23 November Saturday

മലപ്പുറത്ത്‌ മുൻ പഞ്ചായത്ത്‌ പ്രസിഡന്റടക്കം മുസ്ലിംലീഗ്‌ നേതാക്കൾ സിപിഐഎമ്മിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2019

അങ്ങാടിപ്പുറം > മലപ്പുറത്ത്‌ മുസ്ലിംലീഗ്‌ ജില്ലാ നേതാക്കൾ സിപിഐഎമ്മിലേക്ക്‌. മുൻ അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡൻറും മുൻ മങ്കട ബ്ളോക്ക് പഞ്ചായത്ത് അംഗവും വനിതാ ലീഗ് ജില്ലാ കമ്മറ്റി അംഗവും മങ്കട മണ്ഡലം വനിതാ ലീഗ് പ്രസിഡൻറുമായിരുന്ന കോറാടൻ റംല, അങ്ങാടിപ്പുറം പഞ്ചായത്ത് മുൻ അംഗവും വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന തവളേങ്ങൽ ആയിഷ, എസ് ടി യു മലപ്പുറം ജില്ലാ കൗൺസിൽ അംഗവും മുസ്ലിം ലീഗ് അങ്ങാടിപ്പുറം പഞ്ചായത്ത് അംഗവും മുൻ സെക്രട്ടറിയുമായ തവളേങ്ങൽ അബ്ദുൽ സമദ് എന്നിവരാണ്‌ സിപിഐഎമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചത്‌. സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച നേതാക്കൾക്ക് തിങ്കളാഴ്ച വൈകുന്നേരം അങ്ങാടിപ്പുറത്ത് സിപിഐ എം നേതൃത്വത്തിൽ സ്വീകരണം നൽകും.

വർഗീയ ഫാസിസ്റ്റ് ശക്തികൾ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന പ്രതിലോമ പ്രവർത്തനങ്ങൾക്കെതിരെ യഥാർഥ പോരാട്ടം നടത്തുന്നത് ഇടതുപക്ഷപ്രസ്ഥാനങ്ങൾ മാത്രമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇവർ സിപിഐ എമ്മുമായി സഹകരിക്കാൻ തീരുമാനിച്ചത്. വർഗീയ ഫാസിസത്തിനെതിരെ നിലപാടെടുക്കാൻ മുസ്‌ലിം ലീഗിന്‌ കഴിയുന്നില്ല എന്നു മാത്രമല്ല, പരിമിതികൾ ഉണ്ടെന്ന് പറഞ്ഞ് സ്വയം പരിഹാസ്യരാവുകയും ചെയ്യുന്നു. മത നിരപേക്ഷ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കേണ്ടത്  കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന തിരിച്ചറിവു കൂടിയാണ് ഇവർ ലീഗിൽ നിന്ന് രാജിവെച്ച് സിപിഐ എം മായി സഹകരിക്കാൻ തീരുമാനിച്ചതെന്നും നേതാക്കൾ അറിയിച്ചു.

തിങ്കളാഴ്ച  വൈകുന്നേരം 5 30ന് അങ്ങാടിപ്പുറത്ത് നടക്കുന്ന സ്വീകരണ പൊതുയോഗത്തിൽ മുതിർന്ന സിപിഐ എം നേതാവ് പാലോളി മുഹമ്മദ് കുട്ടി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി ശശികുമാർ, ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ കെ പി  സുമതി എന്നിവർ പങ്കെടുക്കും.


പ്രധാന വാർത്തകൾ
 Top