Deshabhimani

ആതുരസേവനത്തിൽ മലയാള മധുരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 09:49 AM | 0 min read

മലപ്പുറം > അരികിലെത്തുന്ന രോഗികളോട്‌  മലയാളത്തിൽ സംസാരിക്കാൻ കഴിയുന്നതിന്റെ ആഹ്ലാദത്തിലാണ്‌  ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള കുട്ടി ഡോക്ടർമാർ. അതിന്‌ വഴിയൊരുക്കിയതാകട്ടെ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയും. കേരള ആരോഗ്യ സർവകലാശാലയിലെ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള അലോപ്പതി, ആയുർവേദ, ഹോമിയോ വിദ്യാർഥികളാണ് മലയാള സർവകലാശാലയിലെ ബേസിക് മലയാളം കോഴ്സിലൂടെ മലയാളം പഠിച്ചത്‌. ഇതര സംസ്ഥാന മെഡിക്കൽ വിദ്യാർഥികൾക്ക് രോഗികളുമായി ആശയവിനിമയം നടത്തുന്നതിലെ പ്രയാസം പരിഹരിക്കാനായാണ് മലയാള സർവകലാശാലയും ആരോഗ്യ സർവകലാശാലയും ചേർന്ന്‌ മലയാളം ബേസിക് കോഴ്സിന് തുടക്കമിട്ടത്.

അഖിലേന്ത്യാടിസ്ഥാനത്തിലുള്ള പരീക്ഷകൾ വഴി കേരളത്തിൽ ഇതര സംസ്ഥാന വിദ്യാർഥികൾ  ധാരാളമായി വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് ബേസിക്‌ മലയാളം കോഴ്സ് വളരെയധികം പ്രയോജനകരമാണ്. മെഡിക്കൽ വിദ്യാഭ്യാസത്തെ അടിസ്ഥാനമാക്കിയുള്ള പദങ്ങൾക്കും സന്ദർഭങ്ങൾക്കുമാണ് കോഴ്സ് ഊന്നൽ നൽകുന്നത്. നാലുമാസ കോഴ്സിന്റെ ആദ്യ ബാച്ചിൽ 27 മെഡിക്കൽ വിദ്യാർഥികളാണ്  പഠനം പൂർത്തിയാക്കിയത്‌. നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിച്ചതിന്റെ  പശ്ചാത്തലത്തിൽ മലയാള സർവകലാശാല  വിവിധ വിഷയങ്ങളിൽ ഇത്തരത്തിലുള്ള ഓഫ്‌ലൈൻ/ഓൺലൈൻ കോഴ്സുകൾ നടത്താനുള്ള തയ്യാറെടുപ്പിലാണ്.
വിദ്യാർഥികൾ  ആവേശത്തോടെയാണ്‌ ക്ലാസുകളിൽ പങ്കെടുത്തതെന്ന്‌  മലയാള സർവകലാശാലാ വൈസ് ചാൻസലർ ഡോ. എൽ സുഷമ, കോഴ്സ് കോ- ഓർഡിനേറ്റർ ഡോ. സ്മിത കെ നായർ എന്നിവർ പറഞ്ഞു.

പഠനവും പരീക്ഷയും

വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക്‌ അനുസൃതമായി പാഠ്യപദ്ധതി തയ്യാറാക്കിയായിരുന്നു പഠനം. ആറ്‌ മണിക്കൂർവീതമുള്ള അഞ്ച്‌ മൊഡ്യൂളുകളായി 30 മണിക്കൂറാണ് ഒരുകോഴ്സ്‌. ഉച്ചാരണവും എഴുത്തുപരീക്ഷയും ഉൾപ്പെടുന്നതാണ്‌ പരീക്ഷ. ഇതോടൊപ്പം പത്ത്‌ തുടർ മൂല്യനിർണയ അസൈൻമെന്റുകളുമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home