12 December Thursday

കൗതുകവാർത്തകൾ, 
വായിക്കുന്നത്‌... എം രാമചന്ദ്രൻ

സ്വന്തം ലേഖികUpdated: Sunday Oct 6, 2024

മലയിൻകീഴിലെ വസതിയിൽ പൊതുദർശനത്തിനു വെച്ച ആകാശവാണി വാർത്താ അവതാരകൻ എം രാമചന്ദ്രന്റെ മൃതദേഹത്തിൽ മന്ത്രി വി ശിവൻകുട്ടി പുഷ്പചക്രം സമർപ്പിക്കുന്നു. സിപിഐ എം ചാല ഏരിയ സെക്രട്ടറി ജയില്‍കുമാര്‍ സമീപം

തിരുവനന്തപുരം
ജനകൗതുക വാർത്തകൾ, അതായിരുന്നു കൗതുകവാർത്തകൾക്ക്‌ ആദ്യമിട്ട പേര്‌. പേരിൽ "ജനം' വേണോയെന്ന്‌ സ്റ്റേഷൻ ഡയറക്ടറോട്‌ ചോദിച്ചത്‌ എം രാമചന്ദ്രനും. ആദ്യം സംവിധായകനും വാർത്താവിഭാഗം ജീവനക്കാരനുമായിരുന്ന പദ്മരാജനായിരുന്നു ചുമതല. പിന്നീട്‌ പ്രതാപനെത്തി. ഒടുവിൽ ബാറ്റൺ രാമചന്ദ്രനിലേക്ക്‌.

ഡൽഹിയിൽനിന്നെത്തുന്ന ബുള്ളറ്റിൻ പരിഭാഷപ്പെടുത്തി അവതരിപ്പിക്കുന്നതിനിടെ അൽപ്പം വാമാഴികളും നാടകീയതയും ചേർക്കാൻ ആ നാടകപ്രേമി തുനിഞ്ഞു. അതോടെ കൗതുക വാർത്തകൾ മലയാളിക്ക്‌ പ്രിയപ്പെട്ടതായി. ശബ്ദത്തിലൂടെമാത്രം അറിയപ്പെട്ട രാമചന്ദ്രനെ ആളുകൾ തിരിച്ചറിഞ്ഞുതുടങ്ങിയതും അങ്ങനെയാണ്‌. 700ൽ അധികം കത്തുകൾ പരിപാടിയെയും അവതാരകനെയും പ്രശംസിച്ച്‌ തിരുവനന്തപുരത്തെ ആകാശവാണി ഓഫീസിലെത്തി. മറക്കാനാകാത്ത അനുഭവമെന്നാണ്‌ അക്കാലത്തെ അഭിമുഖങ്ങളിൽ അദ്ദേഹം വിശേഷിപ്പിച്ചത്‌.

തനിക്കുവേണ്ടി സൃഷ്‌ടിച്ച പരിപാടിയായി അദ്ദേഹം കൗതുക വാർത്തകളെ സമീപിച്ചു. 52 വർഷം നീണ്ടതായിരുന്നു എം രാമചന്ദ്രന്റെ വാർത്താവതരണ കരിയർ. യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോഴാണ് ആകാശവാണിയാണ്‌ തന്റെ ഭാവിയെന്ന്‌ രാമചന്ദ്രൻ തിരിച്ചറിഞ്ഞത്. പഠനശേഷം വൈദ്യുതി ബോർഡിൽ ക്ലർക്കായി. അഞ്ചുവർഷം മനസ്സില്ലാ മനസ്സോടെ ജോലി തുടർന്നു. പിന്നീട്‌ നിരവധി പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും ഒടുവിൽ ഡൽഹി ആകാശവാണിയിൽ കാഷ്വൽ വാർത്താ വായനക്കാരനായി.  

പുതുതലമുറ വാർത്താവതരണ രീതിയോട്‌ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്‌. ഏറ്റെടുത്തിരിക്കുന്നത് സുപ്രധാന ചുമതലയാണെന്ന തോന്നൽ പുതുതലമുറയിലെ വാർത്താ അവതാരകർക്ക് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top