29 February Saturday

ഒരു ജീവനെങ്കിലും ബാക്കിയായെങ്കിൽ..

സ്വന്തം ലേഖകൻUpdated: Wednesday Jan 22, 2020

തിരുവനന്തപുരം > മകനും കുടുംബവും അപകടത്തിൽപ്പെട്ട വാർത്ത കൃഷ്ണൻനായരും പ്രസന്നകുമാരിയും അറിഞ്ഞത്‌ ഏറെ വൈകിയാണ്‌. അപ്പോഴും കുട്ടികളിൽ ഒരാൾ ജീവിച്ചിരിക്കുന്നുവെന്ന്‌ ആരോ പറഞ്ഞറിഞ്ഞ ആശ്വാസത്തിൽ അവർ അഭയം തേടി. ഒരാളെങ്കിലും ബാക്കിയുണ്ടല്ലോ എന്നാണ്‌ വീട്ടിലെത്തിയ സുഹൃത്തുക്കളോടും ബന്ധുക്കളോടും കൃഷ്ണൻനായർ പ്രതികരിച്ചത്‌. ഒടുവിൽ ജീവന്റെ ഒരു തരിമ്പും ശേഷിപ്പിക്കാതെ, ഒരു കൈവഴിയാകെ പൊടുന്നനെ അപ്രത്യക്ഷമായ വേദനയിൽ ഇരുവരും തളർന്നു.

ഹൃദയശസ്‌ത്രക്രിയ കഴിഞ്ഞതിനാൽ കൃഷ്‌ണൻനായർ പെട്ടെന്ന്‌ വാർത്ത അറിയാതിരിക്കാൻ ബന്ധുക്കൾ മുൻകരുതൽ സ്വീകരിച്ചിരുന്നു. ടിവിയുടെ കേബിൾ കണക്‌ഷൻ റദ്ദാക്കി. എത്രനേരം മറച്ചുവയ്‌ക്കുമെന്നറിയാതെ ബന്ധുക്കൾ വീർപ്പുമുട്ടി. ഉറ്റസുഹൃത്തുക്കളിൽ പലരും എത്തിയെങ്കിലും കൃഷ്ണൻനായരെ കാണാതെ പുറത്തുനിന്നു. വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ പലരും സമീപത്തെ വീടുകളിൽ കണ്ണീരൊഴുക്കി. അധികം വൈകാതെ ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ ലെയ്‌നിലെ രോഹിണിഭവന്റെ മുന്നിൽ വലിയ ആൾക്കൂട്ടമായി. പ്രവീണിന്‌ എന്തോ അപകടം പറ്റിയെന്നും ആശുപത്രിയിലാണെന്നും മാത്രം അപ്പോൾ കൃഷ്ണൻനായരെയും പ്രസന്നയെയും ബന്ധുക്കൾ അറിയിച്ചു. വൈകാതെ മകനും കുടുംബവും ഇനി മടങ്ങിയെത്തില്ലെന്ന ബോധ്യത്തിലേക്ക്‌ അവർ എത്തി. ടെലിവിഷൻ ചാനലുകളിൽ ആസമയം റിപ്പോർട്ട്‌ ചെയ്‌തിരുന്നത്‌ പ്രവീണിന്റെ മക്കളിലൊരാൾ മരിച്ചിട്ടില്ല എന്നായിരുന്നു. ഈ ആശ്വസത്തിലാണ്‌ ഇരുവരും ഏറെനേരം പിടിച്ചുനിന്നത്‌.

പ്രവീണിന്റെ സഹോദരി പ്രസീതയും ഭർത്താവ്‌ രാജേഷും രണ്ട്‌ മക്കളുമാണ് കൃഷ്ണൻനായർക്കും പ്രസന്നയ്‌ക്കുമൊപ്പം കുടുംബവീട്ടിൽ താമസിക്കുന്നത്‌. അടുത്ത് ബന്ധുക്കളുണ്ട്. കൃഷ്ണൻനായർ വർഷങ്ങളോളം ദുബായിലായിരുന്നു. പഠനത്തിനുശേഷം 2005ൽ ഗൾഫിലേക്ക്‌ പോയ പ്രവീണിന് അവിടെ സ്വന്തമായി നിർമാണ കമ്പനിയുണ്ട്. ഭാര്യ ശരണ്യയും ദുബായിലായിരുന്നു. പഠനത്തിനായാണ്‌ ശരണ്യ എറണാകുളത്തേക്ക്‌ താമസം മാറിയത്‌. കുട്ടികളും ശരണ്യയുടെ അച്ഛനും എറണാകുളത്തെ വീട്ടിലായിരുന്നു.


പ്രധാന വാർത്തകൾ
 Top