കണ്ണൂർ > പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ വിജിലൻസ് കേസ് ഒരു രാഷ്‌ട്രീയ പകപോക്കലുമല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സതീശൻ വിദേശത്തുനിന്ന് പിരിച്ച പണത്തിന് കണക്കില്ലെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കട്ടെയെന്നും എം വി ഗോവിന്ദൻ കണ്ണൂരിൽ പ്രതികരിച്ചു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോക്കെതിരെ വലിയ ഗൂഢാലോചനയാണ് നടന്നത്. ആരാണ് ഗൂഢാലോചന നടത്തിയതെന്ന് പുറത്തുകൊണ്ടുവരണം. ആർഷോ നൽകിയ പരാതിയും മഹാരാജാസ് കോളേജിന്റെ വ്യാജ ലെറ്റർ പാഡ് ഉപയോഗിച്ച സംഭവത്തിൽ വിദ്യക്കെതിരായ കേസും വ്യത്യസ്‌തമാണ്. രണ്ടു കേസും പൊലീസ് വേണ്ടവിധം കൈകാര്യം ചെയ്യും.
വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഐ എം അല്ല. സോളാർ കേസിലെ സി ദിവാകരന്റെ പരാമർശം സിപിഐ തന്നെ തള്ളിയതാണ്. സോളാർ കമീഷനെ നിയമിച്ചത് യുഡിഎഫാണ്. സോളാറിൽ എന്തുസംഭവിച്ചുവെന്നത് ജനങ്ങൾക്കറിയാം. ഇതിൽ സിപിഐ എമ്മിനെ പഴിചാരാൻ നോക്കേണ്ട. കോൺഗ്രസ്സിലെ ഗ്രൂപ്പ് വഴക്ക് പരിഹരിക്കാൻ അവർക്കൊരിക്കലും കഴിയില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..