16 June Sunday

ശിഷ്യന്റെ ആശ്ലേഷത്തിൽ മനംനിറഞ്ഞ‌് മമ്മദുണ്ണി മാഷ‌്

ജോബിൻസ‌് ഐസക‌്Updated: Sunday Feb 24, 2019

 

ഇടപെടുന്ന ഏത‌് കാര്യത്തിലും നായകത്വം പിണറായിക്കായിരുന്നു. അതിനാൽ, മുഖ്യസ്ഥൻ എന്ന പേരും കിട്ടി.  ‘മുഖ്യസ്ഥനിൽനിന്ന‌് മുഖ്യമന്ത്രി പദത്തിലേക്ക‌്’ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട‌്.

മലപ്പുറം
മലപ്പുറം ഗസ‌്റ്റ‌് ഹൗസിനുള്ളിലേക്ക‌്  മുഖ്യമന്ത്രി പിണറായി എത്തുമ്പോൾ പഴയ വിദ്യാർഥിയുടെ ചിത്രമായിരുന്നു കാത്തിരുന്ന മമ്മദുണ്ണി മാഷുടെ മനസ്സിൽ.  മുണ്ടിന്റെ അറ്റം പിടിച്ച‌് ബ്രണ്ണൻ കോളേജിന‌് മുന്നിലൂടെ പ്രിയ ശിഷ്യന്റെ നടത്തം ആ ഗുരുനാഥന്റെ  കണ്ണിലിന്നും മായാതെയുണ്ട‌്. ഗസ‌്റ്റ‌് ഹൗസിൽ പഴയ അധ്യാപകനെ കണ്ടതും പിണറായി നിന്നു, ഒന്ന‌് പുഞ്ചിരിച്ചു. അടുത്തെത്തിയ പഴയ അധ്യാപകനെ പിന്നെ ആദരവോടെ ആശ്ലേഷിച്ചു. സ‌്നേഹാശ്ലേഷത്തിൽ മമ്മദുണ്ണി മാഷിന്റെ മനംനിറഞ്ഞു, കണ്ണുകളും.

ബ്രണ്ണൻ കോളേജിൽ സമരതീക്ഷ‌്ണതയും സൗഹാർദവും കോറിയിട്ട പഴയ കോളേജ‌് മാഗസിനുമായാണ‌് അധ്യാപകൻ പ്രിയ  ശിഷ്യനെ കാണാനെത്തിയത‌്. പിണറായിയുടെ സഹപാഠിയും ആത്മസുഹൃത്തുമായിരുന്ന പ്രൊഫ. എൻ  മുകുന്ദൻ ബ്രെണ്ണനൈറ്റ‌്സ‌് മാഗസിനിൽ പിണറായിയെക്കുറിച്ച‌് എഴുതിയ ലേഖനം അദ്ദേഹം കാണിച്ചു. ഓലയമ്പലം ആർ സി അമല സ‌്കൂളിലെ പഴയ ഏഴാം ക്ലാസുകാരനെപ്പറ്റി, ജീവിത വൈഷമ്യതയെക്കുറിച്ച‌്, ചക്കര സ‌്റ്റോറിൽ ചക്കര തൂക്കിക്കൊടുത്തിരുന്ന നാളുകളെക്കുറിച്ച‌്...  പോയകാലത്തിന്റെ ഓർമച്ചിത്രങ്ങൾ ഏറെയുണ്ടായിരുന്നു ആ ലേഖനത്തിൽ. പിണറായി ഏറ്റവും നല്ല ബാഡ‌്മിന്റൺ കളിക്കാരനായിരുന്നു എന്ന കാര്യവും  ലേഖനത്തിൽ അനുസ‌്മരിക്കുന്നുണ്ട‌്.

ഇടപെടുന്ന ഏത‌് കാര്യത്തിലും നായകത്വം പിണറായിക്കായിരുന്നു. അതിനാൽ, മുഖ്യസ്ഥൻ എന്ന പേരും കിട്ടി.  ‘മുഖ്യസ്ഥനിൽനിന്ന‌് മുഖ്യമന്ത്രി പദത്തിലേക്ക‌്’ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട‌്.

