19 September Thursday

മലപ്പുറവും പൊന്നാനിയും ലീഗ‌് ലീഡുയർത്തി

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

മലപ്പുറം> ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ യുഡിഎഫിന‌് വൻ വിജയം. സിറ്റിങ്‌ എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ്‌ ബഷീറും സീറ്റുകൾ നിലനിർത്തി. ഇരുവരും വോട്ടും ഭൂരിപക്ഷവും ഉയർത്തിയിട്ടുണ്ട‌്. പി കെ കുഞ്ഞാലിക്കുട്ടി 2,60,050  വോട്ടിന് എൽഡിഎഫിലെ വി പി സാനുവിനെയും ഇ ടി മുഹമ്മദ‌് ബഷീർ 1,93,230 വോട്ടിന‌് പി വി അൻവറിനെയുമാണ‌് പരാജയപ്പെടുത്തിയത‌്. മലപ്പുറത്ത‌് പി കെ കുഞ്ഞാലിക്കുട്ടി 5,89,153 വോട്ടും വി പി സാനു 3,29,103 വോട്ടും നേടി. ബിജെപിയുടെ   ഉണ്ണികൃഷ‌്ണന‌് 82,087 വോട്ട് ലഭിച്ചു.

എസ‌്ഡിപിഐ സ്ഥാനാർഥി  അബ്ദുൾ മജീദ‌് ഫൈസി 19,095 വോട്ടും നേടി.  പൊന്നാനിയിൽ  ഇ ടി മുഹമ്മദ‌് ബഷീർ 5,21,438ഉം എൽഡിഎഫ‌് സ്ഥാനാർഥി പി വി അൻവർ പുത്തൻവീട്ടിൽ 3,28,208ഉം വോട്ട് നേടി. ബിജെപിയുടെ വി ടി രമ 1,10,430 വോട്ടും എസ‌്ഡിപിഐയുടെ കെ സി നസീർ 18,114 വോട്ടും നേടി. പൊന്നാനിയിലെ തൃത്താല, തവനൂർ, താനൂർ, പൊന്നാനി, തിരൂർ, തിരൂരങ്ങാടി കോട്ടക്കൽ നിയമസഭാ മണ്ഡലങ്ങളിലെല്ലാം യുഡിഎഫ‌് മുന്നിലെത്തി. മലപ്പുറത്ത‌് കൊണ്ടോട്ടി, വള്ളിക്കുന്ന‌്, മഞ്ചേരി, മലപ്പുറം, മങ്കട, പെരിന്തൽമണ്ണ, വേങ്ങര മണ്ഡലങ്ങളിൽ കുഞ്ഞാലിക്കുട്ടിയും മുന്നിലെത്തി.

തരംഗത്തിൽ യുഡിഎഫ‌് സ്ഥാനാർഥികൾ മികച്ച ഭൂരിപക്ഷം  നേടിയപ്പോഴും വലിയ വോട്ടുചോർച്ചയുണ്ടാകാതെ എൽഡിഎഫ് പിടിച്ചുനിന്നു. പൊന്നാനിയിൽ 24,885ഉം മലപ്പുറത്ത‌് 15,204 വോട്ടുംമാത്രമാണ‌് എൽഡിഎഫിന് കുറഞ്ഞത‌്. പൊന്നാനിയിൽ എൽഡിഎഫ‌് സ്ഥാനാർഥി പി വി അൻവർ 3,28,208 വോട്ട് നേടി. 2014ൽ എൽഡിഎഫ‌് ഇവിടെ 3,53,093 വോട്ടാണ‌് നേടിയത‌്. മലപ്പുറത്ത‌് 2017ലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ‌് 3,44,307 വോട്ട് നേടിയിരുന്നു. ഇത്തവണ 3,29,103 വോട്ട് കിട്ടി. 2014ൽ ലീഗിലെ ഇ അഹമ്മദ്‌ 1,94,739 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചപ്പോൾ എൽഡിഎഫിന‌് 2,42,984 വോട്ടേ  ഉണ്ടായിരുന്നുള്ളൂ.


പ്രധാന വാർത്തകൾ
 Top