17 January Sunday

കിഫ്‌ബിക്കെതിരെ ഇഡി: സ്പീക്കര്‍ക്ക് എം സ്വരാജ് പരാതി നല്‍കി

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020

കൊച്ചി > നിയമസഭയുടെ മേശപ്പുറത്ത് വയ്‌ക്കാത്ത സിഎജി റിപ്പോര്‍ട്ടില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റിന്റെ അന്വേഷണം സഭയുടെ അവകാശലംഘനമാണെന്നു കാണിച്ച് എം സ്വരാജ് എംഎല്‍എ സ്പീക്കര്‍ക്ക് പരാതി നല്‍കി. സഭയില്‍ വ‌യ്‌ക്കാത്ത റിപ്പോര്‍ട്ടില്‍ പരിശോധന നടത്തി ഇഡി നടപടിയിലേക്ക് കടക്കുന്നത് നിയമസഭയുടെ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയതെന്ന് എം സ്വരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിഎജി റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ഇഡി അന്വേഷണം ആരംഭിച്ചുവെന്നാണ് വാര്‍ത്തകള്‍. ഇഡിയിലെ ഒരാള്‍ അയച്ചുവെന്ന് പ്രചരിപ്പിക്കുന്ന വാട്സാപ് സന്ദേശവും പുറത്തുവന്നിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിക്കേണ്ടത് നിയമസഭയിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ്. ന്യായീകരിക്കാനാവാത്ത രാഷ്ട്രീയ ദാസ്യവേലയാണ് എല്ലാ പരിധിയും ലംഘിച്ച് ഇഡി ചെയ്യുന്നതെന്നും സ്വരാജ് പറഞ്ഞു.

ധനമന്ത്രി സംസ്ഥാന താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്. അസാധാരണ സാഹചര്യത്തിലാണ് മന്ത്രി അത്തരം നടപടി എടുത്തത്. ദേശീയ അന്വേഷണ ഏജന്‍സികള്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുകയാണ്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ പകപോക്കലുകള്‍ നടത്തുന്നതായും എം സ്വരാജ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top