30 November Monday

ചില മാധ്യമങ്ങൾക്ക്‌ അസഹിഷ്‌ണുത മനോരോഗമായി: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020


ചില മൂല്യങ്ങളോടും വീക്ഷണങ്ങളോടും ചില മാധ്യമങ്ങൾക്കുള്ള അസഹിഷ്‌ണുത മനോരോഗം പോലെയായെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. മാധ്യമങ്ങൾ സമൂഹ നിർമിതിയിൽ വലിയ പങ്കുവഹിക്കുന്നുണ്ട്‌. എന്നാൽ, മനുഷ്യർക്ക്‌ രോഗം വരുന്നതുപോലെ മാധ്യമങ്ങൾക്കും രോഗം വരുന്നുണ്ട്‌. സാക്ഷര കേരളം എന്നു പറയാറുണ്ടെങ്കിലും സാംസ്‌കാരിക സാക്ഷരത എത്രമാത്രമുണ്ടെന്ന്‌ പരിശോധിക്കണം. പി ജി സംസ്‌കൃതി കേന്ദ്രം സംഘടിപ്പിച്ച പി ജി ഓർമദിനത്തിൽ അനുസ്‌മരണ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ ജീവിതത്തിൽ താരതമ്യമില്ലാത്ത സംഭാവന നൽകിയ മഹാനാണ്‌ പി ജി. മാനുഷികമായ ഒന്നും പി ജിക്ക്‌ അന്യമായിരുന്നില്ല. ഭാഷയ്‌ക്കും സംസ്‌കാരത്തിനും നിസ്‌തുല സംഭാവന നല്‍കി. ചിന്തയുടെയും പ്രവൃത്തിയുടെയും ലോകത്ത്‌ നടക്കുന്ന എല്ലാ പ്രവണതകളും സംഭവവികാസങ്ങളും സൂക്ഷ്‌മ ദൃഷ്ടിയോടെ വീക്ഷിച്ചു. അവയെ യുക്തി ബോധത്തോടെയും ശാസ്‌ത്രബോധത്തോടെയും ചരിത്ര ബോധത്തോടെയും അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളോടുള്ള പ്രതിബദ്ധതയോടെയും സഹപ്രവർത്തകർക്ക്‌ പകർന്നുനൽകി. ചിന്തയിലും അപഗ്രഥനത്തിലും ഉൾക്കാഴ്‌ചയിലും എംഗൽസിനോടാണ്‌ പി ജിയുടെ സാമ്യതയെന്നും അദ്ദേഹം പറഞ്ഞു. പി ജി സംസ്‌കൃതി കേന്ദ്രം എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ ആനാവൂർ നാഗപ്പൻ അധ്യക്ഷനായി.

നിയമ ഭേദഗതി സ്‌ത്രീകൾക്കെതിരായ സൈബർ ആക്രമണത്തിന്‌ അറുതിവരുത്താൻ
സ്‌ത്രീകൾക്കെതിരായ സൈബർ ആക്രമണത്തിന്‌ അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ പൊലീസ്‌ നിയമ ഭേദഗതിയെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. സൈബർ മാനഭംഗത്തിലേക്കുവരെ നീങ്ങുന്ന സാഹചര്യമുണ്ട്‌. നിയമം പ്രാവർത്തികമാക്കുമ്പോഴുണ്ടാകുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്‌ അദ്ദേഹം പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top