26 September Saturday

ബാബറി മസ്ജിദ്‌ ലീഗ്‌ മറക്കരുത് , സമുദായ സൗഹാർദത്തിൽ വിള്ളലുണ്ടാക്കുന്ന നിലപാടെടുക്കരുത്‌ : എം എൻ കാരശേരി

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020


കോഴിക്കോട്
തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കിയതിനെ അനുകൂലിക്കുന്ന നിലപാട് മുസ്ലിംലീഗ് പുനഃപരിശോധിക്കണ മെന്ന് ഡോ. എം എൻ കാരശേരി അഭ്യർഥിച്ചു. ലീഗ് ബാബറി മസ്ജിദിനെ മറക്കരുത്‌, സമുദായ സൗഹാർദത്തിൽ വിള്ളലുണ്ടാക്കുന്ന നിലപാടെടുക്കരുത്‌. എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കാരശേരി പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിൽ ബുദ്ധപ്രതിമ തകർത്തു. 1992 ൽ ഇവിടെ ബാബറി മസ്ജിദും തകർത്തു. മതേതര -ജനാധിപത്യ വിശ്വാസികളെല്ലാം എതിർത്ത സംഭവങ്ങളാണിവ. സമാന സംഭവമാണ് തുർക്കിയിലേതും. തീർത്തും അന്യായവും മതേതര വാദികളെ വേദനിപ്പിച്ചതുമാണ്‌ ഈ സംഭവം.  കോടതിവിധി കാട്ടിയാണ്‌ തുർക്കി പ്രസിഡന്റ് ഏർദോഗൻ, മ്യൂസിയം പള്ളിയാക്കാൻ പറഞ്ഞത്. ഇവിടെ ബാബറി മസ്ജിദ് പൊളിച്ചിടത്ത് ക്ഷേത്രം പണിയുന്നതും കോടതിവിധിയുടെ പിൻബലത്തിലാണ്. വിധി തെറ്റാണ്, അത് മതേതര -ജനാധിപത്യ സമൂഹം എതിർക്കുന്നു. എന്നാൽ നിർഭാഗ്യവശാൽ ലീഗ് തുർക്കിയിൽ പള്ളിയാക്കിയതിനെ അനുകൂലിക്കുകയാണ്‌. ഇതു സംബന്ധിച്ച് ചന്ദ്രികയിൽ വന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ലേഖനം പ്രതിഷേധാർഹമാണ്.

സാദിഖലി തങ്ങൾ ചെറിയയാളല്ല. ലീഗ് ഉന്നതതല സമിതി അംഗമാണ്. ഇപ്പോഴത്തെ നിലപാട് മുസ്ലിം,- ക്രിസ്‌ത്യൻ സൗഹൃദത്തെ എങ്ങനെ ബാധിക്കുമെന്ന് തങ്ങളും ലീഗും ആലോചിക്കണമെന്നും കാരശേരി ആവശ്യപ്പെട്ടു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top