13 May Thursday

തളിപ്പറമ്പിൽ എൽഡിഎഫ്‌ വോട്ട്‌ ചോർന്നിട്ടില്ല: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021


കണ്ണൂർ
തളിപ്പറമ്പ്‌ മണ്ഡലത്തിൽ എൽഡിഎഫ്‌ വോട്ടിൽ ചോർച്ചയുണ്ടായിട്ടില്ലെന്ന്‌ നിയുക്ത എംഎൽഎയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ എം വി ഗോവിന്ദൻ വ്യക്തമാക്കി. ഫലപ്രഖ്യാപന ദിവസം മണ്ഡലത്തിലെ എൽഡിഎഫ്‌ ലീഡ് സംബന്ധിച്ച അവ്യക്തത തെരഞ്ഞെടുപ്പ്‌ കമീഷന്റെ പിടിപ്പുകേടുമൂലം ഉണ്ടായതാണ്‌. ഇതു മുതലെടുത്ത് ചില ദൃശ്യമാധ്യമങ്ങൾ വോട്ടുചോർച്ചയെന്നും തിരിച്ചടിയെന്നും പ്രചരിപ്പിച്ച്‌ ചർച്ചചെയ്യുകയിരുന്നു.

സാധാരണഗതിയിൽ ഓരോ റൗണ്ട് എണ്ണിക്കഴിയുമ്പോഴും വോട്ടുകണക്ക്‌  അപ്‌ലോഡ് ചെയ്യണം. തളിപ്പറമ്പിൽ പകൽ 11വരെ മാത്രമേ ഇത്തരത്തിൽ രേഖപ്പെടുത്തിയിട്ടുള്ളു. അപ്പോൾ രണ്ടായിരത്തിൽപ്പരം വോട്ടിന്റെ ലീഡുണ്ടായിരുന്നു. ദൃശ്യമാധ്യമങ്ങളടക്കം ആ ലീഡുനില പ്രദർശിപ്പിച്ചുകൊണ്ടിരുന്നു. ഉച്ചകഴിഞ്ഞപ്പോൾ, തളിപ്പറമ്പിൽ എൽഡിഎഫ് വോട്ട് ഒഴുകിപ്പോയി, പാർടിക്കകത്തെ തർക്കപ്രശ്നമാണ് കാരണം എന്നൊക്കെ ചില ചാനലുകൾ നുണപ്രചാരണവും ചർച്ചയും നടത്തി. വൈകുന്നേരമായപ്പോൾ, ശരിയായ ലീഡുനില സംപ്രേഷണം ചെയ്യണമെന്നുമാവശ്യപ്പെട്ട് എൽഡിഎഫ് പ്രവർത്തകർ ചാനലുകളിൽ വിളിച്ച്‌  കണക്ക് കൊടുത്തപ്പോഴാണ് ഭൂരിപക്ഷം 17,000 എന്ന്‌ തിരുത്തിയത്‌. വീണ്ടും വർധിച്ച ഭൂരിപക്ഷം കമീഷൻ സൈറ്റോ വാർത്താചാനലുകളോ പുതുക്കിയില്ല.

തളിപ്പറമ്പിൽ എൽഡിഎഫിന്‌ 22,689 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്‌. ആന്തൂർ നഗരസഭയിൽ എൽഡിഎഫ് പിറകോട്ടുപോയെന്ന നുണപ്രചാരണവുമുണ്ടായി. ആന്തൂരിൽമാത്രം 12,511 വോട്ടിന്റെ ലീഡുണ്ട്. എൽഡിഎഫ് കണക്കുകൂട്ടിയ ഭൂരിപക്ഷത്തിൽനിന്ന് എവിടെയും പിറകോട്ടുപോയിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ നാൽപ്പതിനായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണയുണ്ടായില്ലെന്നാണ് ചിലരുടെ പ്രചാരണം. 2016–-ൽ യുഡിഎഫ് സ്ഥാനാർഥി സമുദായസംഘടനയായ നമ്പ്യാർ മഹാസഭയുടെ പ്രതിനിധിയായിരുന്നു. യുഡിഎഫ് വോട്ടർമാരിൽ മൂന്നിലൊരുഭാഗം വോട്ടുചെയ്യാൻ പോയില്ല. ഈ തെരഞ്ഞെടുപ്പിലാകട്ടെ, കടുത്ത രാഷ്ട്രീയപോരാട്ടമാണ് നടന്നത്‌. സാമുദായിക ധ്രുവീകരണമുണ്ടാക്കുന്നരീതിയിലായിരുന്നു യുഡിഎഫ് പ്രവർത്തനം. മുസ്ലിംലീഗ് അതിനു ചുക്കാൻപിടിച്ചു. എന്നിട്ടും, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എണ്ണൂറോളം വോട്ടുകൾക്ക് പിന്നിൽപ്പോയ മണ്ഡലത്തിൽ 22,689 വോട്ടിന്റെ ഭൂരിപക്ഷം നേടി. ഇത്തവണ തളിപ്പറമ്പിൽ എൽഡിഎഫിന് ലഭിച്ച 92,870 വോട്ട് എക്കാലത്തെയും മികച്ചതാണെന്നും  എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top