16 September Monday

വലിയ അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമില്ല; എല്ലാ മുന്നൊരുക്കങ്ങളും എടുത്തിട്ടുണ്ട്: എം എം മണി

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019

ഇടുക്കി > നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ വലിയ അണക്കെട്ടുകള്‍ തുറക്കേണ്ട അവസ്ഥയില്ലെന്ന് മന്ത്രി എം എം മണി. ചെറിയ ഡാമുകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. കനത്ത മഴ തുടരുകയാണെങ്കിലും സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നും എല്ലാ മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഏത് പ്രതിസന്ധിയേയും നേരിടാനുള്ള മുന്‍കരുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തി വരികയാണ്. എല്ലാ ജില്ലകളിലേക്കും പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ഇടുക്കി ജില്ലയുടെ ചുമതല നല്‍കിയിട്ടുള്ളത് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിനാണ്. അദ്ദേഹം അവിടെ തമ്പടിച്ച് മേല്‍നോട്ടം നടത്തിവരികയാണ്. ഡോക്ടര്‍മാര്‍ വിശ്രമം വേണമെന്ന് പറഞ്ഞതിനാല്‍ തനിക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മഴ തുടര്‍ന്നാല്‍ ഈ നിര്‍ദേശം അവഗണിച്ച് പോകേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.

വൈദ്യുതി ബോര്‍ഡ് ഇന്നലെ യോഗം ചേര്‍ന്ന് സ്ഥിതിതികള്‍ വിലയിരുത്തി. ബോര്‍ഡ് വീണ്ടും യോഗം ചേരുന്നുണ്ട്. കഴിഞ്ഞ തവണത്തെ കെടുതി ഇപ്പോഴും പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. എന്തുണ്ടായാലും നേരിടുക മാത്രമാണ് നിര്‍ഹമുള്ളത്.

മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികള്‍ കര കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നും ഈ ജില്ലകളില്‍ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷന്‍മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ നദിക്കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശമുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top