01 June Thursday

കോൺഗ്രസിന്റെ ഭ്രാന്തമായ പെരുമാറ്റത്തിന്‌ കാരണം അടുത്ത തവണയും പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്ന തിരിച്ചറിവ്‌: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

ആറ്റിങ്ങൽ > സിപിഐ എമ്മിന്റെ ജനകീയപ്രതിരോധ ജാഥയിലെ വൻ ജന പങ്കാളിത്തവും രണ്ടാം പിണറായി സർക്കാരിന്റെ മികച്ച പ്രവർത്തനവും കോൺഗ്രസിനെയും യുഡിഎഫിനെയും അങ്കലാപ്പിലാക്കിയിരിക്കുകയാണെന്ന്‌ അവരുടെ സമനിലവിട്ട പെരുമാറ്റം വ്യക്തമാക്കുന്നുവെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്ന തിരിച്ചറിവാണ്‌ ഭ്രാന്തമായ പെരുമാറ്റത്തിന്‌ കാരണം.

നിയമസഭ തടസ്സപ്പെടുത്തുടുത്തുകയും സ്‌പീക്കറെപോലും ഉപരോധിക്കുകയും ചെയ്യുന്ന  പ്രതിപക്ഷം ഇപ്പോൾ സർക്കാർ സർവീസുകൾ തടസ്സപ്പെടുത്തുകയും പൊലീസിനെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുകയുമാണ്‌. നേതൃത്വത്തിനെതിരെ ശക്തമായ വികാരം കോൺഗ്രസിലും യുഡിഎഫിലും ഉയർന്നിരിക്കെ,  സർക്കാരിനെതിരെ ശക്തമായി നീങ്ങുകയാണെന്ന പ്രതീതി സൃഷ്‌ടിക്കാനാണ്‌ കലാപത്തിന്‌ പരസ്യമായി ആഹ്വാനം ചെയ്യുന്നത്‌.

രാഷ്ട്രീയമായി സിപിഐ എമ്മിനെയും എൽഡിഎഫിനെയും നേരിടാൻ കഴിയുന്നില്ലെന്നതിന്റെ സാക്ഷ്യപത്രം കുടിയാണ്‌ ഈ കലാപ ശ്രമം. അപഹാസ്യമായ ഈ നീക്കത്തെ ജനങ്ങൾ തിരിച്ചറിയുകയും അവവജ്ഞതയോടെ തള്ളിക്കളയുകയും ചെയ്യും.

സമനിലവിട്ട രീതിയിലാണ്‌ കെപിസിസി പ്രസിഡന്റ്‌ പെരുമാറുന്നത്‌. പിണറായി വിജയനെതിരെ സുധാകരൻ നടത്തിയ വ്യക്തി അധിക്ഷേപങ്ങൾ അതിനുള്ള തെളിവാണ്‌. കേരളീയ സമുഹം ഏറെ ബഹുമാനിക്കുന്ന മുഖ്യമന്ത്രിക്കെതിരെ എന്തുവിളിച്ചുപറയാമെന്ന്‌ ധരിക്കുന്നത്‌ ജീർണിച്ച രാഷ്ട്രീയസംസ്‌ക്കാരം  പേറുന്നതുകൊണ്ടാണ്‌. മുഖ്യമന്ത്രിക്കെതിരെ സുധാകരൻ ഉപയോഗിച്ച പദപ്രയോഗത്തെ യുഡിഎഫ്‌ നേതാക്കൾ അംഗീകരിക്കുന്നുണ്ടോ എന്ന്‌ വ്യക്തമാക്കണം.

കേന്ദ്ര വിഹിതം വൻതോതിൽ വെട്ടിക്കുറച്ചിട്ടും തൊഴിലുറപ്പ്‌ പദ്ധതിയിൽ കീഴിലുള്ള തൊഴിൽ ദിനം കേരളത്തിൽ കൂടിയെന്ന്‌ കേന്ദ്ര ഗ്രാമവികസനമന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ കേരളത്തിന്റെ ജനകീയ ബദൽ എന്താണെന്ന്‌ വ്യക്തമാക്കുന്നതാണ്‌. 822 കോടിരൂപയുടെ കുറവുവന്നപ്പോഴും തൊഴിൽ ദിനങ്ങൾ വെട്ടികുറക്കാനല്ല, മറിച്ച്‌ തൊഴിൽ ദിനങ്ങൾ കൂട്ടി പാവപ്പെട്ട തൊഴിലാളികളെ ചേർത്തുപിടിക്കാനാണ്‌ സംസ്ഥാന സർക്കാർ തയ്യാറായത്‌.

രാജ്യം മുഴുവൻ ഈ പദ്ധതിയിൻ കീഴിൽ തൊഴിൽ ദിനം കുറയുമ്പോഴാണ്‌  കേരളത്തിന്‌ ഈ നേട്ടം കൈവരിക്കാനായിട്ടുള്ളത്‌. കേന്ദ്രം അനുവദിച്ച പണം ഫലപ്രദമായിതന്നെ കേരളം ഉപയോഗിച്ചിട്ടുണ്ടെന്ന്‌ അമിത്‌ഷാ ഇനിയെങ്കിലും മനസ്സിലാക്കകണം. തൃശൂരിൽ അടുത്തയിടെ പ്രസംഗിച്ച അമിത്‌ഷാ കേരളത്തിന്‌ വാരിക്കോരി നൽകുവെന്ന അർഥത്തിലുള്ള കണക്കുകളാണ്‌ അവതരിപ്പിച്ചത്‌. കേരളത്തിന്റെ മികച്ച പ്രകടനം കണക്കിലെടുത്ത്‌ കുടിശ്ശിക ഉടൻ വിതരണം ചെയ്യാനും നടപടിക്രമങ്ങൾ സുതാര്യമാക്കാനും കേന്ദ്രം തയ്യാറാകണം.  

ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശും മധ്യപ്രദേശും കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനും ഛത്തീസ്‌ഗഡും തൊഴിൽ ദിനം കുറച്ചപ്പോഴാണ്‌ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും തൊഴിൽ ദിനം വർധിപ്പിക്കാൻ കേരളം തയ്യാറായത്‌ - എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top