറഞ്ഞു.

ആമസോണ്‍ കസ്റ്റമര്‍ കെയറില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മറുപടി മെയില്‍ ലഭിച്ചിട്ടുണ്ടെന്നും നൂറുല്‍ അമീന്‍ കൂട്ടിച്ചേര്‍ത്തു. സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top