31 May Wednesday

സഹകരണ സംഘങ്ങളിൽനിന്നുള്ള വിവരശേഖരണം ഫെഡറൽ തത്വങ്ങളുടെ 
ലംഘനം : എം വി ഗോവിന്ദൻ

പ്രത്യേക ലേഖകൻUpdated: Sunday Mar 12, 2023


തലയോലപ്പറമ്പ്‌
സഹകരണ സംഘങ്ങളിൽനിന്ന്‌ വിവരംശേഖരിക്കാനുള്ള കേന്ദ്ര തീരുമാനം ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എല്ലാ അധികാരങ്ങളും കേന്ദ്രീകരിക്കുന്നതിന്റെ  ഭാഗമാണിതെന്നും ജനകീയ പ്രതിരോധ ജാഥയുടെ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിനോ റിസർവ്‌ ബാങ്കിനോ ആവശ്യമായ വിവരങ്ങൾ സംസ്ഥാന സഹകരണസംഘം രജിസ്‌ട്രാർ വഴിയാണ്‌ ശേഖരിച്ചിരുന്നത്‌. അത്‌ ഒഴിവാക്കിയാണ്‌ കേന്ദ്ര ഏജൻസികൾ നേരിട്ട്‌ സംഘങ്ങളുടെ വിവരങ്ങൾക്ക്‌  നിർബന്ധിക്കുന്നത്‌. കേന്ദ്ര സഹകരണമന്ത്രാലയം സ്ഥാപിക്കുന്ന ഡാറ്റാ സെന്ററിനു വേണ്ടിയാണിത്‌. ആഭ്യന്തരമന്ത്രി അമിത്‌ഷാ നേതൃത്വം നൽകുന്ന കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ്‌ കേന്ദ്ര–- സംസ്ഥാന ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തുന്ന  വഴിവിട്ട നീക്കം. സംസ്ഥാനത്തെ 90 ശതമാനം ജനങ്ങളും ആശ്രയിക്കുന്ന സഹകരണ മേഖലയെ തകർത്ത്‌ പുരോഗതി തടയുകയെന്ന ഗൂഢലക്ഷ്യമാണ്‌ പിന്നിൽ. ഇതിനെതിരെ രാഷ്‌ട്രീയ –- നിയമ പോരാട്ടം ശക്തമാക്കും.

വൻ കുംഭകോണം നടത്തിയ അദാനിയെ രക്ഷിക്കാൻ മോദിയും അമിത്‌ഷായും വിമാന യാത്രക്കാരെ പിഴിയാൻ കൂട്ടുനിൽക്കുന്നു. അതിന്റെ ഭാഗമായാണ്‌ അദാനിയുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം ഉൾപ്പെടെ എട്ട്‌ വിമാനത്താവളങ്ങളിൽ യൂസർ ഫീ  വർധിപ്പിച്ചത്‌. 192 രൂപ നൽകിയിരുന്നത്‌ ഏപ്രിൽ ഒന്ന്‌ മുതൽ 1025 രൂപയാക്കി. അതോടെ ടിക്കറ്റ്‌ നിരക്കിൽ 1000 രൂപയുടെ വർധനയുണ്ടാകും. ചൂടിൽനിന്നും രക്ഷനേടാൻ തണ്ണീർപന്തൽ ഒരുക്കാനും കുടിവെള്ളക്ഷാമം പരിഹരിക്കാനുമുള്ള തീരുമാനത്തിലൂടെ സംസ്ഥാന സർക്കാർ ജനങ്ങൾക്കൊപ്പമാണെന്ന്‌ വീണ്ടും തെളിയിച്ചുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

