05 June Monday

റബറിന്റെ താങ്ങുവില; കേന്ദ്രമന്ത്രിയുടെ മറുപടി കുടിയേറ്റ 
ജനതയോടുള്ള വഞ്ചന: എം വി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

കണ്ണൂർ > റബറിന് താങ്ങുവില നിശ്ചയിക്കില്ലെന്ന കേന്ദ്രമന്ത്രിയുടെ മറുപടി കുടിയേറ്റ ജനതയോട് ബിജെപി സർക്കാർ കാട്ടുന്ന വഞ്ചനയുടെ സാക്ഷ്യപത്രമാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു. താങ്ങുവില നിശ്ചയിക്കാതെ എങ്ങനെ റബറിന് 300 രൂപ കിട്ടും?  25 ശതമാനമോ കിലോഗ്രാമിന് 30 രൂപയോ ഏതാണ് കുറവ് അതായിരിക്കും ഇറക്കുമതി നികുതി എന്നാണ് കേന്ദ്രബജറ്റ് വ്യക്തമാക്കിയത്. ഇതുകൊണ്ടുമാത്രം സ്വാഭാവിക റബറിന്റെ വില വർധിക്കില്ലെന്നും കൃഷിക്കാരന്റെ  ദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്നും മിനിമം താങ്ങുവില നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ എളമരം കരീം,  ജോസ് കെ മാണി, ബിനോയ് വിശ്വം എന്നീ എൽഡിഎഫ് എംപിമാർ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകിയത്. തലശേരി ബിഷപ്‌ ആവശ്യപ്പെട്ടതുപോലെയാണിത്‌.

ആസിയാൻ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന മിശ്രിത റബറിന് ഇറക്കുമതി നികുതി ഇന്ത്യയ്ക്ക് മാത്രമായി വർധിപ്പിക്കാനാവില്ലെന്നും എംഎസ്‌പിയുടെ പരിധിയിൽ വരുന്ന 25 കാർഷികോൽപ്പന്നങ്ങളുടെ കൂട്ടത്തിൽ റബറില്ലെന്നുമാണ് കേന്ദ്രമന്ത്രി രേഖാമൂലമുള്ള കത്തിൽ വ്യക്തമാക്കുന്നത്.  ആസിയാൻ കരാറാണ് കാർഷികോൽപ്പന്നങ്ങൾക്ക് വില ഇടിച്ചതെന്ന് എൽഡിഎഫും കർഷകസംഘടനകളും നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്നതാണ്.
 
അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപവും ഇക്കാര്യം  വ്യക്തമാക്കിയിട്ടുണ്ട്.  ആസിയാൻ കരാർ മുതൽ ഡൽഹിയിലെ കർഷകപ്രക്ഷോഭത്തിൽവരെ കൃഷിക്കാരെ വഞ്ചിച്ച ബിജെപിയെ വിശ്വസിക്കാമോ എന്ന ചോദ്യവും സത്യദീപം ഉയർത്തുന്നു. റബർ കർഷകർക്ക് ദുരിതവും ക്രിസ്ത്യൻ ന്യൂനപക്ഷവേട്ടയും സമ്മാനിക്കുന്ന ബിജെപിക്ക് കേരളത്തിൽനിന്ന് ഒരു എംപിയെ ജയിപ്പിക്കാമെന്ന് മനക്കോട്ടകെട്ടിയവർക്കുള്ള ചുട്ട മറുപടിയാണ് സത്യദീപത്തിന്റെ  ഈ തുറന്നെഴുത്തും കേന്ദ്രമന്ത്രിയുടെ കത്തുമെന്ന്‌ കുടിയേറ്റ ജനത തിരിച്ചറിയുമെന്നും ജയരാജൻ പ്രസ്‌താവനയിൽ വ്യക്തമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top