15 October Tuesday
പാർടിയിൽ എന്തോ 
കുഴപ്പമാണെന്ന്‌ വരുത്താൻ 
ബോധപൂർവമായ പ്രചാരണം 
ഏറ്റെടുത്തിരിക്കുകയാണ്‌

മാധ്യമലക്ഷ്യം സമ്മേളനം ; മാധ്യമങ്ങൾ നിശ്‌ചയിക്കുന്ന അജൻഡയല്ല പാർടി സമ്മേളനങ്ങൾക്ക്‌ : എം വി ഗോവിന്ദൻ

സ്വന്തം ലേഖകൻUpdated: Saturday Sep 7, 2024


തിരുവനന്തപുരം
വസ്‌തുതയുമായി  ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ഒരു സംഘം മാധ്യമങ്ങളും പ്രതിപക്ഷവും കൊടുമ്പിരിക്കൊണ്ട്‌ പ്രചരിപ്പിക്കുന്നത്‌ സിപിഐ എം സമ്മേളനങ്ങളെ സ്വാധീനിക്കാനാണെന്ന്‌ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മാധ്യമങ്ങൾ നിശ്ചയിക്കുന്ന അജൻഡ വച്ചല്ല പാർടി സമ്മേളനങ്ങൾ നടക്കുക. ഭാവനയുള്ളവർ പല കഥകളും എഴുതിവയ്‌ക്കുന്നുണ്ട്‌.  പാർടിയിൽ കുഴപ്പമാണെന്ന്‌ വരുത്താൻ ബോധപൂർവമായ പ്രചാരണം ഏറ്റെടുത്തിരിക്കുകയാണ്‌. ഇത്‌ എക്കാലത്തുമുള്ള അജൻഡയാണെന്ന്‌  പാർടി അംഗങ്ങൾക്കറിയാം. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ നാട്ടിൽ സമ്മേളനം അലങ്കോലമായി എന്നാണ്‌ വാർത്ത. അങ്ങനെ എഴുതിയതുകൊണ്ട്‌ സമ്മേളനം അലങ്കോലമാകില്ല. പ്രാദേശികമായ കാരണങ്ങളാൽ  നിർത്തിവച്ചിട്ടുണ്ടെങ്കിൽ അത്‌ അലങ്കോലമാകലല്ല. സമ്മേളനത്തിൽ ആളുകളില്ല എന്നാണ്‌ പ്രചാരണം. ക്വാട്ട നിശ്ചയിച്ച്‌ ആളുകളെ പങ്കെടുപ്പിച്ചല്ല ബ്രാഞ്ച്‌ സമ്മേളനം ചേരുന്നത്‌. പാർടി അംഗങ്ങളാണ്‌ പങ്കെടുക്കുക. അസുഖം കാരണമോ മറ്റോ ഒഴികെ മുഴുവൻ പേരും പങ്കെടുത്താണ്‌ സമ്മേളനം ചേരുന്നത്‌. വളരെ ഗൗരവത്തോടെ തന്നെയാണ്‌ സമ്മേളനം നടന്നുവരുന്നത്‌. ഈ മാസം ബ്രാഞ്ചു സമ്മേളനങ്ങൾ പൂർത്തിയാകും.

ഫെബ്രുവരിയിൽ നടക്കേണ്ട സംസ്ഥാന സമ്മേളന കാര്യങ്ങൾ ഇപ്പോൾതന്നെ അജൻഡ വച്ച്‌ ചിലർ എഴുതുന്നുണ്ട്‌. സെക്രട്ടറിയറ്റിൽ വരുന്നവർ ആരൊക്കെയെന്ന്‌ പ്രവചിച്ചവരുണ്ട്‌. സമ്മേളനങ്ങൾ നടത്തുന്നതിനും കമ്മിറ്റികളെ തെരഞ്ഞെടുക്കുന്നതിനുമൊക്കെ നിശ്ചയിക്കപ്പെട്ട  രീതിയുണ്ട്‌. അത്‌ മാധ്യമങ്ങൾ തീരുമാനിക്കുംപോലെയല്ല. സമ്മേളനങ്ങൾ നടത്തേണ്ട രീതിയെക്കുറിച്ച്‌  ഇറക്കിയ കുറിപ്പ്‌ കൃത്യമായി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌, അത്‌ നല്ലകാര്യം–- എം വി ഗോവിന്ദൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top