12 December Thursday

ഒറ്റയ്‌ക്ക്‌ ഒരാൾ 
ഒരു മത്സരവും ജയിക്കുന്നില്ല ; മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി കുട്ടികളോട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

എന്റെ പ്രിയപ്പെട്ട തക്കുടുകളേ,
വളരെ വികാരാധീനനായി പോകുന്ന കാഴ്‌ചയാണ്‌ എനിക്ക്‌ ഇവിടെ കാണാൻ കഴിയുന്നത്‌. ‘കഥപറയുമ്പോൾ’ സിനിമയിലെ  അശോക്‌ രാജിനെ പോലെ ഞാൻ എന്റെ കുട്ടിക്കാലം ഓർത്തുപോവുകയാണ്‌. എനിക്ക്‌ കുട്ടിക്കാലത്ത്‌ സ്‌പോർട്‌സിനോട്‌ താൽപര്യമില്ലായിരുന്നു. ഞാൻ ഒരു മടിയനായിരുന്നു. ഓടാനും ചാടാനും പന്തുകളിക്കാനുമൊന്നും താൽപര്യമില്ല. ഞാൻ അന്ന്‌ നാടകം കളിക്കാനും മോണോ ആക്ട്‌ കളിക്കാനും നടന്നതാണ്‌. ഇതു കാണുമ്പോൾ എനിക്കും ഇങ്ങനെ ആകാമായിരുന്നുവെന്ന്‌ തോന്നിപ്പോകുന്നു.

എനിക്ക്‌ മുമ്പിലുള്ള കേരളത്തിന്റെ ഈ കൗമാരശക്തി അൽഭുതപ്പെടുത്തുന്നു. നിങ്ങളിൽ എനിക്ക്‌ വളരെ പ്രതീക്ഷയുണ്ട്‌. ഈ നാടിന്റെ, രാജ്യത്തിന്റെ, നമ്മുടെ എല്ലാവരുടെയും അഭിമാനമായി മാറേണ്ടവരാണ്‌ നിങ്ങളെല്ലാവരും. നമ്മുടെ കായികശേഷി, കലാപ്രവർത്തന ശേഷി പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ വളരെ അപൂർവമായിട്ടാണ്‌ നമ്മൾക്ക്‌ ലഭിക്കുക. ആ അവസരങ്ങൾ ഉപയാഗപ്പെടുത്തുക. നമ്മൾക്ക്‌ കിട്ടുക ഒന്നോ രണ്ടോ അവസരങ്ങളായിരിക്കും. രണ്ടാമതും മൂന്നാമതും അവസരം കിട്ടുന്നവർ വളരെ ചുരുക്കമാണ്‌. എന്റെ ജീവിതത്തിലും അങ്ങനെ ഒരുപാട്‌ അനുഭവങ്ങളുണ്ടായിട്ടുണ്ട്‌. കിട്ടിയ ഒരു അവസരം പരിപൂർണ ആത്മാർഥതയോടെ ഉപയോഗപ്പെടുത്തിയാൽ തീർച്ചയായും വിജയം നമ്മുടെ അരികിൽ തന്നെയുണ്ടാകും. ഈ കായികമേളയിൽ ഒരുപാട്‌ ഇനങ്ങളിലുള്ള മത്സരങ്ങളുണ്ട്‌. നമ്മളിൽ പലരും ഒരുപാട്‌ വൈദഗ്‌ധ്യം നേടിയവരും സാമർഥ്യമുള്ളവരുമാണ്‌. പക്ഷെ, നമ്മുടെ കൂടെ ഓടുന്നവരും കളിക്കുന്നവരും നമ്മളെക്കാൾ ഒട്ടും മോശമല്ല. അവരും ജയിക്കാനാണ്‌ മത്സരിക്കുന്നത്‌. അത്‌ ഓർമവേണം. നിങ്ങളുടെ കൂടെ ഒരാൾ മത്സരിക്കാനുള്ളതുകൊണ്ടാണ്‌ നിങ്ങൾ ജയിക്കുന്നത്‌. ഒറ്റയ്‌ക്ക്‌ ഒരാൾ ഒരു മത്സരങ്ങളിലും ജയിക്കുന്നില്ല. അത്‌ മനസിലാക്കുക. മത്സരങ്ങൾ കൂട്ടായ്‌മയാണ്‌, പരസ്‌പരമുള്ള വിശ്വാസമാണ്‌. മത്സരാർഥിയെ ശത്രുവായി ഒരിക്കലും കണക്കാക്കരുത്‌. നമ്മളെ പോലെ ആഗ്രഹങ്ങളും അഭിലാഷങ്ങളുമുള്ള കൂട്ടുകാരാണ്‌ അവർ. അവരോട്‌ ഒരുതരത്തിലുള്ള വ്യത്യാസവും പെരുമാറുന്നതിൽ കാണിക്കരുത്‌. കാണിക്കാൻ എന്നല്ല, മനസിൽ പോലും വിചാരിക്കാതിരിക്കുക. ഇക്കാലത്താണ്‌ നമ്മളിൽ സംസ്‌കാരം ഉയരുന്നത്‌.

വിദ്യാഭ്യാസം കൊണ്ടുനേടുന്നത്‌ വിദ്യകളോ അറിവുകളോ മാത്രമല്ല, നമുക്കൊരു സംസ്‌കാരം കൂടിയുണ്ടാകുന്നു. വിദ്യാഭ്യാസം കൊണ്ട്‌ സംസ്‌കാരമുണ്ടാകുമെന്ന അഭിപ്രായത്തോട്‌ യോജിപ്പുള്ള ആളല്ല ഞാൻ. ഒരുപാട്‌ വിദ്യാഭ്യാസമില്ലാത്ത, സംസ്‌കാര സമ്പന്നരായ മനുഷ്യരെ നമ്മൾ കണ്ടുമുട്ടാറുണ്ട്‌. അൽഭുതപ്പെടുത്തുന്ന പെരുമാറ്റത്തിലൂടെ അവരെ മറക്കാതാവുന്നുമുണ്ട്‌. അതുകൊണ്ട്‌ പ്രിയപ്പെട്ട തക്കുടുകളേ, നിങ്ങൾ കേരളത്തിന്റെ അഭിമാനമാവുക. ഒന്നല്ല, നൂറ്‌ ഒളിമ്പിക്‌ മെഡലുകളുമായി നിങ്ങൾക്ക്‌ ഈ നാടിന്റെ അഭിമാനങ്ങളായി ഉയരാൻ സാധിക്കട്ടെ എന്നാഗ്രഹിക്കുന്നു. എല്ലാവർക്കും വിജയം നേരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top