23 September Saturday

മലമ്പുഴ റിങ്‌ റോഡ്‌; ഉറപ്പായി ഉരുക്ക്‌ പാലം

എസ്‌ കൃഷ്‌ണമൂർത്തിUpdated: Sunday Jun 11, 2023

മലമ്പുഴ റിങ്‌ റോഡിലെ ഉരുക്ക് പാലം നിർമാണം അന്തിമഘട്ടത്തിലേക്ക്‌

മലമ്പുഴ > കാനനം കാണാം, കരിവീരന്മാരെയും. മനോഹര മാമലകളും കണ്ട് പുഴയിൽ കളിച്ച് കുളിച്ച് മടങ്ങാം. മലമ്പുഴ റിങ്‌ റോഡിലെ ഉരുക്ക് പാലം നിർമാണം അന്തിമഘട്ടത്തിലേക്ക്‌. മലമ്പുഴ അണക്കെട്ട്‌ മുതൽ പൂക്കുണ്ട് വരെയും തോണിക്കടവ് മുതൽ തെക്കെ മലമ്പുഴ വരെയുമുള്ള റോഡുകളെ ബന്ധിപ്പിക്കുന്നതാണ്‌ ഉരുക്ക് പാലം. മലമ്പുഴ അണക്കെട്ടിലേക്ക്‌ ഒഴുകിയെത്തുന്ന ചെറുപുഴയ്‌ക്ക്‌ കുറുകെ നിർമിക്കുന്ന ഉരുക്ക്‌ പാലം സംസ്ഥാനത്ത്‌ ആദ്യത്തേതാണ്‌. അകമലവാരത്തുകാരുടെ സ്വപ്‌ന പദ്ധതി വിനോദസഞ്ചാര മേഖലയ്‌ക്ക്  ഉത്തേജനമാകും.
 
കിഫ്ബി ഫണ്ടിൽ 37. 76 കോടി രൂപ മുടക്കിയാണ് പാലം നിർമാണം. പത്ത് മീറ്റർ വീതിയും 34.7 മീറ്റർ നീളവുമുണ്ടാകും. എലിവാൽ മുതൽ 555 മീറ്ററും തെക്കെ മലമ്പുഴ മുതൽ 327 മീറ്ററും അനുബന്ധപാതയുടെ നിർമാണം പൂർത്തിയായി. റോഡ്സ് ആൻഡ്‌ ബ്രിഡ്‌ജസ്‌ കോർപറേഷനാണ്‌ നിർമാണ ചുമതല. ചെന്നൈയിലെ ജാസ്മിൻ കമ്പനിയാണ് ഉപകരാറെടുത്ത്‌ പണി നടത്തുന്നത്. ചെറുപുഴക്ക് കുറുകെ എട്ട് തൂൺ നിർമിച്ച്‌ മുകളിൽ സ്പാനുകൾ വയ്ക്കുന്നത്‌ ത്വരിതഗതിയിലായി. നാലുമാസത്തിനകം മുഴുവൻ പണിയും പൂർത്തിയാക്കി പൊതുഗതാഗതത്തിന് തുറന്ന് കൊടുക്കാനാകുമെന്ന്‌ കമ്പനി അധികൃതർ പറഞ്ഞു. 2021 ൽ മന്ത്രി പി എ മുഹമ്മദ് റിയാസാണ്‌ പാലം നിർമാണം ഉദ്‌ഘാടനം ചെയ്‌തത്‌.
 
ഇനി 25 കിലോമീറ്റർ ചുറ്റേണ്ട
 
പാലംപണി പൂർത്തിയാവുന്നതോടെ വെള്ളെഴുത്താൻപൊറ്റ കൊല്ലംകുന്ന്, എലിവാൽ, കിളിയകാട്, പൂക്കുണ്ട്, വലിയകാട് വരെയുള്ളവർക്ക് വാഹനത്തിൽ വേഗത്തിൽ മലമ്പുഴയെത്താം. നിലവിൽ 25 കിലോമീറ്റർ ചുറ്റി വേണം എത്താൻ. 
 
കാടും മലയും കാട്ടരുവിയും കടുത്ത വേനലിലും വറ്റാത്ത പുഴകളും തേക്ക് മര ക്കൂട്ടങ്ങളും പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ ഒഴുക്ക് കൂട്ടും. ഇക്കോ ടൂറിസകേന്ദ്രത്തിനുള്ള സാധ്യതയുമുണ്ട്. 
 
വരയാട്, മയിൽ, മാൻ ഉൾപ്പെടെയുള്ള മൃഗങ്ങളെ കാണാനാവും. പ്രദേശവാസികളുടെ ജീവിത നിലവാരത്തിലും വലിയ മുന്നേറ്റമുണ്ടാവും. കെഎസ്ആർടിസിക്ക്‌ വരുമാനം വർധിപ്പിക്കാനുള്ള പാക്കേജ് ടൂറിനും വഴിയൊരുങ്ങും.
 
മരണഭയം വേണ്ട
 
മലമ്പുഴ മുതൽ മലമ്പുഴ വരെയുള്ള റിങ്‌ റോഡിന്റെ നീളം 37 കിലോമീറ്ററാണ്. 1996ൽ നായനാർ സർക്കാരിന്റെ കാലത്ത്‌  മന്ത്രിയായിരുന്ന ടി ശിവദാസമേനോൻ ഇടപെട്ടാണ്‌ റിങ്‌ റോഡ്‌ നിർമാണത്തിന് തുടക്കമിട്ടത്‌. അകമലവാരത്തുള്ളവർക്ക് പുറംലോകത്തെത്താൻ ഏകവഴി മലമ്പുഴ അണക്കെട്ടിലൂടെയുള്ള തോണിയാത്ര ആയിരുന്നു. അപകടം നിറഞ്ഞ യാത്രയിൽ തോണി മറിഞ്ഞ്‌ 33 പേർ മരിച്ചിട്ടുണ്ട്.
 
കോടികൾ മുടക്കി കുന്നുകളും പാറകളും ഇടിച്ച് നിരത്തി ചെറുതും വലുതുമായ 15 പാലം നിർമിച്ചാണ്‌ റിങ്‌ റോഡുണ്ടാക്കിയത്‌. ആനക്കല്ല് ചുറ്റിയുള്ള റോഡ് വെള്ളെഴുത്താൻ പൊറ്റയിലും തോണിക്കടവ് മുതലുള്ള റോഡ് തെക്കെ മലമ്പുഴ വരെയും പുതുക്കിപ്പണിതു. പിന്നീട് സ്വകാര്യവ്യക്തിയുടെ ഇടപെടലോടെ വർഷങ്ങളായി പാലം നിർമാണം തടസ്സപ്പെട്ടു. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ഇടപെടലിനെ തുടർന്ന് വെള്ളെഴുത്താൻപൊറ്റ മുതൽ പാലം വരെയുള്ള റോഡ് പൂർത്തിയായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top