19 January Sunday

264 വര്‍ഷങ്ങള്‍ക്ക് ശേഷം മാമാങ്കത്തിന്റെ ചുങ്കം പിരിവ് പുനരാവിഷ്‌‌കരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2019

തിരൂര്‍ > എ ഡി 1100ല്‍ ആരംഭിച്ച് 1755 ല്‍ അവസാനിച്ച മാമാങ്കത്തിന്റെ ചുങ്കം പിരിവ് 264 വര്‍ഷങ്ങള്‍ക്ക് ശേഷം പുനരാവിഷ്‌കരിച്ചു. തിരുന്നാവായ നിളാതീരത്ത് ഫെബ്രുവരി 8, 9, 10 തിയതികളില്‍ നടക്കുന്ന മാമാങ്ക മഹോത്സവത്തിന്റെ ഭാഗമായി റീ എക്കൗ സംഘടിപ്പിച്ച സാംസ്‌കാരിക ചരിത്രോല്‍സവ വിളംബര ജാഥയുടെ ഭാഗമായാണ് മാമാങ്ക ചുങ്കം പിരിവ് പുനരാവിഷ്‌കാരം നടന്നത്.

വിളംബര ജാഥയുടെ തുടക്കം കുറിച്ച് വളവന്നൂര്‍ പഞ്ചായത്തിലെ തുവ്വക്കാട് പോത്തന്നൂരില്‍ നടത്തിയ ചുങ്കം പിരിവിന്റെ പുന:സൃഷ്ടിയോടെയാണ് ചരിത്രം പുനര്‍ജനിച്ചത്. മാമാങ്ക വേളയില്‍ എത്തുന്ന വാണിജ്യ സംഘം തിരുന്നാവായയില്‍ പ്രവേശിക്കണമെങ്കില്‍ അഞ്ച് കേന്ദ്രങ്ങളില്‍ ചുങ്കം ഒടുക്കേണ്ടിയിരുന്നു. ഈ പ്രദേശങ്ങളുടെ പേര് കാലത്തിന് അനുസരിച്ച് മാറ്റങ്ങള്‍ വന്നെങ്കിലും ചുങ്കം എന്ന സ്ഥല നാമങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.

കൊച്ചി, വേണാട് രാജ വംശത്തു നിന്നും പെരുമ്പടപ്പ് സ്വരൂപത്തു നിന്നും എത്തുന്ന വാണിജ്യ സംഘം എടപ്പാളയത്തുള്ള ചുങ്കത്തും.
പാലക്കാട്ട് രാജവംശം, പുന്നശ്ശേരി, പേര്‍ശനൂര്‍ നമ്പി ദേശത്ത് നിന്നും എത്തുന്നവര്‍ കുറ്റിപ്പുറം കാര്‍ത്തല ചുങ്കത്തും, വള്ളുവനാട് ചേകണ്ടിയില്‍നിന്നും എത്തുന്നവര്‍ വെട്ടിച്ചിറ ചുങ്കത്തുംപരപ്പാനാട് ദേശത്ത് നിന്നുള്ളവര്‍ താനാളൂര്‍ ചുങ്കത്തും. വയനാട്, കൊല്ലം വംശ ദേശത്തുള്ളവര്‍ തുവ്വക്കാട് പോത്തന്നൂരിലും ചുങ്കം നല്‍കിയിരുന്നു.

ചുരങ്ങള്‍ രൂപപ്പെടുന്നുതിന്റെ മുന്‍പ് വരെ കാട് ഇറങ്ങി വന്നിരുന്ന ഗോത്ര വാണിജ്യ സംഘം അരീക്കോട് , കോട്ടക്കല്‍ വഴിയാണ് കന്മനം പോത്തന്നൂരില്‍ എത്തിയിരുന്നത്. വലിയവരമ്പ് വഴി മെമ്മേങ്കാട് ചാലിയാര്‍പ്പാടം വഴി വാകയൂര്‍ കുന്നില്‍(കൊടക്കല്‍) എത്തി മാമാങ്കത്തില്‍ പങ്കെടുത്തിയിരുന്നത്. പോത്തന്നൂരില്‍ വിവിധ വഴികളില്‍ എത്തിയിരുന്ന വാണിജ്യ സംഘത്തിന് വേണ്ടി പത്തോളം അത്താണികള്‍ പണ്ട് കാലങ്ങളില്‍ ഇവിടെങ്ങളില്‍ സ്ഥാപിക്കപ്പെട്ടിരുന്നു. വിവിധ കാലഘട്ടങ്ങളില്‍ പലയിടങ്ങളില്‍ അത്താണികള്‍ വിസ്മൃതിയിലേക്ക് മറഞ്ഞുവെങ്കിലും ചിലയിടങ്ങളില്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്- മാമാങ്കത്തിന് വന്നിരുന്ന വാണിജ്യ സംഘത്തിന് ആശ്രയമായിരുന്ന വലിയ അത്താണികള്‍ നിലനിന്ന സ്ഥലങ്ങള്‍ ഇന്ന് ആ പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്.

പോത്തന്നൂരിലെ അവശേഷിക്കുന്ന നടുവരമ്പിലുള്ള അത്താണിയില്‍ മാമാങ്ക ചുമതലയുള്ള രാജാവിന്റെ ആളുകള്‍ വാണിജ്യ സംഘത്തില്‍ നിന്നും ചുങ്കം പിരിച്ചെടുക്കുന്നതാണ് പുനരാവിഷ്‌കരിച്ചത് . അരുണ്‍ ചെമ്പ്രയുടെ നേതൃത്വത്തിലുള്ള വിളബര ജാഥ താനാളൂര്‍ ചുങ്കം, വെട്ടിച്ചിറ ചുങ്കം, കാര്‍ത്തല ചുങ്കം എന്നിടങ്ങളിലെ സ്വീകരണത്തിന് ശേഷം എടപ്പാള്‍ ചുങ്കത്ത് സമാപിച്ചു.

ഉത്സവത്തിന്റെ വിളംബരം ചങ്ങമ്പള്ളി ഉമ്മര്‍ ഗുരുക്കള്‍ നടത്തി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി ,വളവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി പി സുലൈഖ, ചിറക്കല്‍ ഉമ്മര്‍, വളവന്നൂര്‍ പഞ്ചായത്ത് മെമ്പര്‍ കുഞ്ഞിപ്പ, അരുണ്‍ ചെമ്പ്ര, നാദിര്‍ഷ കടായിക്കല്‍ , മൂസ ഗുരുക്കള്‍, ഇ എന്‍ അലി, കെ പി അലവി, ഖിളര്‍ തിരുത്തി, വി കെ അബൂബക്കര്‍ മൗലവി , എം കെ സതീഷ് ബാബു, മുബാറക്ക് കൊടപ്പനക്കല്‍ ,ഹനീഫ ഗുരുക്കള്‍ പൊന്നാനി എന്നിവര്‍ സംസാരിച്ചു ചരിത്ര സ്മരണയുടെ നേര്‍ക്കാഴ്ച കാണാന്‍ നാടിന്റെ ഭാഗത്ത് നിന്നും നിരവധി പേരാണ് എത്തിയത്. 


പ്രധാന വാർത്തകൾ
 Top