18 October Friday

വയനാടിന്റെ സ്വന്തം "മലബാർ കാപ്പി' ഉടൻ വിപണിയിൽ: തോമസ്‌ ഐസക്‌

സ്വന്തം ലേഖികUpdated: Monday Sep 16, 2019

കൽപ്പറ്റ >  വയനാടിന്റെ  സ്വന്തം കാപ്പി  മലബാർ  കാപ്പി എന്ന പേരിൽ  ബ്രാൻഡ്‌ ചെയ്‌ത്‌ ഉടൻ വിപണിയിലിറക്കുമെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു. വയനാട്ടിൽ കാപ്പി കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്ന മലബാർ കാപ്പി പദ്ധതി സംബന്ധിച്ച്‌ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച  ദിദ്വിന ശിൽപ്പശാലയ്‌ക്കു ശേഷം മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 കൽപ്പറ്റക്കടുത്ത വാര്യാട്‌ ഏറ്റെടുത്ത നൂറ്‌ ഏക്കർ  ഭൂമിയിൽ ആധുനിക രീതിയിലുള്ള കാർബൺ ന്യൂട്രൽ കോഫി പാർക്ക്‌ സ്ഥാപിക്കും.  150 കോടി രൂപ കിഫ്‌ബിയിൽ ഇതിനായി നീക്കിവച്ചിട്ടുണ്ട്‌. പാർക്കിനുള്ളിൽ സ്വകാര്യ വ്യക്തികൾക്ക്‌   കാർഷിക വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ അവസരമൊരുക്കും.  ഇതിനെ സംരംഭകർക്കുള്ള കോമൺ ഫെസിലിറ്റേറ്റിങ് സെന്ററാക്കി മാറ്റും.  കോഫി പ്രോസസിങ് സെന്ററായാണ്‌ ഇത്‌ പ്രധാനമായും പ്രവർത്തിക്കുക.

 അടുത്ത വർഷം അവസാനത്തോടെ കോഫി പാർക്ക്‌ യാഥാർഥ്യമാകും. അതിനു മുമ്പ്‌ കേരളത്തിലുടനീളം മലബാർ കാപ്പി വിതരണം ചെയ്യാൻ കിയോസ്‌ക്കുകൾ ആരംഭിക്കും.

 പ്ലാന്റിൽ കാപ്പി വിൽക്കുന്നവർ കൃഷി രീതിയിൽ അനുവർത്തിക്കേണ്ട ചിട്ടകൾ  സംബന്ധിച്ച്‌   കൃഷി വകുപ്പ്‌ രൂപരേഖ തയ്യാറാക്കും. കർഷകസംഘടനകൾ, ഉൽപ്പാദക കമ്പനികൾ, വ്യക്തികൾ തുടങ്ങി താൽപ്പര്യമുള്ള ആർക്കും പ്ലാന്റുമായി ബന്ധപ്പെട്ട്‌ സംരംഭങ്ങൾ തുടങ്ങാൻ അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top