19 October Saturday

നാസിക്കിലെ മുത്തൂറ്റ് ബാങ്കിൽ വെടിവെയ്പ‌്; മലയാളി യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

സാജു സാമുവൽ

മാവേലിക്കര> മഹാരാഷ്ട്രയിലെ നാസിക്കിൽ മലയാളി യുവാവ് കവർച്ചക്കാരുടെ വെടിയേറ്റു മരിച്ചു. തഴക്കര അറുന്നൂറ്റിമംഗലം മുറിവായ്ക്കര ബ്ലെസ് ഭവനത്തിൽ പരേതനായ രാജുവിന്റെയും (ശാമുവേൽ) സാറാമ്മയുടെയും മകൻ സാജു സാമുവൽ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച പകൽ 11 മണിക്ക് ശേഷം മുത്തൂറ്റ് ബാങ്ക് ജോർജ്ജ് ഗ്രൂപ്പിന്റെ നാസിക്കിലെ ബ്രാഞ്ചിലാണ്  സംഭവം. മുത്തൂറ്റ് ബാങ്കിന്റെ ന്യൂബോംബെയിലെ ഓഫീസിൽ സോഫ്റ്റ് വെയർ എൻജിനീയറായ സാജു ഇൻസ്പെക്ഷന് വേണ്ടിയാണ് നാസിക്കിലെത്തിയത്. ഈ സമയം ബാങ്കിൽ എത്തിയ കവർച്ചക്കാർ ജീവനക്കാർക്ക് നേരേ വെടിയുതിർക്കുകയായിരുന്നു.

അപായമണി മുഴക്കാൻ അലാറം സ്ഥാപിച്ചിരിക്കുന്ന മുറിയിലേക്ക് തിരിഞ്ഞ സാജുവിനെ കവർച്ചക്കാർ പിന്നിൽ നിന്നും വെടിവെക്കുകയായിരുന്നു. സാജു സംഭവസ്ഥലത്തു തന്നെ മരിച്ചു. രണ്ടരവർഷം മുമ്പ് അഹമ്മദാബാദിൽ ജോലിക്ക് കയറിയ സാജു ഒരു വർഷം മുമ്പാണ് ന്യൂബോംബേയിലെത്തിയത്. വ്യാഴാഴ്ച ബാങ്കിൽ ഇൻസ്പെക്ഷന് വരേണ്ടിയിരുന്ന സാജു രാവിലെ ഉറങ്ങിപ്പോയതു കാരണം വ്യാഴാഴ്ച വരാൻ കഴിഞ്ഞിരുന്നില്ല. രണ്ടര മാസം മുമ്പ് കുഞ്ഞിന്റെ മാമോദീസക്ക് നാട്ടിലെത്തി മടങ്ങിയതാണ്. ഭാര്യ:  ജെയ്സി. മകൻ: ജർമി (9 മാസം)

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top