കൊച്ചി
എൻഫോഴ്സ്മെന്റിന് ആവശ്യമുള്ള രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ വിസമ്മതിച്ചതിനാണ് തന്നെ കള്ളപ്പണക്കേസിൽ പ്രതിചേർത്ത് അറസ്റ്റ് ചെയ്തതെന്ന് എം ശിവശങ്കർ. കള്ളപ്പണം വെളുപ്പിക്കൽ കേസുകൾക്കുള്ള കൊച്ചിയിലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദത്തിനായി സമർപ്പിച്ച കുറിപ്പിലാണ് ഇക്കാര്യം. വലിയ സമ്മർദം ചെലുത്തുന്ന ഇഡി കഥകൾ മെനഞ്ഞുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പത്തിൽ ആക്കാനുമാണ് ശ്രമിക്കുന്നതെന്നും കുറിപ്പിൽ വിശദീകരിച്ചു.
സ്വർണക്കടത്തിനും കള്ളപ്പണം വെളുപ്പിക്കലിനും ശിവശങ്കർ പ്രതികളെ സഹായിച്ചെന്നാണ് ഒക്ടോബർ 28ന് ഇഡി നൽകിയ അറസ്റ്റ് റിപ്പോർട്ട് (ഖണ്ഡിക 7). ബാങ്ക് ലോക്കറിൽനിന്ന് കണ്ടെടുത്ത ഒരുകോടിയിലേറെ രൂപ സമ്പാദിക്കാൻ സ്വപ്നയെ സഹായിച്ചു (ഖണ്ഡിക 10).
എന്നാൽ, നവംബർ അഞ്ചിന് ഇഡി സമർപ്പിച്ച കസ്റ്റഡി നീട്ടൽ അപേക്ഷയിൽ ഈ വാദങ്ങളില്ല. ലൈഫ് പദ്ധതിയിൽനിന്ന് സ്വപ്നയ്ക്ക് കോഴ കിട്ടിയെന്നും അതിൽ ശിവശങ്കറിന്റെ സഹായം അന്വേഷിക്കണം (ഖണ്ഡിക10) എന്നുമാണുള്ളത്. നവം. 11ന് ജാമ്യാപേക്ഷയെ എതിർത്ത് ഇഡി പറഞ്ഞത്, ലോക്കറിലെ പണം ലൈഫിലെ കോഴയാണെന്നാണ്. ഒരാഴ്ച വ്യത്യാസത്തിലാണ് ഇഡി സ്വന്തം വാദം മാറ്റിയത്. കസ്റ്റംസിലെ മുതിർന്ന ഉദ്യോഗസ്ഥനെ വിളിച്ചുവെന്ന് അറസ്റ്റ് റിപ്പോർട്ടിലുണ്ട്. എന്നാൽ ഉദ്യോഗസ്ഥനാരെന്നോ എന്തിന് വിളിച്ചെന്നോ പറയുന്നില്ല.
സ്വർണക്കടത്തിനെപ്പറ്റി ശിവശങ്കറുമായി സ്വപ്ന സംസാരിച്ചിട്ടില്ലെന്ന് നവം.11ന് ഇഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു. ഇഡി പരിശോധിച്ച വാട്സാപ് സന്ദേശങ്ങളിലും നിരപരാധിത്തം തെളിവാണ്. എന്നാൽ, സന്ദേശങ്ങൾ അടർത്തിമാറ്റി പുകമറ സൃഷ്ടിക്കുകയാണ്.
താൻ ലൈഫ് മിഷന്റെ ചുമതലവഹിച്ചത് 2018 ജൂൺ ആറുമുതൽ ഡിസംബർ 16 വരെയുള്ള ആറ് മാസവും 2019 മാർച്ച് 26 മുതൽ ഒരുമാസത്തോളവുമാണ്. അതിനുശേഷമാണ് ലൈഫ് കരാർ. ലൈഫിന്റെ പ്രത്യേക ചുമതലയില്ലാത്തയാൾക്ക് യൂണിടാക് കമീഷൻ നൽകിയെന്നത് വിചിത്രമാണെന്നും കുറിപ്പിൽ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..