17 September Tuesday

VIDEO- പെരുമഴയിൽ പന്തല്ലൂരിനെ വിറപ്പിച്ചത്‌ 6 ഉരുൾപൊട്ടൽ; ഒറ്റപ്പെട്ട്‌ വയർലെസ് സ്റ്റേഷൻ

സ്വന്തം ലേഖകൻUpdated: Monday Aug 12, 2019

മലപ്പുറം> പെരുമഴ പെയ്‌ത ദിവസങ്ങളിൽ  മലപ്പുറം പന്തല്ലൂരിൽ ആറിടത്ത് ഉരുൾപൊട്ടി. പന്തല്ലൂർ മലയും  ജില്ലയിൽ പൊലീസിന്റെ  വാർത്താവിനിമയ കേന്ദ്രമായ പന്തല്ലൂർ വയർലെസ് സ്റ്റേഷനും ഒറ്റപ്പെട്ടു.  വ്യാഴാഴ്‌ച രാത്രിയുണ്ടായ ഉരുൾപൊട്ടൽ ദിവസങ്ങൾ കഴിഞ്ഞാണ്‌ പുറംലോകം അറിയുന്നത്‌. പല ഭാഗത്തും വിള്ളലുകൾ രൂപപ്പെട്ടതിനാൽ അപകട ഭീഷണി നിലനിൽക്കുന്നു. റോഡ് ഗതാഗതം തകർന്നു. തൂണുകൾ നിലം പൊത്തിയതിനാൽ വൈദ്യുതിയും നിലച്ചു.

വയർലെസ്  സ്റ്റേഷനിലേക്കുള്ള വഴിയിലാണ്‌ ഉരുൾപൊട്ടിയത്‌.  മരംവീണ്‌ ടവറുകൾക്കും നാശമുണ്ടായി. മൊബൈൽ ഫോണുകൾ  നിശ്ചലമാവുമ്പോൾ  പൊലീസിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളെ  ഫലപ്രദമായി ഏകോപിപ്പിക്കുന്നത്‌ വയർലെസ് ബന്ധമാണ്‌. കവളപ്പാറയിൽ വൈദ്യുതിയും ഫോൺ  ബന്ധവും നിലച്ച ഘട്ടത്തിലും പൊലീസിന് തുണയായത്‌ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ ഈ വയർലെസ്‌ സ്‌റ്റേഷനാണ്‌. വൈദ്യുതി ഇല്ലാത്തതിനാൽ ബാറ്ററിയിലാണ്‌ ഇപ്പോൾ പ്രവർത്തനങ്ങൾ.

പെരിന്തൽമണ്ണ–- പാണ്ടിക്കാട് റോഡിൽ കമാനത്തിന്‌ ഇടതുവശത്താണ്‌ പന്തല്ലൂർ മല. ആറ് കിലോമീറ്റർവരെ റോഡുണ്ട്‌.  അവിടുന്ന്‌ മുകളിലേക്ക്‌ നടന്നുകയറണം. 1974–-ൽ സ്ഥാപിച്ച സ്‌റ്റേഷനിൽ കഴിഞ്ഞ മാർച്ചിലാണ്‌ ഏറെ ശ്രമകരമായ ദൗത്യം ഏറ്റെടുത്ത്‌ കെഎസ്‌ഇബി വൈദ്യുതി എത്തിച്ചത്‌.  ഇവിടെ ജോലിചെയ്യുന്ന പൊലീസുകാർ അഞ്ചുദിവസം കഴിഞ്ഞാണ്‌ താഴേക്ക്‌ ഇറങ്ങുക.  ഗതാഗതം പുനഃസ്ഥാപിച്ചില്ലെങ്കിൽ കുടിവെള്ളവും  ഭക്ഷണവും അവിടെ എത്തിക്കുന്നത് ഏറെ ദുഷ്‌കരമാവും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top