28 February Sunday

പ്രദേശിക സ്ഥാപനങ്ങള്‍ക്ക് രാഷ്ട്രീയത്തിനതീതമായ പിന്തുണ; കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 6, 2021

തിരുവനന്തപുരം > പ്രദേശിക സ്ഥാപനങ്ങള്‍ക്ക് രാഷ്ട്രീയത്തിനതീതമായ പിന്തുണ നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാഥമിക ഉല്‍പന്ന വിപ്ലവം വേണം. സംരംഭകരുടെ മനംമടുപ്പിക്കുന്ന സമീപനം പാടില്ല .ധനകാര്യകമ്മീഷന്‍ ശുപാര്‍ശ പരിഗണിച്ച് കൂടുതല്‍ ഫണ്ട് നല്‍കും. പ്രവാസികൾക്ക് ഓൺലൈൻ ഗ്രാമസഭ നടത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

മന്യേമന്ത്രിയുടെ പ്രസംഗത്തിലെ നിര്‍ദേശങ്ങളും പ്രഖ്യാപനങ്ങളും

1.തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ദൗത്യം ഏറ്റെടുക്കണം. ആയിരം പേര്‍ക്ക് അഞ്ചു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വിജയിപ്പിക്കുന്നതിന് ഓരോ സ്ഥാപനവും പ്രത്യേകം പദ്ധതി ആവിഷ്കരിക്കണം. കാര്‍ഷികരംഗത്ത് വലിയ തോതില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയും. ചെറുതും വലുതുമായ സംരംഭങ്ങള്‍ തുടങ്ങാന്‍ വരുന്നവര്‍ക്ക് നിയമവിധേയമായ എല്ലാ സഹാവും നല്‍കണം. സംരംഭകര്‍ പ്രാദേശിക സര്‍ക്കാര്‍ ഓഫീസ് കയറിയിറങ്ങി മനംമടുക്കുന്ന സ്ഥിതി ഉണ്ടാവരുത്. അവരെ ഒരിക്കലും ശത്രുക്കളായി കാണരുത്. അവര്‍ തൊഴില്‍ നല്‍കുന്നവരാണ് എന്ന ചിന്തയോടെ കാര്യങ്ങള്‍ നിര്‍വഹിക്കണം. സംരംഭകരുടെ പ്രശ്നങ്ങള്‍ അങ്ങോട്ട് ചെന്ന് ചോദിച്ചറിഞ്ഞ് പരിഹരിക്കണം. വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഇടപെടല്‍ ഉണ്ടാകണം.

2.ചെറുകിട ഉല്പാദരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഒരുക്കണം. സഹകരണ സംഘങ്ങളുടെ പിന്തുണയും സഹകരണവും ഇക്കാര്യത്തില്‍ ഉറപ്പാക്കണം.

3.ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സംസ്ഥാനത്ത് വിജയകരമായി മുന്നോട്ടുപോവുകയാണ്. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പുള്ള മാസങ്ങളില്‍ പരമാവധി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കണം.

4.നാട്ടില്‍ ആരും പട്ടിണികിടക്കാന്‍ പാടില്ല എന്നതാണ് സര്‍ക്കാരിന്‍റെ നയം. അതിന് വേണ്ടിയാണ് കിറ്റ് വിതരണവും കുറഞ്ഞ നിരക്കില്‍ ഉച്ചയൂണ്‍ നല്‍കുന്ന ഹോട്ടലുകളും. കുടുംബശ്രീ നേതൃത്വത്തില്‍ ഇപ്പോള്‍ 850 ജനകീയ ഹോട്ടലുകള്‍ 20 രൂപയ്ക്ക് ഉച്ചയൂണ്‍ നല്‍കുന്നുണ്ട്. ഈ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണം.

5.ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള സുഭിക്ഷ കേരളം പദ്ധതി കൂടുതല്‍ ശക്തമായി നടപ്പാക്കണം. പഴം, പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, മത്സ്യം, പാല്‍, മുട്ട, ഇറച്ചി തുടങ്ങിയ പ്രാഥമിക ഉല്‍പ്പന്നങ്ങളുടെ വര്‍ധനവിന് ഒരു വിപ്ലവം സൃഷ്ടിക്കണം - പ്രാഥമിക ഉല്‍പന്ന വിപ്ലവം. ഭക്ഷണത്തിലെ മായവും വിഷാംശവും പ്രതിരോധിക്കാനും ഇതാവശ്യമാണ്.

