18 February Monday

‘‘നിനക്ക‌് വോട്ട്‌ ചെയ‌്താൽ ഞാൻ നരകത്തിൽ പോകും’’

അഞ‌്ജുനാഥ‌്Updated: Tuesday Jan 22, 2019

‘‘നിനക്ക‌് വോട്ടു ചെയ്യണമെന്നോ.. ? ഒരിക്കലുമില്ല. അങ്ങനെ ചെയ‌്താൽ ഞാൻ പോകുന്നത‌് നരകത്തിലേക്കായിരിക്കും’’–- തന്റെ ആദ്യതെരഞ്ഞെടുപ്പ‌് മത്സരത്തിൽ  ബന്ധുവായ അമ്മൂമ്മയുടെ അനുഗ്രഹം ചോദിച്ചെത്തിയ എം എം ലോറൻസിന‌് കിട്ടിയ പ്രതികരണം. ‘‘ പ്രചാരണയോഗം നടത്താൻ സ്ഥലം പോലും കിട്ടുമായിരുന്നില്ല. ആ  കാലത്ത‌് നിന്നാണ‌് സിപിഐ എമ്മും ഇടതുപക്ഷവും ഇന്നത്തെ നിലയിലേക്ക‌് വളർന്നത‌്. ’’

 1970 ൽ എറണാകുളം അസംബ്ലി മണ്ഡലത്തിൽ ആദ്യമൽസരം.   കോൺഗ്രസിന്റെ എ എൽ ജേക്കബ‌് എതിർസ്ഥാനാർഥി. വോട്ട‌് അഭ്യർഥിച്ചു ചെന്നപ്പോൾ  ബന്ധുക്കളിൽ നിന്നു തന്നെ എതിർപ്പ‌്.  ‘‘ എന്റെ പിതാവിന്റെ ബന്ധുവായിരുന്നു അവർ. ഞാൻ അമ്മൂമ്മ എന്നാണ‌് വിളിച്ചിരുന്നത‌്. സ്ഥാനാർഥിയായതറിഞ്ഞപ്പോൾ നേരേ പോയി അമ്മൂമ്മയെക്കണ്ട‌് വോട്ട‌്  അഭ്യർഥിച്ചു. തരില്ലെന്നായിരുന്നു മറുപടി. കമ്യൂണിസ‌്റ്റുകാരന‌് വോട്ടു ചെയ‌്താൽ നരകത്തിൽ പോകുമെന്നായിരുന്നു കടുത്ത വിശ്വാസിയായ അമ്മൂമ്മ കരുതിയിരുന്നത‌്. അക്കാലത്ത‌് പള്ളിയുടെ പ്രചാരണവും അങ്ങനെയായിരുന്നു.’’ 

1980 ൽ ഇടുക്കിയിൽ പാർലമെന്റിലേക്ക‌് മത്സരിച്ചപ്പോഴുമുണ്ടായി രസകരമായ അനുഭവങ്ങൾ.  ‘വരത്തനായ’ ലോറൻസ‌് വലിയ മുതലാളി കുടുംബാംഗമാണെന്നും സ്വന്തമായി കപ്പൽ ഉണ്ടെന്നുമൊക്കെയായിരുന്നു എതിർപക്ഷത്തിന്റെ പ്രചാരണം. കൊച്ചിയിൽ ‘കപ്പൽ’ എന്നു പറഞ്ഞാൽ ഒരു രോഗം എന്ന‌് അർഥമുണ്ട‌്. ‘‘എനിക്കു കപ്പലില്ല. എതിർ സ്ഥാനാർഥിക്ക‌് അതുണ്ടോ എന്ന‌് അറിയില്ല’’‌ എന്ന‌് മറുപടി കൊടുത്താണ‌് എതിർപക്ഷത്തിന്റെ പ്രചാരണത്തെ നേരിട്ടത‌്.  കാര്യം മനസിലായതോടെ അവർ പത്തിമടക്കി. തെരഞ്ഞെടുപ്പിൽ ലോറൻസിനായിരുന്നു വിജയം.
 

ഇടുക്കിയിൽ പ്രചാരണത്തിന‌് നാട്ടുകാരനായ മുഹമ്മദ‌ിനെ കൂട്ടുകിട്ടി. കലക‌്ടറേറ്റിൽ നാമനിർദേശ പത്രിക സമർപ്പിച്ചു മടങ്ങവെ രാത്രിയായി. ആനയും കരടിയും പുലിയുമിറങ്ങുന്ന കാട്ടുപാതയിലൂടെ ജീപ്പിലാണ‌് വരവ‌്. മുഹമ്മ‌ദ‌് ജീപ്പിലിരുന്ന‌് പറഞ്ഞു‌കൊണ്ടിരുന്നു . ‘‘ആനേ.. നീ പ്രശ‌്നമുണ്ടാക്കല്ലേ..ഞങ്ങൾ നോമിനേഷനൊക്കെ കൊടുത്തു വരികയാണ‌്.’’ മുഹമ്മദിന്റെ തമാശ കാട്ടിലൂടെയുള്ള യാത്രയുടെ പിരിമുറുക്കം അലിയിച്ചു കളഞ്ഞെന്ന‌് എം എം ലോറൻസ‌്. 1991 ൽ തൃപ്പൂണിത്തുറയിൽ നിന്ന‌് നിയമസഭയിലേക്ക‌ും മൽസരിച്ചു.


പ്രധാന വാർത്തകൾ
 Top