Deshabhimani

വിമർശനവും സ്വയംവിമർശനവും 
ജീവശ്വാസംപോലെ പ്രധാനം: എം വി ഗോവിന്ദൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2024, 02:36 AM | 0 min read


കൊല്ലം
വിമർശനവും സ്വയംവിമർശനവും ജീവശ്വാസംപോലെ സിപിഐ എമ്മിന്‌ പ്രധാനമാണെന്ന്‌ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സമ്മേളനങ്ങളിൽ പ്രതിനിധികൾക്ക്‌ ജനറൽ സെക്രട്ടറി മുതൽ താഴോട്ട്‌ സംസ്ഥാന സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും വിമർശിക്കാം. വിമർശനത്തിന്‌ വിധേയമല്ലാത്ത ഒരു നേതാവും ഈ പാർടിയിൽ ഇല്ല. ഏതു നേതാവിനെയും മുഖത്തുനോക്കി വിമർശിക്കാനുള്ള പ്രവർത്തകരുടെ ശേഷിയാണ്‌ പാർടിയുടെ കരുത്ത്‌. അങ്ങനെയില്ലെങ്കിൽ പാർടിക്ക്‌ വളർച്ചയില്ലെന്നും സിപിഐ എം കൊല്ലം ജില്ലാ സമ്മേളനത്തിന്‌ സമാപനംകുറിച്ച്‌ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റുകാർ മാധ്യമങ്ങളുടെ സഹായത്താൽ വളർന്നുവന്നവരല്ല. പാർടിക്കെതിരെ കള്ളവാർത്ത ഉൽപ്പാദിപ്പിക്കുന്നത്‌ എത്രയോ കാലമായി തുടരുന്നു. പാർടി സമ്മേളനങ്ങൾ സംബന്ധിച്ച്‌ എന്തുകള്ളവും വിളിച്ചുപറയുന്ന അവസ്ഥയാണ്‌. കൊല്ലം ജില്ലാ സമ്മേളനത്തിൽ ആദ്യദിവസം സംസ്ഥാന സെക്രട്ടറി സംസാരിച്ചെന്നും കരുനാഗപ്പള്ളിയിലെ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചെന്നും മാധ്യമങ്ങൾ വാർത്ത നൽകി. ഞാൻ പ്രസംഗിക്കാതെ തന്നെ എന്റെ പ്രസംഗം എന്ന നിലയിൽ വാർത്തകൊടുത്ത്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ലോകത്ത്‌ കൂടുതൽ കമ്യൂണിസ്റ്റ്‌ വിരുദ്ധ ആശയങ്ങൾ മാധ്യമങ്ങൾ നിർമിക്കുന്ന നാടാണ് കേരളം. വലതുപക്ഷ ആശയങ്ങൾ നിർമിക്കുന്നതിന്‌ ഇവിടെ മാധ്യമശൃംഖലയുണ്ട്‌. 1957ലെ ഇ എം എസ്‌ സർക്കാരിനെതിരായ സഖ്യത്തിന്റെ പുതിയ രൂപമാണ്‌ ഇന്നത്തെ എൽഡിഎഫ്‌ സർക്കാരിനെതിരായ മഴവിൽസഖ്യവും. യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും ഒരുഭാഗത്തും ഹിന്ദുത്വവർഗീയ ശക്തികൾ മറുഭാഗത്തും ഈ സർക്കാരിനെതിരെ രംഗത്തുണ്ട്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ വിജയം എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി പിന്തുണയിലുള്ളതാണ്‌. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ കണ്ടതും ഈ കൂട്ടുകെട്ടാണെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
 



deshabhimani section

Related News

0 comments
Sort by

Home