6.അഴിമതിക്കെതിരായ ജാഗ്രത തുടരണം. നിര്‍മാണ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സര്‍ക്കാരിന് പുറത്തുള്ള ഏജന്‍സികളെ കൂടി ഉള്‍പ്പെടുത്തിയുള്ള ഒരു സംവിധാനം പരിഗണനയിലുണ്ട്. പദ്ധതി ആസൂത്രണ-നിര്‍വഹണ സമ്പ്രദായങ്ങളില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റം അഴിമതി തടയാന്‍ സഹായിച്ചിട്ടുണ്ട്. അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള എല്ലാ പ്രവൃത്തികള്‍ക്കും ടെണ്ടറിങ്ങും ഇ-ടെണ്ടറിങ്ങും നിര്‍ബന്ധമാക്കിയതോടെ ഗുണഭോക്തൃസമിതിയെ മുന്നില്‍ നിര്‍ത്തിയുള്ള അഴിമതി ഇല്ലാതായി.

7.പദ്ധതി രൂപീകരണം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തുടങ്ങി മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുകയും നിര്‍വഹണം ഏപ്രില്‍ ഒന്നിന് തുടങ്ങുകയും ചെയ്യുന്ന രീതി സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കി.  പ്രളയവും കോവിഡുമൊന്നും ഇതിന് തടസ്സമായില്ല. 12 മാസം നീളുന്ന പദ്ധതിനിര്‍വഹണത്തിന്‍റെ നേട്ടം വളരെ വലുതാണ്. ഈ നേട്ടം നിലനിര്‍ത്തണം. 2021-22 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ നിര്‍വഹണവും ഏപ്രില്‍ ഒന്നില്‍ ഒന്നിന് ആരംഭിക്കണം.

8.സംസ്ഥാന ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിഗണിച്ച് കൂടുതല്‍ വിഭവങ്ങള്‍ പ്രാദേശിക സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ കൈമാറും. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ ബജറ്റ് വിഹിതത്തിന്‍റെ 23 ശതമാനമായിരുന്നു പ്രാദേശിക സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്നത്. പടിപടിയായി അത് 25 ശതമാനത്തിലധികമായി. ഇതിന് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കൂടുതല്‍ തുക കൈമാറുന്നുണ്ട്.

9.ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന സംയുക്ത പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് പുതിയ ഭരണ സമിതികള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് ജില്ലാ പദ്ധതികള്‍ തയ്യാറാക്കാന്‍ തുടങ്ങിയത്.

10.വികസന കാര്യത്തില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മ വികസിപ്പിച്ചെടുക്കണം. അതിന് അനുയോജ്യമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കും. ഒരുതരത്തിലുള്ള രാഷ്ട്രീയ വിവേചനവും ഉണ്ടാകില്ല. രാഷ്ട്രീയത്തിനതീതമായി പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം സര്‍ക്കാര്‍ ഉണ്ടാകും. അടുത്ത അഞ്ചുവര്‍ഷംകൊണ്ട് ജനകീയാസൂത്രണത്തില്‍ അഭിമാനകരമായ ചരിത്രം എഴുതിച്ചേര്‍ക്കണം.

11.എല്ലാതലങ്ങളിലും ക്ഷേമ-വികസന പരിപാടികള്‍ നടപ്പാക്കണം. ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസം പകരണം. അതിലൂടെ കൂടുതല്‍ ജനവിശ്വാസമാര്‍ജിക്കണം. വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചാലേ നാടിന്‍റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിയൂ.

12.പ്രളയദുരന്തങ്ങളെയും കോവിഡ് മഹാമാരിയെയും ഫലപ്രദമായി നേരിട്ടതിന് കേരളം സാര്‍വദേശീയ പ്രശംസ നേടിയിട്ടുണ്ട്. അഭിമാനകരമായ ഈ നേട്ടത്തില്‍ പ്രാദേശിക സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് വലുതാണ്. ദുരന്തനിവാരണരംഗത്തും കോവിഡ് പ്രതിരോധത്തിലും ജാഗ്രതയും ഇടപെടാനുള്ള സന്നദ്ധതയും തുടരണം.

