20 April Saturday

പ്രളയത്തിൽ വിറങ്ങലിച്ച ഹൃദയങ്ങൾക്ക‌് സാന്ത്വനമേകി ബേബി

എം സുജേഷ‌്Updated: Friday Aug 31, 2018പന്തളം
 തങ്കമ്മയുടെ വിറയ്ക്കുന്ന ശബ്ദം പ്രായാധിക്യത്തിന്റേതു മാത്രമല്ലെന്നും  പ്രളയം വിതച്ച ഭീകരതയുടെ ഭയാശങ്കയിൽ വാക്കുകൾ പതറുന്നതാണെന്നും തിരിച്ചറിയാൻ  എം എ ബേബിക്ക് അധികസമയം വേണ്ടിവന്നില്ല. അപ്പോൾതന്നെ ആ വൃദ്ധമാതാവിനെ ചേർത്തണച്ച് ബേബി പറഞ്ഞു‐ ‘‘അമ്മ ഭയക്കേണ്ടതില്ല,  പ്രളയം കൊണ്ടുപോയതെല്ലാം നമ്മൾ തിരിച്ചുപിടിക്കും, നശിച്ചുപോയ വീട് പാർടി കെട്ടിപ്പടുത്ത് നൽകും. ആ വീട് നൽകാൻ ഞാൻ ഇനിയും വരും’’. തുടർന്ന് സിപിഐ എം സമാഹരിച്ച കൈലിയും മുണ്ടും അദ്ദേഹം  പുതുവന നാലാംകുഴിയിൽ തങ്കമ്മ എന്ന 85 കാരിക്ക് നൽകി. ഇക്കുറി തങ്കമ്മയുടെ കണ്ണ് നിറഞ്ഞത് ദുരിതത്താലല്ല, പാർടിയും സർക്കാരും ഒപ്പം നിൽക്കുമെന്നതിന്റെ സന്തോഷത്താലാണെന്ന് അവിടെക്കൂടിയ നാട്ടുകാരെല്ലാം തിരിച്ചറിഞ്ഞു.

പ്രളയത്തിൽ ഒറ്റപ്പെട്ട് നാശം ഏറെ അനുഭവിച്ച പന്തളം പുതുമന കോളനിയിലെ ദുരിതക്കാഴ്ചകൾ നേരിട്ട് മനസ്സിലാക്കാനും ദുരിതബാധിതരെ ആശ്വസിപ്പിക്കാനും എത്തിയതായിരുന്നു സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പുതുമനയിൽ എത്തിയപ്പോൾ വാർഡ് അംഗം സിപിഐ എം പന്തളം ഏരിയ കമ്മിറ്റിയംഗവുമായ രാധാ രാമചന്ദ്രൻ പ്രളയം വിതച്ച ദുരിതം വിശദീകരിച്ചു. വെള്ളം വീടിന്റെ മേൽക്കൂരകൾ വരെ മുക്കിയതും ബോട്ടിൽ മത്സ്യത്തൊഴിലാളികൾ രക്ഷകരായെത്തിയതുമടക്കം അവർ വിവരിച്ചു. മഹാപ്രളയത്തിന് ആഴ്ചകൾക്ക് മുമ്പുണ്ടായ മറ്റൊരു വെള്ളപ്പൊക്കത്തിൽ തുരുത്തിൽ ഒറ്റപ്പെട്ട് ചികിത്സ ലഭിക്കും മുമ്പ് മരിച്ച പുതുമന രാധാമണിയുടെ  സഹോദരൻ പി ടി മനോജിനെയും ആശ്വസിപ്പിച്ച ശേഷം നിരവധി കുടുംബങ്ങൾ താമസിക്കുന്ന പുതുമന കോളനിയിലെ വെള്ളം കയറി നശിച്ച വീടുകൾ അദ്ദേഹം സന്ദർശിച്ചു. അവിടെ ദുരിതാശ്വാസ പ്രവർത്തനം നടത്തിയ പാർടി പ്രവർത്തകരേയും നാട്ടുകാരേയും അഭിന
ന്ദിച്ചു.

പുതിയ കേരളം പടുത്തുയർത്താൻ സിപിഐ എമ്മും സർക്കാരും ഒന്നിച്ചിറങ്ങുമെന്നും മനഃസാക്ഷിയുള്ളവരെല്ലാം ഐക്യത്തോടെ അതിനൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് പന്തളത്ത് ഉളമയിൽ വെള്ളം കയറിയ പട്ടികജാതി പ്രീ മെട്രിക്ക് വനിതാ ഹോസ്റ്റൽ വൃത്തിയാക്കുന്ന ഡിവൈഎഫ്ഐ പ്രവർത്തകരെ കണ്ടു.  എഴുപതിൽ അധികം ഡിവൈഎഫ്ഐ പ്രവർത്തകർ ദിവസങ്ങളായി ഇവിടെ ശുചീകരണം നടത്തിവരികയായിരുന്നു. അവരെ അഭിനന്ദിച്ച അദ്ദേഹം അവിടുത്തെ കുട്ടികളോടും അധികൃതരോടും വിവരങ്ങൾ ആരാഞ്ഞു. പ്രളയത്തെ നേരിടുന്നതിന് കേരളം ഹൃദയങ്ങൾ ചേർത്ത് കൈകോർത്ത് നിന്നത് ചരിത്രത്തിന്റെ ഭാഗമാകുമെന്ന് അദ്ദേഹം പറഞ്ഞു.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി ഡി ബൈജു, പി ബി ഹർഷകുമാർ, പന്തളം ഏരിയ സെക്രട്ടറി ഇ ഫസൽ, അടൂർ ഏരിയ സെക്രട്ടറി അഡ്വ. എസ് മനോജ്, പന്തളം നഗരസഭാ അധ്യക്ഷ ടി കെ സതി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top