24 May Friday

ടി എൻ പ്രതാപന്റെ സ‌്ത്രീസുരക്ഷ കാപട്യം; മഹിളാ കോൺഗ്രസ‌് നേതാവ് പ്രത്യക്ഷ സമരത്തിന‌്

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019

ഷീല പത്മനാഭൻ വാർത്താസമ്മേളനം നടത്തുന്നു. ഭർത്താവ‌് പത്മനാഭൻ സമീപം

വടക്കാഞ്ചേരി> സ്ത്രീത്വത്തെ അപമാനിച്ച കോൺഗ്രസ‌് നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ‌് നേതാവ് പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. ജില്ലാ പഞ്ചായത്ത്  സ്ഥിരം സമിതി മുൻ അധ്യക്ഷയും മഹിളാ കോൺഗ്രസ് നേതാവുമായ ഷീല പത്മനാഭനാണ്   ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെ നിരാഹാര സമരമടക്കമുള്ള പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങുമെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ജില്ലാ സഹകരണ ബാങ്കിൽനിന്നെടുത്ത വായ്പാ തിരിച്ചടവ‌് മുടങ്ങിയതിനെത്തുടർന്ന് ജപ്തി നടപടിയായപ്പോൾ ജില്ലാ പ്രസിഡന്റ് ടി എൻ പ്രതാപൻ, അനിൽ അക്കര എംഎൽഎ അടക്കമുള്ള നേതാക്കളോട‌് സഹായമഭ്യർഥിച്ചിരുന്നു. വാതരോഗംമൂലം ചികിത്സയിലായിരുന്ന തനിക്ക് അണലി വിഷബാധയുമുണ്ടായി. കഴുത്തിനുതാഴെ ശരീരം ദുർബലമായി. ചികിത്സക്ക‌് പത്തുലക്ഷം രൂപ ചെലവായി. ഈ സാഹചര്യത്തിലാണ് സഹായ അഭ്യർഥനയുമായി നേതൃത്വത്തെ സമീപിച്ചത്.

തന്റെ അപേക്ഷ ചർച്ച ചെയ്യുന്നതിന് ചേർന്ന മുണ്ടത്തിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ ഡിസിസി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭാ പ്രതിപക്ഷനേതാവുമായ കെ അജിത്കുമാർ തനിക്ക് നേരെ അസഭ്യവർഷം നടത്തി. ഇതിനെതിരെ കെപിസിസി പ്രസിഡന്റ‌്, ഡിസിസി പ്രസിഡന്റ‌് അടക്കമുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. മാത്രമല്ല പാർടിയെ അപമാനിച്ചു എന്നാരോപിച്ച് തനിക്കെതിരെ നടപടി സ്വീകരിക്കുകയാണുണ്ടായത‌്. തനിക്ക് നേരെ വധഭീഷണി ഉയർന്ന സാഹചര്യത്തിൽ പൊലീസിൽ പരാതി നൽകി. മൊഴി രേഖപ്പെടുത്തി കോടതിയിലേക്ക് കേസ് കൈമാറി.

അശരണയും രോഗിയുമായ തന്നെ അപമാനിച്ചവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ   തനിക്കെതിരെ നടപടി സ്വീകരിച്ച ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇരയെ അവഗണിച്ച് വേട്ടക്കാരനോടൊപ്പം നിൽക്കുന്ന സമീപനമാണ് സ്വീകരിച്ചത്.  സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനം കാപട്യമാണെന്ന്–- ഷീല പത്മനാഭൻ പറഞ്ഞു. ആലത്തൂർ ലോക‌്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസിന്റെ വനിതാ സ്ഥാനാർഥിയടക്കമുള്ള മഹിളാ കോൺഗ്രസ് നേതാക്കൾ വേട്ടക്കാരെ സംരക്ഷിക്കുന്ന നേതൃത്വത്തിനൊപ്പമാണോയെന്ന് വ്യക്തമാക്കണം. ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെ തൃശൂരിൽ നിരാഹാരമടക്കമുള്ള പ്രത്യക്ഷ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് ഷീല പത്മനാഭൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഇവരുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ പത്മനാഭനും പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top