13.നവകേരളം കര്‍മ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ പ്രാദേശിക സ്ഥാപനങ്ങളുടെ പങ്ക് വലുതാണ്. ലൈഫ് മിഷനിലൂടെ 2.5 ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നല്‍കിക്കഴിഞ്ഞു. അതുവഴി പത്തു ലക്ഷം പേര്‍ക്ക് അടച്ചുറപ്പുള്ള വീടായി. ബാക്കി വീടുകള്‍ പുരോഗമിക്കുകയാണ്. ഓരോ പ്രദേശത്തും ബാക്കിയുള്ള വീടുകള്‍ വേഗം പൂര്‍ത്തിയാക്കണം. ഇപ്പോഴത്തെ പട്ടികയില്‍ പെടാതെ പോയ അര്‍ഹതയുള്ളവര്‍ക്ക് വീട് നല്‍കാനുള്ള നടപടിയും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

14.തെരുവു വിളക്കുകള്‍ പൂര്‍ണമായി എല്‍.ഇ.ഡി.യായി മാറ്റുന്ന പദ്ധതിയാണ് നിലാവ്. കെ.എസ്.ഇ.ബിയും തദ്ദേശസ്വയംഭരണ വകുപ്പും ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. 2021 മാര്‍ച്ച് 31-നു മുമ്പ് ഇതു പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ജനുവരി 31-നകം രണ്ടു ലക്ഷം എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കണം. ഈ പദ്ധതി വിജയിപ്പിക്കുന്നതിന് നല്ല ഇടപെടല്‍ വേണം.

15.പൊതു ശൗചാലയങ്ങളുടെ നിര്‍മാണത്തിലും പരിപാലനത്തിലും കൂടുതല്‍ ശ്രദ്ധിക്കണം. ആകെ 2365 ശൗചാലയങ്ങളാണ് പണിയുന്നത്. ഇതില്‍ 1224 എണ്ണം ഈ വര്‍ഷം പൂര്‍ത്തിയാക്കണം. ഇതില്‍ 1053 ശൗചാലയങ്ങള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു കഴിഞ്ഞു.

16.തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസത്തിലും ശ്രദ്ധിക്കണം. തിരിച്ചുവന്നവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ യോഗം വിളിക്കണം. വിദേശത്തുള്ളവരുമായി ഓണ്‍ലൈനില്‍ ആശയവിനിമയം നടത്താം. ഓണ്‍ലൈനിലൂടെ പ്രവാസി ഗ്രാമസഭകള്‍ സംഘടിപ്പിക്കണം. വികസനത്തിന് സഹായകമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ ഇതുവഴി ലഭിക്കും.

17.പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണം. വീട്, വെള്ളം, കക്കൂസ്, വൈദ്യുതി തുടങ്ങിയ പ്രാഥമിക സൗകര്യങ്ങള്‍ ഇല്ലാത്ത ഒരു വീടുപോലും ഉണ്ടാകരുത്.

18.വികസനത്തിന്‍റെ മാനുഷിക മുഖത്തിന് മിഴിവേകുന്ന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ആരോഗ്യകരമായ മത്സരം വേണം. സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, കിടപ്പുരോഗികള്‍ തുടങ്ങി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും താങ്ങും തണലുമായി പ്രാദേശിക സ്ഥാപനങ്ങള്‍ നിലകൊള്ളണം. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സര്‍ക്കാര്‍ സേവനങ്ങളും മരുന്നും വീടുകളിലെത്തിക്കാനുള്ള പരിപാടി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു വിജയിപ്പിക്കുന്നതിന് പ്രാദേശിക സ്ഥാപനങ്ങളും സാമൂഹ്യസന്നദ്ധസേനാംഗങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം.

19.എല്ലാ വില്ലേജുകളിലും വൃത്തിയുള്ള പൊതുഇടങ്ങള്‍ ഉണ്ടാകണം. പ്രഭാത-സായാഹ്ന സവാരിക്കും വയോജനങ്ങള്‍ക്ക് ഒത്തുചേരാനും ഈ പൊതുഇടങ്ങളില്‍ സൗകര്യമുണ്ടാകണം.

20.കുട്ടികളിലെ വിളര്‍ച്ച കണ്ടെത്താനും പരിഹാര നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പരിപാടിയുടെ വിജയത്തിനും പ്രാദേശിക സ്ഥാപനങ്ങളുടെ നേതൃത്വപരായ ഇടപെടല്‍ ഉണ്ടാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top