23 March Saturday

ക്ഷീരകര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും ജീവിതോപാധി വായ്പ; ഇടുക്കിയില്‍ പുതിയ സര്‍ക്കാര്‍ ഐടിഐ; പ്രധാന മന്ത്രിസഭാ തീരുമാനങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Thursday Dec 13, 2018

തിരുവനന്തപുരം > പ്രളയബാധിത / ഉരുള്‍പൊട്ടല്‍ ബാധിതമായി പ്രഖ്യാപിച്ച 1,260 വില്ലേജുകളിലെ ക്ഷീരകര്‍ഷകര്‍ക്കും പൗള്‍ട്രി കര്‍ഷകര്‍ക്കും അലങ്കാര പക്ഷി കര്‍ഷകര്‍ക്കും തേനീച്ച കര്‍ഷകര്‍ക്കും ചെറുകിട-ഇടത്തര വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും 'ഉജ്ജീവന വായ്‌പാപദ്ധതി' എന്ന പേരില്‍ ജീവിതോപാധി പുനരാരംഭിക്കുന്നതിന് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലുളള പണം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. 

ജീവിതോപാധി പുനരാരംഭിക്കുന്നതിന് ദുരന്തബാധിതര്‍ വാണിജ്യബാങ്കുകളില്‍ നിന്നോ സഹകരണ ബാങ്കുകളില്‍ നിന്നോ എടുക്കുന്ന വായ്‌പയുടെ മാര്‍ജിന്‍ മണിയായി രണ്ടുലക്ഷം രൂപയോ വായ്പയുടെ 25 ശതമാനമോ (ഏതാണോ കുറവ് അത്) അനുവദിക്കും. പ്രവര്‍ത്തനമൂലധനം മാത്രം വായ്പയായി എടുക്കുന്നവര്‍ക്ക് 25 ശതമാനമോ ഒരു ലക്ഷം രൂപയോ (ഏതാണോ കുറവ് അത്) മാര്‍ജിന്‍ മണിയായി അനുവദിക്കും. പ്രവര്‍ത്തനമൂലധനത്തിനു മാത്രം വായ്‌പ എടുക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് 9 ശതമാനം നിരക്കില്‍ പലിശ സബ്‌സിഡി (ഇന്ററസ്റ്റ് സബ്‌വെന്‍ഷന്‍) നല്‍കും.

ഈ പദ്ധതിയുടെ ഉത്തരവ് ഇറങ്ങുന്നതിനു മുമ്പ് 2018-ലെ പ്രളയത്തിലെ നഷ്ടത്തിന് വായ്പ എടുത്ത (പത്തു ലക്ഷം രൂപ വരെയുളള വായ്പ) ദുരന്തബാധിതര്‍ക്ക് ഒരു വര്‍ഷത്തേക്ക് 9 ശതമാനം നിരക്കില്‍ പലിശ സബ്‌സിഡി അനുവദിക്കും. പദ്ധതി ഉപയോഗപ്പെടുത്താനുളള കാലാവധി 2019 മാര്‍ച്ച് 31 വരെയായിരിക്കും.

ഓരോ വിഭാഗത്തിന്റെയും വായ്പാ അപേക്ഷകള്‍ ബാങ്കുകളിലേക്ക് ശുപാര്‍ശ ചെയ്യുന്നതിന് അതത് വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. കിസാന്‍ കാര്‍ഡ് ഉള്ളവരെക്കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. വായ്പ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് 4 ശതമാനം പലിശ സബ്‌സിഡി അനുവദിക്കാനും തീരുമാനിച്ചു.

മറ്റു പ്രധാന മന്ത്രിസഭാ തീരുമാനങ്ങള്‍


കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം തുടങ്ങുന്നതിന് 17 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ഇടുക്കി ജില്ലയിലെ ചിത്തിരപുരത്ത് സര്‍ക്കാര്‍ ഐടിഐ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. ഡ്രാഫട്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍ എന്നീ ട്രേഡുകളുടെ രണ്ടു യൂണിറ്റുകള്‍ വീതം അനുവദിക്കും. ഇതിനായി 8 തസ്തികകള്‍ സൃഷ്ടിക്കും. ഐടിഐക്കുളള സ്ഥലവും കെട്ടിടവും തദ്ദേശസ്വയംഭരണ സ്ഥാപനം ലഭ്യമാക്കണം.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകള്‍ സ്ഥാപിക്കുന്നതിന് തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ പരിസരത്ത് 10.15 ആര്‍ സ്ഥലം 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ടാണ് ഭൂമി കൈമാറുക.

ജലസേചനവകുപ്പിലെ 944 എസ്എല്‍ആര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

കണ്ണൂരിലെ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എയര്‍പോര്‍ട്ട് യൂണിറ്റ് ഒന്നിലെ ഏഴ് തസ്‌തികകള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു.

2006 ഐഎഫ്എസ്  ബാച്ചിലെ വിജയാനന്ദന്‍, ആര്‍ കമലഹാര്‍, പിപി പ്രമോദ് എന്നിവരെ സെലക്ഷന്‍ ഗ്രേഡ് പദവിയിലേക്കുള്ള പ്രൊമോഷന്‍ പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

2001 ഐഎഫ്എസ് ബാച്ചിലെ പത്മാമഹന്ദിയെ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് പദവിയിലേക്കുളള പ്രൊമോഷന്‍ പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് സെക്രട്ടറിയേറ്റ് രൂപീകരിക്കുന്നതിന് പൊതുഭരണ സെക്രട്ടറിയേറ്റിലെ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പില്‍ ഒരു അഡീഷണല്‍ സെക്രട്ടറിയുടെയും ഒരു സെക്ഷന്‍ ഓഫീസറുടെയും മൂന്ന് അസിസ്റ്റന്റുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

മുഖാരി/മുവാരി സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ഈ തീരുമാനം.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top