29 October Friday

പൗരത്വ ഹർജികളിൽ സുപ്രീംകോടതിക്ക്‌ അനക്കമില്ല: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Saturday Jun 26, 2021

തൃശൂർ > ഇന്ത്യൻ പൗരത്വത്തിന്‌ മതം മാനദണ്ഡമാക്കിയ മോദിയുടെ  നടപടി അത്യന്തം ആപത്‌കരമെന്ന്‌  സിപിഐ എം പോളിറ്റ്‌ബ്യൂറോ അംഗം എം എം ബേബി പറഞ്ഞു.  പരീക്ഷണ അടിസ്ഥാനത്തിലുള്ള വർഗീയ നിയമ നിർമാണമാണിത്‌. ഭരണഘടന ലംഘിച്ചുള്ള ഈ നിയമനിർമാണത്തിനെതിരെ നൽകിയ ഹർജികൾ സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്നത്‌ അതിനേക്കാളേറെ  അപകടകരമാണ്‌. തൃശൂരിൽ ദേശാഭിമാനി  ലോക്കൽ  കമ്മിറ്റി സംഘടിപ്പിച്ച പ്രഭാഷണപരമ്പരയിൽ  ‘പുറന്തോടാകുന്ന ജനാധിപത്യം’ എന്ന വിഷയം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിഎഎ ഭരണഘടനാപരമായി നിലനിൽക്കുമോയെന്നറിയാൻ ഹർജി നൽകുമ്പോൾ സമയത്ത്‌ തീരുമാനമെടുക്കാനാണ്‌ ജനങ്ങളുടെ  നികുതിപണംകൊണ്ട്‌ ജസ്‌റ്റിസുമാർക്ക്‌  ശമ്പളം നൽകുന്നത്‌. നാഗ്‌പൂരിലെ ആർഎസ്‌എസ്‌ ആസ്ഥാനത്ത്‌ നിന്നല്ല ജസ്‌റ്റിസുമാർക്ക്‌  ശമ്പളം  ലഭിക്കുന്നത്‌.  

പാക്കിസ്ഥാൻ ബംഗ്ലദേശ്‌, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന്‌ വ്യവസ്ഥകൾക്ക്‌ വിധേയമായി ഇന്ത്യൻ പൗരത്വത്തിന്‌ അപേക്ഷിക്കുന്നവരിൽ മുസ്ലീങ്ങൾക്ക്‌ മാത്രം പൗരത്വം നൽകേണ്ടതില്ലെന്ന നിയമമാണ്‌ പാർലമെന്റ്‌ പാസാക്കിയത്‌. മറ്റു മതക്കാർക്ക്‌ തടസമില്ല.    രാജ്യത്തിന്റെ ഭരണഘടനയുടെ അന്തസത്ത തകർത്താണ്‌ ഈ നിയമം പാസാക്കിയത്‌. 

കേശാവനന്ദ ഭാരതി കേസിൽ ഭരണഘടനയുടെ അടിസ്ഥാന ഘടയെ ബാധിക്കുന്ന  ഭേദഗതി പാർലിമെന്റിന്‌ സാധ്യമല്ലെന്ന്‌  സുപ്രീകോടതിയുടെ വിശാലബഞ്ച്‌ പ്രഖ്യാപിച്ചു. പ്രത്യേക മതത്തെ അടിസ്ഥാനമാക്കി  പൗരത്വം നിഷേധിക്കുന്നത്‌ ഭരണഘടനാവിരുദ്ധമെന്ന്‌ ഒറ്റനോട്ടത്തിൽ മനസിലാക്കാനാവും. എന്നാൽ  സുപ്രീംകോടതിയിൽ നിൽകിയ ഹർജികൾ പൊടിപ്പിടിക്കുകയാണ്‌. 

രാജ്യത്ത്‌ മോദി സർക്കാർ അപ്രഖ്യാപിത അടിയന്തിരാവസ്ഥ നടപ്പാക്കുകയാണ്‌. ചിന്തകനും ജീവകാരുണ്യ പ്രവർത്തകനുമായ സ്‌റ്റാൻ സ്വാമിയെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച്‌  ഭരണവർഗം കൊല്ലാകൊല ചെയ്യുന്നു. കോവിഡ്‌ സാഹചര്യം മുതലാക്കി തീവ്രവലതുപക്ഷവൽക്കരണം  വ്യാപിക്കുന്നു.  ആർഎസ്‌എസിന്റെ മതരാഷ്‌ട്രവാദവും അടിച്ചേൽപ്പിക്കുന്നു. മാധ്യമങ്ങളെയും കീഴടക്കുകയാണ്‌.  സത്യം വിളിച്ചു പറയുന്ന പൻസാരെയേയും കൽബുർഗിയേയും ഗൗരി ലങ്കേഷിനെയും വെടിവെച്ച്‌ കൊല്ലുന്നു. ജനാധിപത്യം തകർക്കാൻ പ്രതിലോമ–-തീവ്രാദ ശക്തികൾ മതത്തേയും വർണത്തേയും വംശത്തേയും പ്രദേശത്തെയു ദുരുപയോഗപ്പെടുത്തുകയാണ്‌. അതിനെതിരെ നമ്മളൊന്നാണെന്ന സന്ദേശം വളർത്തിയെടുക്കാൻ പുരോഗമനപ്രസ്ഥാനങ്ങൾക്ക്‌ കഴിയണമെന്ന്‌ അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top