‘മാഷെ, നിങ്ങളിരുവരും തിരുവനന്തപുരത്തേക്ക‌് എന്നെ കാണാൻ വരാനിരുന്നതായിരുന്നു അല്ലേ?  അതിനുമുമ്പേ    മുകുന്ദൻ പോയില്ലേ’ മുകുന്ദന്റെ വേർപാടിനെപ്പറ്റി പറഞ്ഞപ്പോൾ പിണറായിയുടെ കണ്ണുനനഞ്ഞു.

‘മാഷെ, നിങ്ങളിരുവരും തിരുവനന്തപുരത്തേക്ക‌് എന്നെ കാണാൻ വരാനിരുന്നതായിരുന്നു അല്ലേ?  അതിനുമുമ്പേ    മുകുന്ദൻ പോയില്ലേ’ മുകുന്ദന്റെ വേർപാടിനെപ്പറ്റി പറഞ്ഞപ്പോൾ പിണറായിയുടെ കണ്ണുനനഞ്ഞു. 2001–-ൽ അറേബ്യയിലെ സുൽത്താൻ എന്ന പ്രസിദ്ധീകരണത്തിൽ ‘പിണറായി എന്റെ സ്വന്തം വിദ്യാർഥി’ എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പും മാഷ്‌ കാണിച്ചു. ‘ ഉറച്ച നിലപാടാണ് വിജയന് അന്നും. അപാര  ധൈര്യവും. അധ്യാപകരോട്‌ തികഞ്ഞ ബഹുമാനം. സഹപാഠികളും അംഗീകരിക്കുന്ന പെരുമാറ്റം.  തോണിക്കടത്ത് മുടങ്ങുന്നതിനും കൂലിവർധനക്കുമെതിരെ വിദ്യാർഥിസമരം നയിച്ചത് വിജയനായിരുന്നു. അന്നോളം ബ്രണ്ണൺ കോളേജ‌് കണ്ടിട്ടില്ലാത്തവിധം വലിയ ഒരു റാലിയും നടത്തി. ഞങ്ങൾ അധ്യാപകർക്കും വിജയനോട‌് വലിയ മതിപ്പ‌്.’ മമ്മദുണ്ണി മാഷ‌് ഒന്നും മറന്നിട്ടില്ല.

മലപ്പുറം മോങ്ങം സ്വദേശിയായ ബി മമ്മദുണ്ണി  1960–70 ലാണ് ബ്രണ്ണനിൽ പഠിപ്പിച്ചത‌്. പ്രീ യൂണിവേഴ‌്സിറ്റിയിലും ബിഎ ഇക്കണോമിക‌്സ‌ിലും അദ്ദേഹത്തിന്റെ വിദ്യാർഥിയായിരുന്നു പിണറായി. ഇ അഹമ്മദ‌്,  എ കെ ബാലൻ എന്നിവരെയും പഠിപ്പിച്ചിട്ടുണ്ട‌്.  സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ, എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ തുടങ്ങിയവരും ശിഷ്യരാണ‌്. കൊണ്ടോട്ടിയിൽ സ. കുഞ്ഞാലി സ‌്മാരകത്തിന്റെ ഉദ‌്ഘാടനത്തിന‌് പിണറായിയെ നേരിൽ കണ്ടിരുന്നു. ഗസ‌്റ്റ‌് ഹൗസ‌് റിസപ‌്ഷന‌് മുന്നിൽനിന്ന് അകത്തെ 101–-ാം മുറിയിലേക്ക‌് മാഷെ ക്ഷണിച്ചിരുത്തിയ പിണറായി  അവിടെവച്ച‌് കുറിപ്പുകൾ മുഴുവൻ വായിച്ചു. ഇടക്ക‌് മാഷിന‌് ചായ നൽകാൻ നിർദേശം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് 50,000 രൂപയുടെ ചെക്കും മമ്മദുണ്ണി മാഷ‌് കൈമാറി. ഒപ്പം ദുബായിൽനിന്ന‌് ലഭിച്ച പേനയും. മകൻ സലാവുദ്ദീനൊപ്പമാണ് 87–-കാരനായ മാഷ്‌ വന്നത‌്. ഗസ‌്റ്റ‌് ഹൗസിൽ മുഖ്യമന്ത്രിക്കൊപ്പം സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസുമുണ്ടായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top