18 August Sunday
സിപിഐ എമ്മിനെതിരായ ആരോപണം അടിസ്ഥാന രഹിതം

എം കെ രാഘവന്റെ കോഴ വിവാദം: പൊലീസ‌് കേസെടുക്കും; അന്വേഷണ റിപ്പോർട്ടിൽ ഡിജിപി നിയമോപദേശം തേടി

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019

തിരുവനന്തപുരം> കോഴിക്കോട‌് പാർലമെന്റ‌് മണ്ഡലം യുഡിഎഫ‌് സ്ഥാനാർഥി എം കെ രാഘവൻ  കോഴ ചോദിച്ച സംഭവത്തിൽ അദ്ദേഹത്തിനെതിരെ അടുത്ത ദിവസം പൊലീസ‌് കേസെടുക്കും. സംഭവത്തിൽ  വിശദമായ അന്വേഷണം നടത്തണമെന്നും ഒളികാമറ ദൃശ്യത്തിന്റെ എഡിറ്റ‌് ചെയ്യാത്ത യഥാർഥ ടേപ്പ‌് ഫോൻസിക‌് പരിശോധനക്ക‌് വിധേയമാക്കാൻ ക്രൈംകേസ‌് വേണമെന്നും ആവശ്യപ്പെട്ട‌് കണ്ണൂർ റേഞ്ച‌് ഐജി അജ‌ിത‌്കുമാർ സംസ്ഥാന പൊലീസ‌്  മേധാവി ലോകനാഥ‌് ബെഹ‌്റക്ക‌് റിപ്പോർട്ട‌് നൽകി.

കൈരളി ചാനൽ പുറത്തുവിട്ട ദൃശ്യവും ഒറിജിനൽ ടേപ്പിലെ ദൃശ്യവും ഒന്നുതന്നെയെന്നും ഓളികാമറക്കു പിന്നിൽ സിപിഐ എം ഗൂഢാലോചനയുണ്ടെന്ന രാഘവന്റെ പരാതി അടിസ്ഥാന രഹിതമെന്നും ഐജിയുടെ റിപ്പോർട്ടിലുണ്ട‌്. റിപ്പോർട്ട‌് ലഭിച്ചതായും ഡയറക്ടർ ജനറൽ ഓഫ‌് പ്രോസിക്യൂഷനിൽനിന്ന‌് നിയമോപദേശം തേടിയതായും പൊലീസ‌് മേധാവി അറിയിച്ചു. ഡിജിപിക്ക‌് ലഭിച്ച പരാതിയും അതോടൊപ്പം നൽകിയ കൈരളി ചാനൽ ദൃശ്യവുമാണ‌് അന്വേഷണത്തിനായി അദ്ദേഹം  ഐജിക്ക‌് കൈമാറിയത‌്.

ഡൽഹിയിൽ എത്തിയ പൊലീസ‌്  ടേപ്പിന്റെ എഡിറ്റ‌് ചെയ്യാത്ത  ഒറിജിനൽ കോപ്പി ശേഖരിച്ചു. രണ്ട‌് കോപ്പിയാണ‌് ശേഖരിച്ചത‌്. ഒന്ന‌് ഫോറൻസിക‌് പരിശോധനക്കായി സീൽവെച്ച കവറിലാണ‌്. ചാനൽ മേധാവിയുടെ വിശദമായ മൊഴിയും ടേപ്പ‌് ഒറിജിനലാണെന്ന‌് സാക്ഷ്യപ്പെടുത്തിയ കത്തും ലഭിച്ചു.   ഇതേദൃശ്യം സംസ്ഥാന തെരഞ്ഞെടുപ്പ‌് കമ്മീഷനും കോഴിക്കോട‌് കലക്ടർക്കും നൽകിയതിനൊപ്പം   കത്തിന്റെ  കോപ്പിയും പൊലീസ‌് ശേഖരിച്ചു. ഐജിയുടെ നേതൃത്വത്തിൽ  എഡിറ്റ‌് ചെയ്യാത്ത ഒറിജിനൽ ടേപ്പും ചാനലുകളിൽവന്നതും പരിശോധിച്ചു. രാഘവന്റെ മൊഴിയിൽ പറയുന്ന കാര്യങ്ങളും പൊലീസ‌് വിശകലനം ചെയ‌്തു. തുടർന്നാണ‌് വിശദമായ  അന്വേഷണത്തിന‌് ശുപാർശ ചെയ‌്തത‌്.

വിശദമായ അന്വേഷണം (ഡീറ്റയിൽഡ‌് ഇൻവസ‌്റ്റിഗേഷൻ)  നടത്താൻ നിയമപ്രകാരം എഫ‌്ഐആർ രജിസ‌്റ്റർ ചെയ്യണം. മാത്രമല്ല, സീൽചെയ‌്ത കവറിലെ ഒറിജിനൽ ദൃശ്യം ഫോറൻസിക‌് പരിശോധനക്ക‌് അയക്കാൻ  കോടതിയുടെ  നിർദേശവും വേണം. അതിനാൽ ക്രൈംകേസ‌് രജിസ‌്റ്റർ ചെയ്യൽ  നിർബന്ധമാകും. പുറത്തുവന്ന ചാനൽ ദൃശ്യവും ഒറിജിനലിൽ ടേപ്പിലെ   ദൃശ്യവും ഒന്നു തന്നെയാണെന്നാണ‌് പൊലീസ‌് കണ്ടെത്തൽ

ടി വി 9 നടത്തിയ ഒളികാമറ ഓപ്പറേഷനിൽ  ഒരു സിങ്കപ്പൂർ കമ്പനിക്ക് കോഴിക്കോട് ഹോട്ടൽ തുടങ്ങാൻ സ്ഥലം ഏറ്റെടുത്ത് നൽകണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളോട് എം കെ രാഘവൻ കോഴ ആവശ്യപ്പെടുന്നുണ്ട‌്.  കമ്മീഷൻ ആയി അഞ്ചു കോടി രൂപ രാഘവന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ദൽഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏൽപ്പിക്കണം എന്നും പണം പണമായി മതി എന്നും രാഘവൻ പറയുന്നുണ്ട്.  തെരഞ്ഞെടുപ്പ‌് ചെലവ‌് 20 കോടിയോളം വരുമെന്നാണ‌്  എം കെ രാഘവൻ പറയുന്നത‌്‌.

മദ്യവും മറ്റും കൊടുത്ത‌് രാഷ‌്ട്രീയ എതിരാളികളെ വിലക്കെടുക്കാനാണ‌് ഇത്രയും തുക  വേണ്ടിവരുന്നത‌്. എന്നാൽ ദൃശ്യം പുറത്തായതോടെ വെട്ടിലായ രാഘവൻ ദൃശ്യം കൃത്രിമമാണെന്നും  സിപിഐഎം സൃഷ‌്ടിച്ചതാണെന്നും ആരോപിച്ചു. എന്നാൽ ഐജിയുടെ റിപ്പോർട്ട‌് വന്നതോടെ ഈ വാദം പൊളിഞ്ഞു. റിപ്പോർട്ട‌് വിശദമായി പരിശോധിച്ച‌് അടിയന്തിരമായിതന്നെ നിയമോപദേശം നൽകുമെന്ന‌് ഡയറക്ടർ ജനറൽ ഓഫ‌്  പ്രോസിക്യൂഷൻസ‌് മഞ്ചേരി ശ്രീധരൻ നായർ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top