06 October Thursday

മാർക്‌സിസം കാലത്തിനും രാജ്യത്തിനും അനുസരിച്ച്‌ പ്രയോഗിക്കേണ്ട സർഗാത്മകശാസ്‌ത്രം: എം എ ബേബി

സ്വന്തം ലേഖകൻUpdated: Friday Jul 29, 2022

ന്യൂഡൽഹി> കാലത്തിന്റെയും രാജ്യത്തിന്റെയും സവിശേഷതകൾ കണക്കിലെടുത്ത്‌ കൊണ്ട്‌ പ്രയോഗിക്കേണ്ട ശാസ്‌ത്രമാണ്‌ മാർക്‌സിസമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി. ‘21ാം നൂറ്റാണ്ടിനും  ദേശീയസാഹചര്യങ്ങൾക്കും അനുസൃതമായി മാർക്‌സിസത്തിന്റെ പ്രയോഗം ’ എന്ന വിഷയത്തിൽ ഓൺലൈനിൽ നടന്ന സിംപോസിയത്തിൽ സിപിഐ എം കാഴ്‌ച്ചപ്പാട്‌ അവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാർക്‌സിസം ലെനിനിസം അത്യന്തം സർഗാത്മകമായ ഒരു ശാസ്‌ത്രമാണ്‌. അത്‌ അവസാനവാക്കല്ല. നിരന്തരം വികസിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്തിന്റെയെങ്കിലും കാർബൺപകർപ്പ്‌ യാന്ത്രികമായി എടുക്കുന്നത്‌ പോലെ സാമൂഹ്യമാറ്റം സംബന്ധിച്ച ഒരു രാജ്യത്തിലെ അനുഭവങ്ങൾ അതേപടി പകർത്താൻ കഴിയില്ല. നിരന്തരം വികസിപ്പിച്ചില്ലെങ്കിൽ മുരടിപ്പും തിരിച്ചടിയുമുണ്ടാകാം. മഹത്തായ വിപ്ലവപരാജയങ്ങളുടെയും പിന്നോട്ടടികളുടെയും ചരിത്രങ്ങൾ ഇതാണ്‌ വ്യക്തമാക്കുന്നത്‌.

ഒരു നൂറ്റാണ്ട്‌ പിന്നിടുന്ന ഇന്ത്യയിലെ കമ്യൂണിസ്‌റ്റ്‌ അനുഭവം വൈവിധ്യപൂർണമാണ്‌. തൊഴിലാളി, കർഷകപ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിന്‌ പാർടി വ്യത്യസ്‌ത സമരപാതകൾ പിന്തുടർന്നിട്ടുണ്ട്‌. ചൂഷിതർക്ക്‌ ആശ്വാസം പകരാൻ ലഭിച്ച സന്ദർഭങ്ങൾ പരമാവധി ഫലപ്രദമായി വിനിയോഗിച്ചിട്ടുണ്ട്‌. ഇപ്പോൾ, കമ്യൂണിസ്‌റ്റുകാർ നയിക്കുന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ ആശ്വാസനടപടികൾക്ക്‌ ഒപ്പം ബദൽനയങ്ങളും ആവിഷ്‌കരിച്ച്‌ നടപ്പിലാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്‌. പൊതുസാമ്പത്തിക കുഴപ്പങ്ങൾക്കും രാജ്യത്ത്‌ നിലവിലുള്ള ചൂഷണവ്യവസ്ഥയ്‌ക്കും ഉള്ളിൽ നിന്ന്‌ വളരെ വിഷമം പിടിച്ച കാര്യമാണിതെങ്കിലും ജനപിന്തുണയോടെ അത്തരം പരിശ്രമങ്ങൾക്ക്‌  സധൈര്യം ശ്രമിക്കാൻ കമ്യൂണിസ്‌റ്റുകാർ ശ്രമിക്കേണ്ടതുണ്ട്‌. അതിനാണ്‌ സിപിഐ എം പരിശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ചൈനയുടെ പ്രസിഡന്റ്‌ ഷീ ജിൻപിങ്ങ്‌, ക്യൂബൻ പ്രസിഡന്റ്‌ ഡയസ്‌കെനാൽ, വിയത്‌നാം കമ്യൂണിസ്‌റ്റ്‌ പാർടി ജനറൽ സെക്രട്ടറി എൻ ഗുയൻ ഫു ത്രോംഗ്‌, റഷ്യൻ കമ്യൂണിസറ്റ്‌പാർടി ജനറൽസെക്രട്ടറി ഷുഗാനോവ്‌ തുടങ്ങിയ നേതാക്കളുടെ അഭിവാദന സന്ദേശങ്ങളോടെയാണ്‌ ചർച്ച അവസാനിച്ചത്‌.

ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടി കേന്ദ്രകമ്മിറ്റി അന്താരാഷ്ട്രവിഭാഗം നേതാവായ ലിയു ജിയാൻചോയുടെ മുഖ്യപ്രഭാഷണത്തെ തുടർന്ന്‌ ലാവോസ്‌ ജനകീയ പാർടി നേതാവും രാജ്യത്തെ വൈസ്‌പ്രസിഡന്റുമായ പാനിയതോത്തു, ദക്ഷിണാഫ്രിക്കൻ കമ്യൂണിസ്‌റ്റ്‌ പാർടി ജനറൽസെക്രട്ടറി സോളിമാപില, പോർച്ചുഗീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടി ജനറൽസെക്രട്ടറി ജെറോനി മോ ഡിസൂസ, ചിലിയൻ കമ്യൂണിസ്‌റ്റ്‌ പാർടി അദ്ധ്യക്ഷൻ ഗില്ലെർമോ തെല്ലിയർ, ഉറുഗ്വേ കമ്യൂണിസ്‌റ്റ്‌പാർടി ജനറൽസെക്രട്ടറി ജുവാൻകാസ്‌റ്റിലോ, ഈജിപ്‌ത്‌ സോഷ്യലിസ്‌റ്റ്‌ പാർടി ജനറൽസെക്രട്ടറി അവാങ്ങ്‌ ഷാബാൻ, പലസ്‌തീൻ ജനകീയപാർടി ജനറൽസെക്രട്ടറി ബസ്സാംസൽഹി തുടങ്ങി 35 പ്രതിനിധികൾ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top