Deshabhimani

മുകേഷിനെതിരായ ആരോപണം: പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2024, 09:06 PM | 0 min read

കൊച്ചി> മുകേഷിനെതിരായ പരാതിയില്‍ പരാതിക്കാരിയായ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ലൈംഗികാതിക്രമ കേസിലാണ്  മൊഴി രേഖപ്പെടുത്തിയത്. ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. വേണ്ട തെളിവ് സഹിതം വിസ്തരിച്ചാണ് മൊഴി നല്‍കിയത്‌ . ഡിജിറ്റല്‍ തെളിവുകള്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്നും അവര്‍ വിശദീകരിച്ചു

അതേസമയം, ആരോപണം ഉന്നയിച്ച നടിയ്ക്കെതിരായ ഇലക്ട്രോണിക് തെളിവുകള്‍ മുകേഷ് അഭിഭാഷകന്‍ ജോ പോളിന് കൈമാറി.ആലുവയില്‍ താമസിക്കുന്ന നടിയുടെ പരാതിയില്‍ 7 പേര്‍ക്കെതിരെ കേസെടുത്തതിന്റെ തുടര്‍നടപടിയെന്ന നിലയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.

നടനും എം എല്‍ എയുമായ എം മുകേഷിനെതിരായ പരാതിയിലാണ് ആദ്യം രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എട്ടാം കോടതിയില്‍ 3.30 ഓടെ ആരംഭിച്ച മൊഴിയെടുപ്പ് രണ്ടര മണിക്കൂര്‍ നീണ്ടു. 

ഏഴുപേർക്കെതിരെ നടിയുടെ 
രഹസ്യമൊഴി രേഖപ്പെടുത്തി
നടന്മാർ ഉൾപ്പെടെ ഏഴുപേർക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. എറണാകുളം ചീഫ്‌ ജുഡീഷ്യൽ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കാവ്യ സോമൻ മുമ്പാകെയാണ്‌ രഹസ്യമൊഴി നൽകിയത്‌. 

അതേസമയം, പ്രത്യേക അന്വേഷകസംഘാംഗം കോസ്‌റ്റൽ എഐജി  ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ വെള്ളി രാവിലെ ആലുവയിലെ ഫ്ലാറ്റിലെത്തി നടിയുടെ വിശദമൊഴിയുമെടുത്തു. ബുധനാഴ്‌ചയും മൊഴിയെടുത്തിരുന്നു. നടന്മാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, പ്രൊഡക്‌ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു, അഭിഭാഷകൻ വി എസ്‌ ചന്ദ്രശേഖരൻ എന്നിവർക്കെതിരെയാണ്‌ നടി ഇ–-മെയിലായി പരാതി നൽകിയത്‌. ആറുകേസുകൾ രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇതിൽ മുകേഷിനും ഇടവേള ബാബുവിനും വി എസ്‌ ചന്ദ്രശേഖരനുമെതിരെ ബലാത്സംഗക്കുറ്റമാണ്‌ ചുമത്തിയിട്ടുള്ളത്‌. 
ജയസൂര്യയുടെ കേസ്‌ തിരുവനന്തപുരത്തും ബാക്കിയുള്ളവ എറണാകുളത്തുമാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌.

ഡിവൈഎസ്‌പിമാർ അന്വേഷിക്കും
ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവന്നതിനു പിന്നാലെ ഉയർന്ന ലൈംഗികാതിക്രമ പരാതികളിൽ പ്രധാനപ്പെട്ടവ ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥർ അന്വേഷിക്കും. അവർ പ്രത്യേക അന്വേഷകസംഘത്തിന്റെ ഭാഗമാകുമെന്നും കോസ്‌റ്റൽ എഐജി ജി പൂങ്കുഴലി പറഞ്ഞു. കോസ്‌റ്റൽ പൊലീസ്‌ ആസ്ഥാനത്ത്‌ ഓൺലൈനായി ചേർന്ന യോഗത്തിനുശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അവർ. മുകേഷിനെതിരായ കേസ്‌ ചേർത്തല ഡിവൈഎസ്‌പി കെ വി ബെന്നിയും വി എസ്‌ ചന്ദ്രശേഖരനെതിരായ കേസ്‌ തൃക്കാക്കര എസിപി പി വി ബേബിയും അന്വേഷിക്കുമെന്നും അവർ പറഞ്ഞു.
 



deshabhimani section

Related News

0 comments
Sort by

Home