18 September Wednesday

മഹാരാജാസ‌ിൽ ബിരുദ, ബിരുദാനന്തര കോഴ‌്സുകൾക്ക‌് വിദ്യാർഥികളുടെ തള്ളിക്കയറ്റം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 5, 2019

കൊച്ചി
എറണാകുളം മഹാരാജാസ‌് കോളേജിൽ ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. ബിരുദതലത്തിൽ  650 സീറ്റുകൾക്കായി 14,500 അപേക്ഷകൾ ലഭിച്ചപ്പോൾ 250 സീറ്റുകളുള്ള ബിരുദാനന്തര ബിരുദ തലത്തിൽ 4500 അപേക്ഷകളാണ് കിട്ടിയത‌്.

ബിരുദ തലത്തിൽ ഇംഗ്ലീഷിനാണ‌് ഏറ്റവും കൂടുതൽ അപേക്ഷകർ. 25 സീറ്റുള്ള ബിഎ ഇംഗ്ലീഷിന‌് 4042 അപേക്ഷ ലഭിച്ചു. ബികോം തൊട്ടുപിന്നിലുണ്ട‌്. 24 സീറ്റിലേക്ക‌് 2986 അപേക്ഷകർ. 40 സീറ്റുള്ള മലയാ‌ളത്തിന‌് 2012 അപേക്ഷകരുണ്ട‌്. സയൻസ‌് വിഷയങ്ങളിലും അപേക്ഷകർ നിരവധിയാണ‌്. 28 സീറ്റുള്ള ബിഎസ‌്സി ഫിസിക‌്സിന‌്  2099 അപേക്ഷകർ എത്തി.
ബിരുദാനന്തര പഠനത്തിന‌ും അപേക്ഷകർ വളരെ കൂടുതലാണ‌്. 288 സീറ്റുകളാണ‌്  മഹാരാജാസിൽ ഉള്ളത‌്. ഇതിലേക്ക‌്  ഓൺലൈനായി 4600 അപേക്ഷകളാണ‌് എത്തിയത‌്. ആദ്യ അലോട്ട‌്മെന്റിൽ തന്നെ 95 ശതമാനം സീറ്റുകളും നിറഞ്ഞു. 275 സീറ്റുകളാണ‌് ആദ്യ അലോട്ട‌്മെന്റിൽ അനുവദിച്ചത‌്. 

സമയബന്ധിതമായി സെമസ്റ്റർ പരീക്ഷകളും കുറ്റമറ്റ മൂല്യനിർണയവും ചുരുങ്ങിയ സമയത്തിനുള്ളിൽ  ഫലപ്രഖ്യാപനവും നടത്തുന്നതാണ‌് ഇതിന‌് കാരണമെന്ന‌് അധികൃതർ പറഞ്ഞു. 2019ൽ അവസാനവർഷ ബിരുദതല പരീക്ഷകൾ കഴിഞ്ഞ് 25 ദിവസത്തിനുള്ളിൽ  ഫലപ്രഖ്യാപനം നടത്തി. ഈ വർഷം ബിരുദാനന്തര ബിരുദ തലത്തിൽ 90 ശതമാനം വിജയം കൈവരിക്കാൻ സാധിച്ചു. നിലവിൽ 20 ബിരുദ കോഴ്‌സുകളും 21 ബിരുദാനന്തര ബിരുദ കോഴ്‌സുകളും നടത്തുന്ന കലാലയത്തിൽ 15 ഗവേഷണ വകുപ്പുകൾ പ്രവർത്തിക്കുന്നു. ഉടൻതന്നെ ആർക്കിയോളജി , ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ് എന്നീ പുതിയ ബിരുദാനന്തര കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ  മുന്നേറുകയാണ്.

തെക്കേ ഇന്ത്യയിലെ ഏറ്റവും മികച്ച ലൈബ്രറി സമുച്ചയമാണ് പുതുതായി നിർമിക്കുന്ന മൂന്നുനില കെട്ടിടത്തിൽ ഒരുക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ മൂന്നുനിലകളിലായി തയ്യാറാക്കുന്ന അക്കാദമിക് ബ്ലോക്കാണ് മറ്റൊരു മികവ്. 190 കുട്ടികളെ പ്രവേശിപ്പിക്കാൻ സാധിക്കുന്ന തരത്തിൽ ആൺകുട്ടികൾക്കായുള്ള ഹോസ്റ്റൽ നവീകരിച്ചു. പത്ത‌് കോടി ചെലവിൽ പുതിയ ഹോസ്റ്റലിനുള്ള ബഹുനില കെട്ടിടം പൂർത്തിയാകുന്നു. കലാലയത്തിന്റെ  ഡിജിറ്റൽ സാങ്കേതിക സൗകര്യം മെച്ചപ്പെടുത്താനും കിഫ്‌ബി ഫണ്ട് വിനിയോഗിച്ച‌് ആധുനിക സംവിധാനങ്ങളോടെ  കോളേജ് ഓഡിറ്റോറിയം നിർമിക്കുന്നതിനും നടപടികൾ മുന്നേറുകയാണ്. കോളേജിനെ ‘ഹരിതകലാലയ’മാക്കുന്നതിന‌് നാല‌് വകുപ്പുകളും പരീക്ഷാ കൺട്രോളർ ഓഫീസും പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കാനുള്ള പദ്ധതിയും പൂർത്തിയാകുന്നു. ലോകോത്തര നിലവാരത്തിലുള്ള ശാസ്ത്ര, ചരിത്ര മ്യൂസിയം പദ്ധതിയും പരിഗണനയിലാണ‌്. കോളേജിന്റെ ചരിത്ര പൈതൃക രേഖകളും ചരിത്രപ്രാധാന്യമുള്ള വസ്തുക്കളും ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനുള്ള നടപടി സംസ്ഥാന പുരാരേഖാ വകുപ്പ‌്‌ ആരംഭിച്ചു.


പ്രധാന വാർത്തകൾ
 Top