കൊച്ചി
തിരുവാതിരയെ ജനകീയമാക്കിയ കലാകാരിയും അധ്യാപികയുമായ മാലതി ജി മേനോൻ (84) നിര്യാതയായി. എറണാകുളം രവിപുരം ആലപ്പാട്ട് റോഡിലെ ജയവിഹാറിൽ ബുധനാഴ്ച രാത്രി 9.45ന് ആയിരുന്നു അന്ത്യം. ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച 10.30ന് രവിപുരം ശ്മശാനത്തിൽ. കേരള സംഗീത നാടക അക്കാദമി പുരസ്കാരം, കേരള നാടൻകലാ അക്കാദമി ഫെലോഷിപ്, ലിംക വേൾഡ് ഓഫ് റെക്കോഡ്, ഫോക്ലോർ അക്കാദമി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
കുമ്പളം ശ്രീവിലാസത്തിൽ കാർത്യായനിയമ്മയുടെയും ദാമോദരൻപിള്ളയുടെയും മകളാണ്. 1993ൽ പനമ്പള്ളിനഗർ ഗവ. ഹൈസ്കൂളിൽനിന്ന് അധ്യാപികയായി വിരമിച്ചു. ഭർത്താവ്: എറണാകുളം രവിപുരം കെ എൻ ഗോവിന്ദൻകുട്ടിമേനോൻ.മക്കൾ:- സുധാറാണി, ജയപ്രകാശ് നാരായൺ, ഉഷ റാണി. മരുമക്കൾ: പി രഘു, പ്രീത ബാലകൃഷ്ണൻ, അജിത് കുമാർ.
ഒരുകാലത്ത് വരേണ്യരുടെ നടുമുറ്റങ്ങളിൽ അരങ്ങേറിയിരുന്ന തിരുവാതിരയെ ജനകീയമാക്കിയ കലാകാരിയായിരുന്നു മാലതി ജി മേനോൻ. എറണാകുളത്ത് പാർവണേന്ദു സ്കൂൾ ഓഫ് തിരുവാതിര എന്ന പേരിൽ തിരുവാതിര സ്കൂൾ ആരംഭിച്ചു. തിരുവാതിരയിൽ നിരവധി പരിഷ്കാരങ്ങൾ വരുത്തി. ഇതിൽ സുപ്രധാനമായിരുന്നു പിന്നൽ തിരുവാതിര. വേദിക്കു മുകളിൽനിന്ന് താഴേക്ക് കയർ തൂക്കിയിട്ട് ഓരോരുത്തരും ഓരോ കയർ പിടിച്ചാണ് പിന്നൽ തിരുവാതിര കളിക്കുന്നത്. കളിയുടെ മധ്യഭാഗത്തെത്തുമ്പോഴേക്കും കയറുകൾ ഭംഗിയായി പിരിച്ചുവച്ചിട്ടുണ്ടാകും. കളിയുടെ അടുത്തഘട്ടത്തിൽ പിരിച്ചുവച്ച കയറുകളെ പൂർവസ്ഥിതിയിലെത്തിക്കുന്ന മനോഹരകാഴ്ചയാണ് പിന്നൽ തിരുവാതിര.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..