08 November Friday

കൊടുവള്ളിയിലെ സ്വർണക്കടത്ത്‌ : 
നിയമസഭയിൽ മുനീർ പറഞ്ഞത്‌ കള്ളം

സ്വന്തം ലേഖകൻUpdated: Thursday Oct 10, 2024


കോഴിക്കോട്‌
കൊടുവള്ളിയിലെ സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട്‌ എം കെ മുനീർ എംഎൽഎ നിയമസഭയിൽ പറഞ്ഞത്‌ കള്ളമെന്ന്‌ വ്യക്തമാവുന്നു. കൊഫെപോസ നിയമപ്രകാരം ജയിലിലടച്ച മുസ്ലിം യൂത്ത്‌ ലീഗ്‌ പ്രാദേശികനേതാവ്‌ അബുലൈസിനെ കുറ്റവിമുക്തനാക്കിയെന്നും നിലവിൽ കേസ്‌ ഇല്ലെന്നുമായിരുന്നു മുനീർ നിയമസഭയിൽ വാദിച്ചത്‌. എന്നാൽ അമാന എംബ്രേയ്‌സ് പദ്ധതി ഗവേർണിങ്‌ ബോഡി അംഗമായ അബുലൈസിന്റെ കാര്യത്തിൽ മുനീറിന്റെ നിലപാട്‌ സത്യവിരുദ്ധമാണ്‌.

2013ൽ കരിപ്പൂർ വിമാനത്താവളത്തിൽവച്ച്‌ എയർഹോസ്റ്റസിൽനിന്ന്‌ സ്വർണം പിടിച്ച കേസിലെ പ്രതിയും മുഖ്യ ആസൂത്രകനുമായിരുന്നു അബുലൈസ്. ഈ കേസ് കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ കോടതിയുടെ പരിഗണനയിലാണ്‌. ഷഹബാസ്, നബീൽ, അബുലൈസ്, ഹിറോമാസാ സെബാസ്റ്റ്യൻ, റാഹില ചീരായി എന്നിവരാണ്‌ മറ്റു പ്രതികൾ. നബീൽ ഇപ്പോഴും ഒളിവിലാണ്.

സ്വർണം പിടിക്കപ്പെട്ടപ്പോൾ ഒളിവിൽപ്പോയ അബുലൈസിനെ 2017ൽ തൃശൂരിൽനിന്നാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. തുടർന്ന്‌ ജയിലിലുമായി. കേരളത്തിനകത്തും പുറത്തുമുള്ള വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തുന്നതിൽ മുഖ്യപങ്കാളിയാണ്‌ അബുലൈസ്‌ എന്ന്‌ കസ്‌റ്റംസ്‌ വ്യക്തമാക്കിയിരുന്നു. ഈ വസ്തുത മറച്ചുവച്ചാണ് മുനീർ സഭയിൽ കള്ളം പറഞ്ഞത്‌. സ്വർണക്കടത്ത് കേസിലെ മറ്റു പ്രതികളായ ഒ കെ സലാം, റഫീഖ് അമാന എന്നിവരും അമാന എംബ്രേയ്‌സ് പദ്ധതി ഗവേർണിങ്‌ ബോഡിയിലുൾപ്പെട്ടവരാണ്‌. അവരെക്കുറിച്ച് മുനീർ മിണ്ടിയതുമില്ല. 

യുവാക്കൾക്ക്‌ വിദേശത്ത്‌ ജോലിയും താമസവും വാഗ്ദാനം ചെയ്‌ത്‌ അമാന എംബ്രേയ്‌സ് പദ്ധതിയിലൂടെ എം കെ മുനീർ എംഎൽഎ സ്വർണക്കടത്ത്‌ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ്‌ ആരോപണം. പദ്ധതി വഴി ദുബായിൽ എത്തുന്ന കൊടുവള്ളി മണ്ഡലത്തിലെ തൊഴിലന്വേഷകർക്ക്‌ രണ്ടുമാസത്തെ താമസം സൗജന്യമായി ഒരുക്കിക്കൊടുക്കുമെന്ന്‌ എംഎൽഎ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ്‌ സ്വർണക്കടത്തിനായി എംഎൽഎ കരിയർമാരെ റിക്രൂട്ട്‌ ചെയ്യുന്നുവെന്ന ആക്ഷേപം ഉയർന്നത്‌. 2021 ജൂൺ 21ന്‌ രാമനാട്ടുകരയിൽ ചരക്കുലോറി ജീപ്പിലിടിച്ച്‌ അഞ്ചുപേർ മരിക്കാനിടയായത്‌ സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണെന്ന്‌ സംഘാംഗങ്ങളിലൊരാൾ വെളിപ്പെടുത്തിയതോടെയാണ്‌ കൊടുവള്ളിയിലെ സ്വർണക്കടത്ത്‌ വീണ്ടും വാർത്തകളിൽ നിറഞ്ഞത്‌. വെട്ടിലായ എംഎൽഎയും ലീഗ്‌ നേതൃത്വവും മറുപടി പറയാനാവാതെ കള്ളം പറഞ്ഞ്‌ രക്ഷപ്പെടാനാണ്‌ ശ്രമിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top