ഇടതുപക്ഷ ഭരണത്തിന് തുടർച്ചയുണ്ടാകണം : എം എ ബേബി
കോടിയേരി ബാലകൃഷ്‌ണൻ നഗർ
(കൊട്ടിയം മയ്യനാട്)
2026ലെ തെരഞ്ഞെടുപ്പിലും കേരളത്തിൽ ഇടതുപക്ഷ സർക്കാരിന്റെ തുടർച്ചയുണ്ടാകണമെന്നും പിണറായി സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കാൻ നേതാക്കളും പ്രവർത്തകരും ജനങ്ങളിലേക്ക് ഇറങ്ങണമെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സിപിഐ എം കൊല്ലം ജില്ലാ സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. നേട്ടങ്ങൾക്കൊപ്പം കോട്ടങ്ങളും വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളും യുഡിഎഫും ബിജെപിയും എസ്‌ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമെല്ലാം ചേർന്ന് പാർടിയെയും സർക്കാരിനെയും കടന്നാക്രമിക്കുകയാണ്. സംഘടിതമായ കാലംമുതൽ കമ്യൂണിസ്റ്റുകാർക്കെതിരെ കടന്നാക്രമണമുണ്ട്. അതിന്റെ തുടർച്ചയാണ് പിണറായി സർക്കാരിനെതിരെ നടക്കുന്നത്.
ആധുനിക വിജ്ഞാനസമൂഹവും വിജ്ഞാന സമ്പദ്‌ഘടനയും മുന്നോട്ടുവച്ച ഒന്നാം പിണറായി സർക്കാരിനെ വിവാദങ്ങളിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചിട്ടും ഭരണത്തുടർച്ചയുണ്ടായി. കേന്ദ്രസർക്കാരിന് കേരളത്തോട് നിഷേധമനോഭാവമാണ്. ആർഎസ്‌എസിനെ പ്രതിരോധിക്കാൻ കോൺഗ്രസിനാകുന്നില്ല. മാത്രമല്ല, ഒളിഞ്ഞും തെളിഞ്ഞും അവരുമായി സഹകരിക്കുന്നു. രാജ്യം അപകടകരമായ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
0 comments