വർക്കല
മംഗലാപുരം–-- തിരുവനന്തപുരം മലബാർ എക്സ്പ്രസ് ട്രെയിനിന്റെ പാഴ്സൽ ബോഗിയിലെ തീപിടിത്തം യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. യാത്രക്കാരുടെയും ഇടവ സ്റ്റേഷനിലെ ഗേറ്റ് കീപ്പറുടെയും സമയോചിത ഇടപെടലിലൂടെയാണ് വൻ ദുരന്തം ഒഴിവായത്. ട്രെയിൻ കാപ്പിൽ സ്റ്റേഷൻ വിട്ടപ്പോൾ തന്നെ എൻജിൻ ഭാഗത്തുനിന്നും തീയും പുകയും ഉയരുന്നത് യാത്രക്കാർ കണ്ടു. അപ്പോൾ തന്നെ യാത്രക്കാർ ട്രെയിനിന്റെ അപായ ചങ്ങല വലിച്ചു. ചങ്ങല വലിച്ചതോടെ ഇടവ റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ പിടിച്ചിട്ടു. ട്രെയിൻ നിർത്തിയയുടൻ പാഴ്സൽ ബോഗിക്ക് സമീപമുണ്ടായിരുന്ന ഗാർഡ് ഇറങ്ങി ഓടി. ഇടവയിലെ ഗേറ്റ് കീപ്പറാണ് റെയിൽവേ അധികാരികളെ വിവരം അറിയിച്ചത്. ഉടൻ ലൈനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
പാഴ്സൽ ബോഗിയിൽനിന്ന് വൻതോതിൽ പുക ഉയരുന്നത് കണ്ട് നാട്ടുകാർ പല ഭാഗത്ത് നിന്നും ഓടിയെത്തി. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. വിവരമറിഞ്ഞെത്തിയ റെയിൽവേ ഉദ്യോഗസ്ഥർ ബോഗി എൻജിനിൽനിന്നും വേർപെടുത്തി. തുടർന്ന് ബോഗി കഴുകി വൃത്തിയാക്കി വർക്കലയിലെത്തിച്ചു. മെക്കാനിക്കൽ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ വർക്കലയിലെത്തി ട്രെയിൻ പരിശോധിച്ച് സുരക്ഷിതമെന്ന് സർട്ടിഫൈ ചെയ്തശേഷമാണ് ട്രെയിൻ പുറപ്പെട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..