ബാറില്‍വച്ച് മർ​ദനമേറ്റയാൾ മരിച്ച സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2024, 09:04 PM | 0 min read

കടുത്തുരുത്തി> ബാറില്‍വച്ച് ഉണ്ടായ തർക്കത്തെ തുടർന്ന് മര്‍ദനമേറ്റയാള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കടുത്തുരുത്തി മഠത്തില്‍ വീട്ടില്‍ നിഖില്‍ സതീഷ്‌കുമാര്‍(34), മുട്ടുചിറ കണിവേലില്‍ സ്റ്റാനി ജോണ്‍(47) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ സ്റ്റാനി ജോണ്‍  ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഓഫീസ് അസിസ്റ്റന്റാണ്.

പെയിൻ്റിംഗ്  തൊഴിലാളിയായ പാലകര ചിത്താന്തിയേല്‍ സി റ്റി രാജേഷ് (53) നെയാണ് ശനിയാഴ്ച രാവിലെ വീടിനുള്ളില്‍ രക്തം വാർന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജേഷിന്റെ തലയോട്ടിക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതായി കടുത്തുരുത്തി സിഐ ടി എസ് റെനീഷ് പറഞ്ഞു.

പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. രണ്ടാം പ്രതി സ്റ്റാനിക്ക് രാജേഷിന്റെ ഭാര്യ ഗൂഗിൾ പേ വഴി പണം കൈമാറിയതാണ് തര്‍ക്കത്തിനിടയാക്കിയത്. വെള്ളിയാഴ്ച രാത്രി കടുത്തുരുത്തി സോഡിയാക് ബാറിലിരുന്ന്  മദ്യപിക്കുന്നതിനിടെയാണ് രാജേഷും സ്റ്റാനിയുമായി തർക്കമുണ്ടായത്. തുടര്‍ന്ന് ബാറിനു വെളിയിലിറങ്ങിയ രാജേഷിനെ സ്റ്റാനിയും ഒന്നാം പ്രതി നിഖില്‍ സതീഷും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിനിടെ തലയടിച്ചുവീണ രാജേഷിന്റെ തലയോട്ടിക്ക് ക്ഷതവും തുടര്‍ന്ന് ആന്തരിക രക്തസ്രാവവും ഉണ്ടായി.

മർദിച്ചവര്‍ തന്നെയാണ് പരിക്കേറ്റ രാജേഷിനെ കടുത്തുരുത്തിയിലെ സഹകരണ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടാന്‍ ആശുപത്രിയില്‍നിന്ന് നിര്‍ദേശിച്ചെങ്കിലും ഇവര്‍ രാജേഷിനെ വീട്ടില്‍ ആക്കിയ ശേഷം സ്ഥലം വിടുകയായിരുന്നു.

ബാറിലെ സി സിടിവി ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചിരുന്നു. ഭാര്യയും മക്കളുമായി പിണങ്ങി കഴിയുന്ന രാജേഷ് വീട്ടില്‍ തനിച്ചാണ് കഴിഞ്ഞിരുന്നത്. രാജേഷിന്റെ ഭാര്യ ഏറെക്കാലമായി മക്കളോടൊപ്പം ആലപ്പുഴയിലെ വീട്ടിലായിരുന്നു താമസം. രാജേഷിന്റെ മൃതദേഹം ഞായറാഴ്ച സംസ്‌കരിച്ചു.
 



deshabhimani section

Related News

0 comments
Sort by

Home