തെറ്റായ പ്രവണത വച്ചുപൊറുപ്പിക്കില്ല
ഉജ്വല സംഘടനാശേഷിയുടെ ഉദാഹരണമാണ്‌ കുട്ടനാട്ടിലെ നെടുമുടിയിൽ ജനകീയ പ്രതിരോധജാഥയ്‌ക്ക്‌ ലഭിച്ച സ്വീകരണമെന്ന്‌ ജാഥാ ക്യാപ്‌റ്റൻ എം വി ഗോവിന്ദൻ. എന്നാൽ, ചില തെറ്റായ പ്രവണതകൾ കണ്ടു. അത്‌ വച്ചുപൊറുപ്പിക്കില്ല. അതിന്‌ അടിപ്പെട്ടവർ തിരുത്തണം. അതിന്റെ ഭാഗമായി പ്രസ്ഥാനത്തിന്‌ എന്ത്‌ നഷ്ടംവന്നാലും കൂസുന്നില്ല. മുമ്പും വിഭാഗീയതയെ ഫലപ്രദമായി നേരിട്ടിട്ടുണ്ട്‌. വിഭാഗീയതയുടെയും മറ്റ്‌ കാരണങ്ങളുടെയും പേരിൽ മികച്ച കേഡർമാർ മാറിനിൽക്കുകയോ നിശബ്ദരാകുകയോ ചെയ്‌തിട്ടുണ്ട്‌. അവരെയെല്ലാം ഈ പ്രസ്ഥാനത്തിന്റെ ധാരയിൽ അണിചേർക്കാനാണ്‌ തീരുമാനിച്ചിട്ടുള്ളത്‌. ജനങ്ങളാണ്‌ അവസാനവാക്കെന്നും അതിന്റെ മുകളിൽ ആരെയും പറക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ ശ്രമം 
ചരിത്രത്തിൽ വേരുണ്ടെന്ന്‌ വരുത്താൻ
ചരിത്രത്തിൽ വേരുണ്ടെന്ന്‌ വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ബിജെപി വൈക്കം സത്യഗ്രഹ വാർഷികം ആചരിക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ദേശീയ പ്രസ്ഥാനവുമായി ആർഎസ്‌എസിന്‌ ബന്ധമില്ല. നായ്‌ക്കൾക്ക്‌ പോലും നടക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന വഴിയിൽ മനുഷ്യന്‌ നടക്കാനുള്ള അവകാശത്തിന്‌ വേണ്ടിയായിരുന്നു വൈക്കം സത്യഗഹം. അന്ന്‌ അവകാശം നിഷേധിക്കപ്പെട്ടവരെ മൃഗങ്ങളേക്കാൾ മ്ലേഛരായി കണ്ടിരുന്നവരെ പിന്തുണക്കുന്നവരാണ്‌ മനുസ്‌മൃതി ആധാരമാക്കി പ്രവർത്തിക്കുന്ന ആർഎസ്‌എസ്‌ എന്നും ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.  നവോത്ഥാന മൂല്യങ്ങളെ ഉൾക്കൊണ്ട്‌ അത്‌ പ്രചരിപ്പിക്കാൻ എന്നും മുന്നിലുണ്ടായിരുന്നത്‌ ഇടതുപക്ഷമാണ്‌.

ഏത്‌ കലാരൂപത്തെയും ആർക്കും വിമർശിക്കാൻ അവകാശമുണ്ടെന്ന്‌ "കക്കുകളി' നാടകം സംബന്ധിച്ച ചോദ്യത്തിന്‌ മറുപടി നൽകി. നാടകം നാടകത്തിന്റേതായ രീതിയിൽ പോകും. പി കൃഷ്‌ണപിള്ള സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കും. ബ്രഹ്മപുരത്തെ തീപിടിത്തത്തിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്‌. അവിടത്തെ മാലിന്യക്കൂമ്പാരം പതിറ്റാണ്ടുകൾകൊണ്ട്‌ ഉണ്ടായതാണ്‌. നിലവിലെ പ്രശ്‌നങ്ങൾ സർക്കാർ പരിഹരിക്കും. ഇതിന്റെ പേരിൽ തദ്ദേശവകുപ്പിനെതിരെ ആരോപണമുയർത്തുന്നത്‌ ശരിയല്ല. ആക്ഷേപങ്ങൾ പരിശോധിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top