ചീമേനി
മതനിരപേക്ഷ ഉള്ളടക്കം വേണ്ടെന്ന് വാദിക്കുന്ന ബിജെപിയുടെ വർഗീയ ധ്രുവീകരണത്തിനെതിരെ നിലപാടെടുക്കേണ്ട സമയത്ത്, റബറിന് 300 രൂപയാക്കുന്നതാണ് പ്രധാന വിഷയം എന്നനിലയിൽ കാര്യങ്ങളെ ചിലർ ചുരുക്കിക്കാണുന്നത് അപകടകരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചീമേനി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുയോഗം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
തലശേരി അതിരൂപതയുടെ പരിധിയിൽമാത്രം കേന്ദ്ര കൃഷിമന്ത്രിയടക്കം മൂന്ന് ബിജെപി എംപിമാരുണ്ട്. എന്നിട്ടും റബറിന്റെ വില താഴോട്ടാണെന്ന കാര്യം ആരും പറയുന്നില്ല. കാർഷിക വിലത്തകർച്ചക്ക് കാരണം ആസിയാൻ കരാറാണ്. അത്തരം നയം കൊണ്ടുവന്നതും തുടരുന്നതും ബിജെപി സർക്കാർ അടക്കമുള്ളവരാണ്. ആസിയാൻ കരാറിന്റെ സമയത്തുതന്നെ ശക്തമായ സമരവുമായി മുന്നോട്ടുവന്നവരാണ് ഇടതുപക്ഷം.
കേവലമായ ആനുകൂല്യം നൽകുക മാത്രമല്ല എൽഡിഎഫ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിദരിദ്രരില്ലാത്ത, ഭവനരഹിതരും- ഭൂരഹിതരുമില്ലാത്ത, തൊഴിൽരഹിതർ ഏറ്റവും കുറഞ്ഞ സമൂഹത്തെ സൃഷ്ടിച്ചെടുക്കാനുള്ള പ്രയത്‌നത്തിലാണ് രണ്ടാം പിണറായി സർക്കാർ. അങ്ങനെവന്നാൽ തങ്ങൾക്ക് നിലനിൽപ്പില്ലെന്ന് മനസിലാക്കിയാണ് കോൺഗ്രസും ബിജെപിയും സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും ലക്ഷ്യമിട്ട് അപവാദ പ്രചാരണം നടത്തുന്നത്. പാർലമെന്റ് പ്രവർത്തനം തടഞ്ഞ് ബിജെപിയും നിയമസഭയിൽ തടസ്സമുണ്ടാക്കി കോൺഗ്രസും ജനക്ഷേമ പദ്ധതികളുടെ ചർച്ച ഇല്ലാതാക്കുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..