16 January Saturday

ഭൂമി ഇടപാടില്‍ നികുതി വെട്ടിപ്പ് : ഷാജിക്കും മുനീറിനുമെതിരെ ഇഡിക്ക്‌ പരാതി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 17, 2020


പ്രതിപക്ഷ ഉപനേതാവ്‌ എം കെ മുനീറിന്റെയും കെ എം ഷാജി എംഎൽഎയുടെയും വിവാദ ഭൂമി ഇടപാട്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്(ഇഡി)‌ പരാതി.  പാറോപ്പടി സെന്റ്‌ ആന്റണീസ്‌ ഫൊറോന പള്ളി അധികൃതർ സെമിത്തേരി നിർമാണത്തിനായി നീക്കിവച്ച നാലര ഏക്കർ സ്ഥലത്തിൽ 92 സെന്റ്‌ വാങ്ങിയതിന്റെ മറവിൽ നികുതിവെട്ടിപ്പ്‌ നടത്തിയെന്ന്‌ ചൂണ്ടിക്കാട്ടി ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എൻ കെ അബ്ദുൾ അസീസാണ്‌‌ പരാതിനൽകിയത്‌.

എം കെ മുനീറിന്റെ ഭാര്യ നഫീസ തോട്ടത്തിൽ, കെ എം ഷാജിയുടെ ഭാര്യ കെ എം ആശ എന്നിവരുടെ പേരിലാണ്‌ ഭൂമി രജിസ്റ്റർചെയ്‌തത്‌. 37 ലക്ഷം രൂപയാണ്‌ ‌ആധാരത്തിൽ കാണിച്ച വില. എന്നാൽ, കരാർ ഒപ്പിട്ടപ്പോൾ ‌ ഒരുകോടി രണ്ടര ലക്ഷം രൂപയാണ്‌ വിലയായി നിശ്‌ചയിച്ചത്‌. ഒമ്പത്‌ തവണയായി ഈ പണം നൽകിയതിനും  രേഖയുണ്ട്‌.

ഇരുനേതാക്കളുടെയും ബിനാമിയായി പ്രവർത്തിക്കുന്നയാളാണ്‌ കരാറിൽ ഒപ്പിട്ടത്‌. കരാർ എഴുതി 25 മാസത്തിന്‌ ശേഷമാണ്‌ പണം പൂർണമായി കൊടുത്തത്‌. 25 ലക്ഷം രൂപ ഇതിന്‌ ഇടവക വികാരിയായിരുന്ന ഫാ. ജോസ്‌ മണിമലപ്പറമ്പിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹാരമായി പിന്നീട്‌ പത്ത്‌ ലക്ഷം രൂപയും കൊടുത്തു‌. ഇത്രയും തുക ചെവഴിക്കാനുള്ള വരുമാന സ്രോതസ്സ്‌‌ ഇവർ എവിടെയും കാണിച്ചിട്ടില്ല. കള്ളപ്പണം വെളുപ്പിക്കാനും വരുമാന സ്രോതസ്സ്‌ വെളിപ്പെടുത്താതിരിക്കാനുമാണ്‌ വില കുറച്ച്‌ കാണിച്ചത്‌. രജിസ്‌ട്രേഷൻ വകുപ്പിന്‌ നൽകേണ്ട സ്‌റ്റാമ്പ്‌ ഡ്യൂട്ടി വെട്ടിപ്പ് ഇതിന്റെ മറവിൽ നടന്നിട്ടുണ്ടെന്നും  പരാതിയിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top